'സേവ് ആലപ്പാട്'; ഇതുവരെ നടന്ന പഠനങ്ങളും പുറത്ത് വന്ന ഞെട്ടിക്കുന്ന സത്യങ്ങളും 




കടൽ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ആലപ്പാട് പ്രദേശത്തെയും അതിന് കാരണമായ കരിമണൽ ഖനനത്തെയും കുറിച്ച് നാളിതുവരെ പല പഠനങ്ങളും ഗവേഷണങ്ങളും നടന്നിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളും വ്യക്തികളും നടത്തിയ പഠനങ്ങളിലെല്ലാം തന്നെ പ്രദേശത്തെ കരിമണൽ ഖനനം സൃഷ്ടിക്കുന്ന, ഭാവിയിൽ സൃഷ്ടിച്ചേക്കാവുന്ന ആഘാതത്തെക്കുറിച്ച് വ്യക്തമായി തന്നെ പ്രതിബാധിക്കുന്നുണ്ട്. 


കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓഷ്യൻ മാനേജ്‍മെന്റ്, ചെന്നൈ നടത്തിയ കേരളം തീരവുമായി ബന്ധപ്പെട്ട കേരളാ തീരവ്യതിയാന പഠനത്തിൽ കേരളം തീരത്ത് ഏറ്റവും കൂടുതൽ ഭൂമി നഷ്ടപ്പെട്ടത് നിലവിലെ കരിമണൽ ഖനന മേഖലയിലാണ്. 


ഖനനം ചെയ്യുന്ന കമ്പനികൾ തന്നെ നിയോഗിച്ച പഠന ഏജൻസികളായ National Institute of Interdisciplinary Science and Technology യും Centre for Earth Science Studies (CESS) ഉം നടത്തിയ പഠനത്തിൽ ഖനനം മൂലം ഈ പഞ്ചായത്തിന് പാരിസ്ഥിതിക ആഘാതം കണ്ടെത്തിയിട്ടുള്ളതാണ്. കരിമണൽ ഖനനം മൂലം തീരദേശത്തുണ്ടായ പാരിസ്ഥിതിക ആഘാതം സംബന്ധിച്ച് പല പഠന റിപ്പോർട്ടുകളും നിലവിലുണ്ട്. നാളിതുവരെ നടന്ന എല്ലാ പഠന റിപ്പോർട്ടുകളും ചെന്നെത്തുന്നത് കരിമണൽ ഖനനം മൂലം തീരദേശത്തു വരാൻ പോകുന്ന ഭീകരമായ പാരിസ്ഥിതിക ആഘാതത്തെകുറിച്ചുള്ള വെളിപ്പെടുത്തലിലാണ്.


കരിമണൽ ഖനനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം തീരദേശത്തെയും അവിടുത്തെ ജനങ്ങളെയും മറ്റു ജീവജാലങ്ങളുടെയും ആവാസകേന്ദ്രത്തെയും ജീവിതാവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് കേരളാ സർക്കാർ നിയോഗിച്ച് ശ്രീ ടി എം മഹാദേവൻ കമ്മറ്റിയുടെയും പ്രൊഫ. ത്രിവിക്രംജി കമ്മറ്റിയുടെയും നിഗമനം. മാത്രമല്ല, കേരളാ യൂണിവേഴ്‌സിറ്റിയുടെ അക്വാട്ടിക് ബയോളജി വിഭാഗത്തിൽ നിന്നും റിട്ടയർ ചെയ്‌ത പ്രൊഫ. സി എം അരവിന്ദന്റെ പഠന റിപ്പോർട്ടിൽ പറയുന്നത് കരിമണൽ ഖനനവും ബന്ധപ്പെട്ട പ്രവർത്തനങ്ങളും പ്രതികൂലമായ പാരിസ്ഥിതിക ആഘാതങ്ങൾ ഉണ്ടാക്കുമെന്നും പ്രസ്‌തുത പ്രദേശത്തെ പരമ്പരാഗത മൽസ്യ തൊഴിലാളി സമൂഹങ്ങൾക്ക് നികത്താനാവാത്ത നാശനഷ്ടങ്ങൾ സംഭവിക്കുമെന്നും കടലാക്രമണം മൂലം കടലും കരയും സന്ധിക്കുന്ന രേഖ (shore Line) യ്ക്ക് പരിക്കുണ്ടാവുമെന്നും പറയുന്നു. ഇത്തരം കടലോര കരിമണൽ ഖനനം മൂലം ചില ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങളിലെ പാരിസ്ഥിതിക ആഘാത അനുഭവങ്ങളും ശ്രീ അരവിന്ദന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നു.


ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ നിന്നും റിട്ടയർ ചെയ്‌ത ശ്രീ കെ ബാഹുലേയന്റെ ഗവേഷണ റിപ്പോർട്ടിൽ പറയുന്നത് കരിമണൽ ഖനനം കൊണ്ട് കടപ്പുറം തകർന്ന് കടലും കരയും ഒന്നായാൽ ഈ പ്രദേശത്ത് തിങ്ങിപ്പാർക്കുന്ന ജനങ്ങളെ പുനരധിവസിപ്പിക്കൽ വലിയ സാമൂഹ്യപ്രശ്‌നമാകും. മാത്രമല്ല, മറ്റു സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും കിണറുകളും മറ്റു കുടിവെള്ള സ്രോതസുകളിലും ഉപ്പുവെള്ളം കയറും. ഇതോടെ സമീപ പ്രദേശങ്ങളിലും കൃഷി നശിക്കുകയും രൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടാവുകയും ചെയ്യും.


1989 - 1991 കാലത്ത് സെസിന്റെ (CESS) ഡയറക്ടറായും ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറലായും കേരളത്തിലെ കടൽത്തീര ഭൂഗർഭ ശാസ്ത്രത്തിൽ പാണ്ഡിത്യവുമുള്ള ശ്രീ  സുബ്രതസിൻഹയും ആലപ്പാട് കരിമണൽ ഖനനത്തെ കുറിച്ച് പഠനം നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ പഠനത്തിൽ കരിമണൽ ഖനനം ഭൂരൂപ വിന്യാസത്തെയും ദൃഢതയേയും തകർക്കുമെന്നും  തീരത്തിലെയും തീരക്കടലിലെയും ജൈവജാതികളെ ബാധിക്കുമെന്നും തീരദേശ മത്സ്യത്തൊഴിലാളി സമൂഹത്തിന് ഭീകരമായ ജീവിതാഘാതം ഉണ്ടാക്കുമെന്നും പറയുന്നു. 


1962 മുതൽ 1998 വരെ സെസ്സിലെ ഡോ. എ എസ് കെ നായർ നടത്തിയ ഗവേഷണ റിപ്പോർട്ടിൽ പറയുന്നത് സാറ്റലൈറ്റ് ഡാറ്റയും കെഡസ്റ്റൽ ഭൂപടത്തിലെ നമ്പറുകളും നോക്കിയാൽ കരിമണൽ ഖനനം നടക്കുന്ന കടൽ തീരത്ത് ഒന്നര കിലോമീറ്റർ മുതൽ രണ്ടര കിലോമീറ്റർ വീതിയിൽ കര നഷ്ടപ്പെട്ടിട്ടുണ്ട്. അത് വ്യക്തമാക്കുന്ന ലിക്തോ ഭൂപടങ്ങൾ ഉണ്ട്. 


ഇത് മാത്രമല്ല ഇതുമായി ബന്ധപ്പെട്ട എല്ലാ പഠന റിപ്പോർട്ടുകളിലും തീരദേശത്തിന്റെ പാരിസ്ഥിതിക ആഘാതത്തെ കുറിച്ചാണ് പറയുന്നത്.  ആലപ്പാട് പ്രദേശത്ത് ഇതുവരെ സംഭവിച്ചതും ഖനനം തുടർന്നാൽ ഇനി വരാൻ പോകുന്ന മഹാവിപത്തുകളെയും കുറിച്ചും ശാസ്‌ത്രീയമായ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും റിപ്പോർട്ടുകളിൽ വ്യക്തമായി തന്നെ പ്രതിബാധിക്കുന്നുണ്ട്. ഈ പഠനങ്ങളെ മുഖവിലക്കെടുത്ത് അടിയന്തിര നടപടികൾക്ക് സർക്കാർ തയ്യാറായാൽ മാത്രമേ കേരളത്തിന്റെ ഭൂപടത്തിൽ ആലപ്പാട് എന്ന ഗ്രാമം ഇനിയും ഉണ്ടാവുകയുള്ളു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment