മഞ്ഞുമലത്തടാകം തകർന്നത് എങ്ങിനെയെന്ന് കണ്ടെത്താനുള്ള ശ്രമവുമായി ശാസ്ത്രജ്ഞർ




മഞ്ഞുമല ഉരുകി രൂപംകൊണ്ട തടാകം തകർന്നതാണ് ഉത്തരാഖണ്ഡിലെ പ്രളയത്തിനു കാരണമായതെന്ന നിഗമനം ബലപ്പെടുത്തി കൂടുതൽ തെളിവുകൾ. എന്നാൽ, തടാകം തകർന്നത് എന്തുകൊണ്ടെന്നു കണ്ടെത്താൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ആഗോളതാപനമാണ് മഞ്ഞുമലകൾ ഉരുകാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൂടാതെ മഞ്ഞുമലകൾക്കു സമീപം നിർമാണപ്രവർത്തനങ്ങളും മറ്റും നടത്തിയാലും മഞ്ഞുരുകിയെന്നു വരും.


തടാകത്തിലോ തടാകഭിത്തികളിലോ ശക്തമായ ഹിമപാതമുണ്ടായതാണ് തകർച്ചയ്ക്കു കാരണമായതെതെന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ ഹിമപാതമുണ്ടായതായി ഇനിയും തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ കീഴിലുള്ള സ്നോ ആൻഡ് അവലാഞ്ച് സ്റ്റഡി എസ്റ്റാബ്ലിഷ്മെന്റിലെ ഒരു ശാസ്ത്രജ്ഞൻ പറഞ്ഞു, ‘‘ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാതെ തകർച്ചയുടെ കാരണം ഉറപ്പിക്കാനാവില്ല.’’


ഉത്തരാഖണ്ഡ് മേഖലയിൽ ഹിമപാതപഠനം മുൻപു കാര്യമായി നടത്തിയിരുന്നില്ല എന്നതും അന്വേഷണത്തിന് തടസ്സമാണ്. ലഡാക്ക് മേഖലയുടെ വിശദമായ ഹിമപാത ഭൂപടം ശാസ്ത്രജ്ഞന്മാർ തയാറാക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡിൽ അടുത്തകാലത്താണ് ഹിമപാതപഠനം ആരംഭിച്ചത്. ഹിമപാതം മാത്രമല്ല, മലയിടിച്ചിലിൽ കല്ലും മണലും വന്നു വീഴുന്നത് മൂലവും മഞ്ഞുമലത്തടാകങ്ങൾ തകരാറുണ്ട്. അടുത്തകാലത്ത് മഞ്ഞുരുകി രൂപം കൊണ്ട തടാകങ്ങളാണിവയെന്നതിനാൽ അവയുടെ ഭിത്തികൾ ദുർബലമായിരിക്കും. ചെറിയ അളവിൽ കല്ലും മണലും വന്നുവീണാലും തകർന്നെന്നുവരും. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment