നശിച്ചുകൊണ്ടിരിക്കുന്ന ശാസ്‌താംകോട്ട ശുദ്ധജല തടാകം 




ശാസ്‌താംകോട്ട ശുദ്ധജല തടാകം ബന്ധപ്പെട്ടവരുടെ അവഗണനമൂലം നാശത്തിലേക്ക് നീങ്ങുന്നു. തടാകത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥ തകർക്കുന്ന രീതിയിലാണ് കയ്യേറ്റങ്ങളും മറ്റും നടക്കുന്നത്. കുന്നത്തൂര്‍ താലൂക്കില്‍ ശാസ്താംകോട്ട, പടിഞ്ഞാറേ കല്ലട, മൈനാഗപ്പള്ളി പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന തടാകം. 


20 കിലോമീറ്റര്‍ തീര നീളമുള്ള തടാകം മറ്റു ജല സ്രോതസുകളുമായി ബന്ധപ്പെട്ടതല്ല. ലവണാംശമില്ലാത്ത തടാകത്തില്‍ പായലുകളും ജലപക്ഷി സാന്നിധ്യവുമില്ല. (ഇപ്പോള്‍ പായല്‍ മൂടിയ അടിത്തട്ട് നാശത്തിന്റെ സൂചനയാണ്) അഷ്ടമുടിക്കായല്‍ കല്ലട ആറ് എന്നിവയുടെ സാമീപ്യമുണ്ടെങ്കിലും ഇതിന്റെ ജല സംവിധാനം വേറിട്ടതാണ്.


തീരമേഖലകളിലെ പ്രകൃതി ചൂഷണത്തിന്റെ ഭാഗമായി 90 കളില്‍ തടാകം വറ്റിവരളുന്ന നിലയെത്തിയിരുന്നു. അന്ന് പരിസ്ഥിതി സ്‌നേഹികള്‍ ഊര്‍ജ്ജിത സമരവുമായി രംഗത്തിറങ്ങി. തടാകത്തിന്റെ സ്വാഭാവിക ശുദ്ധി നഷ്ടമാകുന്നുവെന്നും മലിനമാകുന്നുവെന്നും ജല ചൂഷണം അമിതമാകുന്നുവെന്നും പഠനങ്ങള്‍ കണ്ടെത്തി. സമരങ്ങള്‍ക്കിടെ തന്നെ പ്രതിദിനം മൂന്നേകാല്‍ കോടി ലിറ്റര്‍ ജലം എടുത്തിരുന്നത് രാഷ്ട്രീയ നേട്ടത്തിനായി നാലരക്കോടിയിലേക്ക് ഉയര്‍ത്തി.


സമരങ്ങളെ തുടര്‍ന്ന് നടത്തിയ പഠനങ്ങളുടെ ഭാഗമായാണ് മാനേജ്‌മെന്റ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയത്. ലക്ഷങ്ങള്‍ ചിലവിട്ട് വിദഗ്ദ്ധര്‍ നടത്തിയ പഠനങ്ങളുടെ ശുപാര്‍ശകള്‍ നടപ്പാക്കാഞ്ഞതിലും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. അന്തര്‍ദേശീയ റാംസര്‍ പട്ടികയിലുള്‍പ്പെട്ട തണ്ണീര്‍ തടമാണ് ശാസ്താംകോട്ട . പരിസ്ഥിതി സംബന്ധമായി കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ അട്ടിമറിക്കുകയും ഫണ്ട് ചെലവിടാതെ അനാസ്ഥ കാട്ടുകയും ചെയ്ത സംഭവങ്ങള്‍ ഇവിടെയുണ്ട്.


ജലചൂഷണം ഒഴിവാക്കാന്‍ കല്ലട ആറില്‍ നിന്നും ജലമെടുക്കാന്‍ വിഭാവന ചെയ്ത 19 കോടിയുടെ പദ്ധതി പൈപ്പു വിന്യാസം വരെ നടത്തി ഉപേക്ഷിച്ചതും ശ്രദ്ധേയമാണ്. അനന്ത സാധ്യതകളുള്ളതാണ് ശാസ്താംകോട്ട തടാകം. ഇക്കോ ടൂറിസം സംബന്ധിച്ച്‌ രാജ്യത്തിനു തന്നെ അഭിമാനിക്കാവുന്ന പദ്ധതി നടപ്പാക്കാനാവും. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment