ശാസ്ത്രസാഹിത്യ പരിഷത്തും പറയുന്നു കേരളത്തിനു വേണ്ട വേഗ തീവണ്ടി




കേരളത്തിന്റെ ഗതാഗത വികസനത്തിൽ ഒട്ടും മുൻഗണനയില്ലാത്തതും നിലവിൽ കേരളം നേരിട്ടു കൊണ്ടിരിക്കുന്ന സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാക്കാൻ സാധ്യതയുള്ളതുമായ സിൽവർ ലൈൻ എന്ന പേരിലുള്ള അതിവേഗ സ്റ്റാൻഡേർഡ് ഗേജ് റെയിൽപ്പാത നിർമ്മാണ പദ്ധതി കേരള സർക്കാർ പുനഃപ്പരിശോധിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. അതോടൊപ്പം ഇപ്പോഴുള്ള ലൈനിന്റെ ഇരട്ടിപ്പിക്കലിനും നിലവിലുള്ള പാതക്ക് പൂരകമായൊരു റെയിൽവേ ലൈനിനും ഇലക്ട്രോണിക് സിഗ്നലിംഗിനും വേണ്ടി കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള സർക്കാരിനോട് അഭ്യർഥിച്ചു.


കാസർകോട് മുതൽ തിരുവനന്തപുരം വരെ കേവലം 4 മണിക്കൂർ സമയം കൊണ്ട് എത്തുകയെന്നതാണ് 63941 കോടി രൂപ മുടക്കി സിൽവർ ലൈൻ നിർമ്മിക്കുന്നതിന്റെ ലക്ഷ്യമായി കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ പ്രസിദ്ധീകരിച്ച വിവരങ്ങളിലുള്ളത്. ഹൈസ്പീഡ് റെയിൽ പാതയുടെ സാധ്യതയോ അഭികാമ്യമോ അല്ല കേരളത്തിന്റെ സമഗ്ര ഗതാഗത വികസനമാണ് ഇപ്പോള്‍ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടത്.


നിലവിലുള്ള റെയിൽ പാതയുടെ 115% വരെയാണ് ട്രെയിൻ ട്രാഫിക്ക് എന്ന് കെ.ആര്‍.ഡി.സി.എല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. ഇങ്ങനെ വർദ്ധിച്ചുവരുന്ന ട്രെയിൻ ട്രാഫിക്ക് മാനേജ് ചെയ്യുന്നതിന് അനിവാര്യം എന്നതിനാലാണ് നിലവിലുള്ള ബ്രോഡ്ഗേജ് റെയിൽ പാതയ്ക്ക് പൂരകമായൊരു പാത വേണമെന്ന ആവശ്യം ഉയർന്നു വന്നിട്ടുള്ളത്. എന്നാൽ നിലവിലുള്ളതിൽ നിന്നും വ്യത്യസ്തമായി സ്റ്റാൻഡേർഡ് ഗേജ് ആയാണ് ഹൈസ്പീഡ് റെയിൽ നിർമ്മിക്കുന്നത്. ഇത് കേരളത്തിനു പുറത്തുനിന്നുള്ള യാത്രാ, ചരക്കു വണ്ടികൾക്ക് പുതിയ ലൈന്‍ അപ്രാപ്യമാക്കുകയും അതിന്റെ ഉപയോഗം ഗണ്യമായി കുറയ്ക്കുകയുമാണ് ചെയ്യുക. കോടികള്‍ ചെലവഴിക്കുമ്പോഴും നാടിന് കൂടുതൽ ഉപയോഗപ്പെടുക എന്നതിനേക്കാൾ കേരളത്തില്‍ നിലവിലില്ലാത്ത സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്നതാണ് ആധുനിക വികസനമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായേ ഇതിനെ കാണാനാവൂ.


കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആളുകള്‍ക്ക് ഗുണം ചെയ്യുന്നതും പാരിസ്ഥിതിക പ്രശ്നങ്ങള്‍ കുറഞ്ഞതുമായ പദ്ധതികള്‍ക്ക് ആയിരിക്കണം മുന്‍ഗണന. കേരളത്തിനു മൊത്തം ഗുണം ലഭിക്കുന്ന നിലവിലുള്ള ബ്രോഡ്ഗേജ് റെയില്‍വേ ലൈനിന്റെ ഇരട്ടിപ്പിക്കലും ഇലക്ട്രോണിക് സിഗ്നലിംഗും പൂർത്തിയാക്കുന്നതിന് സർക്കാര്‍ ഒട്ടും തന്നെ പ്രാധാന്യം നൽകുന്നില്ല. ഈ അവഗണന സംശയാസ്പദമാണ്. ഇതു പൂര്‍ത്തിയാക്കി നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇടവിട്ടുള്ള പാസഞ്ചർ ട്രെയിൻ / മെമു സര്‍വീസ് സംവിധാനങ്ങൾ നടപ്പാക്കിയാല്‍ കേരളത്തിന്റെ ഗതാഗത പ്രശ്നങ്ങള്‍ ഒട്ടേറെ പരിഹരിക്കാനാവും. കാസർകോടു മുതൽ തിരുവനന്തപുരം വരെയുള്ള പ്രധാന നഗരങ്ങളിൽ അതിവേഗത്തില്‍ എത്താൻ നിലവിൽ നാലു വിമാനത്താവളങ്ങളുണ്ട്. മംഗലാപുരം കൂടി പരിഗണിച്ചാല്‍ 600 കിലോ മീറ്ററിനുള്ളില്‍ അഞ്ചെണ്ണവും. അടിയന്തര സാഹചര്യങ്ങൾക്കു ഹെലികോപ്ടർ സൗകര്യവും സർക്കാർ നിയന്ത്രണത്തിൽ തന്നെ നിലവിലുണ്ട്.


സിൽവർ ലൈൻ പദ്ധതിയുടെ അടങ്കൽ തുകയിൽ 52% വായ്പയായും ബാക്കി കേന്ദ്ര സംസ്ഥാന സർക്കാറുകള്‍ വഹിക്കാനുമാണ് പദ്ധതി നിർദ്ദേശം. ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ ഇപ്പോൾ തന്നെ കടക്കെണിയിലുള്ള കേരളത്തിന്റെ സാമ്പത്തികാവസ്ഥ കൂടുതൽ പ്രതിസന്ധിയിലാകുമെന്ന് ആശങ്കയുണ്ട്. ലഭ്യമായ വിവരങ്ങൾ പ്രകാരം തിരുവനന്തപുരം മുതൽ തിരൂർ വരെയും തിരൂരിനു വടക്കോട്ട് വളവു നിവര്‍ത്തുന്ന സ്ഥലങ്ങളിലും നിലവിലുള്ള റെയിൽ പാതയോട് ചേര്‍ന്നല്ല ഇതു കടന്നു പോകുന്നത്. ഈ ദൂരത്തിൽ പാതയ്ക്ക് വേണ്ടി 15 മുതൽ 25 മീറ്റർ വരെ വീതിയിൽ ജനവാസം കുറഞ്ഞ പ്രദേശം കണ്ടെത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് നെൽപ്പാടങ്ങളുടേയും തണ്ണീർത്തടങ്ങളുടേയും ഇടനാടൻ കുന്നുകളുടേയും വലിയതോതിലുള്ള നാശത്തിനു കാരണമാകും. 532 കിലോമീറ്റർ ദൂരം വരുന്ന പാതയുടെ ഏതാണ്ട് അഞ്ചിലൊന്ന് ഭാഗവും ഉയരത്തിലുള്ള പാതയും പാലങ്ങളും തുരങ്കങ്ങളുമാണ് എന്നതിനാല്‍ നിർമ്മാണത്തിന് വലിയ അളവിൽ കരിങ്കല്ലും മണലും മണ്ണും മറ്റും വേണ്ടിവരും. അധികൃതവും അനധികൃതവുമായ കരിങ്കൽ ക്വാറികളാൽ വലിയ ദുരന്തഭീഷണി നേരിടുന്ന അവസ്ഥയില്‍ പുതിയ പാതയുടെ നിർമ്മാണം കിഴക്കൻ മലകൾക്ക് സൃഷ്ടിക്കാനിടയുള്ള പാരിസ്ഥിതിക ഭീഷണിയെക്കുറിച്ചും ആശങ്കയുണ്ട്.


കേരളജനതയെ മൊത്തത്തിൽ ബാധിക്കുന്ന ഈ പദ്ധതിയുടെ വിശദമായ പ്രൊജക്റ്റ് റിപ്പോർട്ടും (ഡി.പി.ആര്‍) പാരിസ്ഥിതികാഘാത വിലയിരുത്തലും (ഇ.ഐ.എ) പരസ്യപ്പെടുത്തി സുതാര്യവും ജനാധിപത്യപരവുമായ പൊതു ചര്‍ച്ചക്ക് (Public Hearing) കേരള സർക്കാർ തയ്യാറാകുയയാണ് ഇപ്പോള്‍ വേണ്ടത്. അതോടൊപ്പം ഇപ്പോഴുള്ള ലൈനിന്റെ ഇരട്ടിപ്പിക്കലിനും നിലവിലുള്ള പാതക്ക് പൂരകമായൊരു റെയിൽവേ ലൈനിനും ഇലക്ട്രോണിക് സിഗ്നലിംഗിനും വേണ്ടി കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഏ. പി. മുരളീധരന്‍, ജനറൽ സെക്രട്ടറി കെ.രാധൻ എന്നിവർ കേരള സർക്കാരിനോട് അഭ്യർഥിക്കുന്നതായി അറിയിച്ചു.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment