ശംഖുമുഖത്തിന്റെ ഭാവി എന്ത്?




തിരുവനന്തപുരത്ത് ചരിത്രപരമായും വിശ്വാസപരമായും കലാപരമായും  പ്രാധാന്യമുള്ള ശംഖുമുഖം ഇപ്പോള്‍ വന്‍ കടലാക്രമണത്താല്‍ പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞിരിക്കുന്നു. അതിന്‍റെ പുനര്‍നിര്‍മ്മാണത്തിനെ പറ്റി ചിന്തിക്കുന്നതിനൊപ്പം എന്തുകൊണ്ടാണ് കടലാക്രമണങ്ങള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്നത് എന്നും അന്വേഷിക്കേണ്ടതുണ്ട്.
സംസ്ഥാനത്ത് ഏറ്റവും അധികം കടലാക്രമണങ്ങള്‍ സംഭവിക്കുന്ന ജില്ല തിരുവനന്തപുരം ആയത് അവിചാരിതമല്ല. ഏറെ പ്രത്യേകതകളുള്ള ഇന്ത്യന്‍ മുനമ്പ്, ലക്ഷദ്വീപ് കടലിന്‍റെ സാമിപ്യം, വിഴിഞ്ഞത്തെ ആഴം കൂടിയ കടല്‍ തുടങ്ങി അനേകം പ്രത്യേകതകള്‍ നിറഞ്ഞ ഈ പ്രദേശം സുനാമിക്ക് ശേഷം ആവര്‍ത്തിച്ചുള്ള ആക്രമണത്തിന് വിധേയമായി.

സുനാമിക്കൊപ്പം സംഭവിച്ച കടല്‍ ക്ഷോഭത്തില്‍ പ്രധാനമായത് ഓഖിയായിരുന്നു.വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണത്തിന്‍റെ തുടക്കം മുതല്‍ കടല്‍ തീരങ്ങളില്‍ ഉണ്ടാകുവാന്‍ ഇടയുള്ള പ്രതിസന്ധികള്‍ വളരെ പെട്ടെന്ന് രൂക്ഷമായി. അതിനുള്ള കാരണങ്ങളെ പരിശോധിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. വിഴിഞ്ഞം നിര്‍മ്മാണ ഘട്ടത്തില്‍ പോലും പൈലിംഗും മറ്റും ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ പ്രദേശവാസികളില്‍ ഉത്ഖണ്ഠ ജനിപ്പിച്ചു.
3 കിലോ മീറ്ററിലധികം വരുന്ന പുലിമുട്ട് നിര്‍മ്മാണം മുക്കാല്‍ കിലോമീറ്റര്‍ ആകുമ്പോഴേക്കും വിഴിഞ്ഞത്തിനു വടക്കുള്ള പ്രദേശങ്ങളില്‍ കടല്‍ തീരത്തേക്ക് കയറുകയും തെക്ക് കടലിറങ്ങുകയും ചെയ്തു. മത്സ്യ ലഭ്യതയിലും ഗണ്യമായ കുറവ് അനുഭവപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കി മത്സ്യബന്ധനം ഉപേക്ഷിക്കണമെന്ന ആവശ്യം പോലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉയര്‍ന്നു. കടല്‍തീരങ്ങളുടെ സംരക്ഷണം നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. എന്നാല്‍ എന്തുകൊണ്ട് കടലാക്രമണം, എന്ന് തിരിച്ചറിഞ്ഞ് വിഷയത്തില്‍ ഇടപെടുവാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരാതെ തീരങ്ങള്‍ സുരക്ഷിതമാകില്ല.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment