തിരുവനന്തപുരത്തെ തീര പ്രദേശങ്ങൾ കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് 




അടിയന്തര ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ തീരദേശ വെള്ളപ്പൊക്കം (കോസ്റ്റൽ ഫ്ലഡ്)അടക്കമുള്ളവ രൂക്ഷമാകുമെന്നാണ് ശാസ്ത്ര‌സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി നിയോഗിച്ച വിദഗ്‌ദ്ധ സമിതിയുടെ പഠന റിപ്പോർട്ട്. കൊല്ലങ്കോട്, അടിമലത്തുറ, ചെറിയതുറ, വലിയതുറ, പൂന്തുറ, ശംഖും മുഖം, സൗത്ത് തുമ്പ തുടങ്ങിയ തീരദേശ മേഖലകളിൽ അടിയന്തര നടപടികൾ കൈക്കൊണ്ടില്ലെ ങ്കിൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും പഠനം മുന്നറിയിപ്പു നൽകുന്നു. 


മുമ്പത്തെ  അവസ്ഥയല്ല ജില്ലയിലെ തീരങ്ങൾക്ക് ഇപ്പോഴുള്ളത്. കടലാക്രമണ ഭീഷണി താരതമ്യേനെ കുറവായിരുന്ന കൊല്ലങ്കോട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും നാശനഷ്ടം ഏറുകയാണ്.കടൽ ഭിത്തികൾക്കു മുകളിലൂടെയും ഇരച്ചെത്തുന്ന കടൽ വെള്ളം തിരികെപ്പോകാതെ കെട്ടിക്കിടന്നുണ്ടാകുന്നതാണ് തീരദേശ വെള്ളപ്പൊക്കത്തിനു കാരണമാവുക. തീരത്ത് മണൽ അടിയുന്നതു പൊതുവേ ഗുണകരമാണെങ്കിലും ജില്ലയിലെ തീരങ്ങളിൽ ഇത്തരം സ്ഥലങ്ങളിൽ നിർമാണങ്ങൾ നടത്തുന്നതു ദോഷകരമാകും. 


പൂങ്കുളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇത്തരം സ്ഥലങ്ങൾ കൈയേറി കെട്ടിത്തിരിച്ച് മത്സ്യത്തൊഴിലാളികൾക്കു തന്നെ വിൽക്കുന്നതും സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൊല്ലങ്കോട് മുതൽ ഇടവ വരെയുള്ള പ്രദേശങ്ങളിൽ നിരന്തരം സഞ്ചരിച്ച് നേരിട്ടുകണ്ട് മനസ്സിലാക്കിയുമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. തീരദേശത്തെ വിവിധ മേഖലകളായി തിരിച്ച് ഓരോ മേഖലകളിലും എടുക്കേണ്ട മുൻ കരുതലുകളും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. 
 

കോവളം-പനത്തുറ മേഖല നിർമാണങ്ങൾ അനുവദിക്കരുത്. വിസ്തൃതമായിരുന്ന പനത്തുറ തീരം ഇപ്പോൾ തീരം ഇല്ലാതെ കടൽ ഭിത്തി മാത്രമായി മാറി. ഇവ സമീപ ഭാവിയിൽത്തന്നെ അടിവശം തകർന്നുപോകാൻ സാധ്യതയുണ്ട്. ബീച്ചിലേക്കിറക്കി ഇനി ഒരു നിർമാണ പ്രവർത്തനങ്ങൾക്കും അനുമതി കൊടുക്കരുതെന്ന് സമിതി ശുപാർശ ചെയ്യുന്നു. ഇവിടെ നവീകരിച്ച മാതൃകയിലുള്ള പുലിമുട്ടുകൾ സ്ഥാപിക്കുകയും മറ്റു തീര സൗഹൃദരീതികൾ നടപ്പാക്കുകയോ വേണം..
 

പൂന്തുറ-ബീമാപള്ളി ചെറിയതുറ പ്രദേശത്ത് കടലാക്രമണം കുറവാണെങ്കിലും തീരം ചെറുതായതിനാലും പുലിമുട്ടുകൾ പലയിടത്തും ഇല്ലാത്തതിനാലും വരും വർഷങ്ങ ളിൽ രൂക്ഷമായ പൂന്തുറയ്ക്കു വേണ്ടിയുള്ള കൃത്രിമ പാര് പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കണം. പൂന്തുറ പൊഴിയൂർ പ്രദേശത്തു‌ നിന്ന് മണലെടുക്കുന്നത് പൂർണമായും നിരോധിക്കണം. പൂന്തുറയ്ക്കു വേണ്ടിയുള്ള കൃത്രിമ പാര് പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കണം. പൂന്തുറ പൊഴിയൂർ പ്രദേശത്തു ‌നിന്ന് മണലെടുക്കുന്നത് പൂർണമായും നിരോധിക്കണം. ആളുകളെ മാറ്റിപ്പാർപ്പിക്കണം.ചെറിയ തുറ മുതൽ കൊച്ചുതോപ്പ് ജൂസാ റോഡുവരെ കടൽ ഭിത്തിയോടു ചേർന്ന് താമസിക്കുന്ന കുറച്ചു കുടുംബ ങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരും.
 

 

അഞ്ചുതെങ്ങിനു പുനരധിവാസ പാക്കേജ് വേണം. താഴംപള്ളി തീരത്ത് മണൽത്തീരം തീരെ ഇല്ലാതായ അവസ്ഥയാണ്. താഴം പള്ളി-അഞ്ചു‌തെങ്ങ് ഭാഗത്ത് തീര മേഖലയോടു ചേർന്ന വീടുകൾക്കും കേടു പാടുകൾ പറ്റിക്കഴിഞ്ഞു. ഇവിടുത്തെ ജനതയുടെ സംരക്ഷണത്തിന് അടിയന്തര നടപടിയെടുക്കണം. മാമ്പള്ളി, കായിക്കര, നെടുങ്കണ്ട ഉൾപ്പെടെ കടൽ ഭിത്തിക്കു പടിഞ്ഞാറ് താമസിക്കുന്നവരെ മാറ്റി പാർപ്പിക്കണം. അഞ്ചു‌ തെങ്ങ് പഞ്ചായത്തിനു വേണ്ടി സുരക്ഷയ്ക്ക് ഊന്നൽ കൊടുത്തു കൊണ്ടുള്ള പുനരധിവാസ പാക്കേജ് നടപ്പാക്കണം. കഠിനംകുളം കായൽ തീരത്തെ കരയിടിച്ചിൽ പഠനവിധേയമാക്കണമെന്നും സമിതി നിർദേശിച്ചിട്ടുണ്ട്.
 

വർക്കല, ഇടവ വർക്കല-പാപനാശം മേഖലയിലെ സന്തുലിതാവസ്ഥയും അപകടത്തിലാണ്. പാപനാശം, ഹെലിപ്പാഡ്‌ ബീച്ചുകളിലും കുന്നുകളിലും സ്ഥലത്തിന് രൂപ വ്യത്യാസം വരുത്തുന്ന ഇടപെടലുകള്‍ അനുവദിക്കരുത്. വർക്കല, ഇടവ കുന്നുകളിലെ അനധികൃത നിർമാണങ്ങൾ തടയണം. ഇപ്പോൾ നടന്നു വരുന്ന നിർമ്മാണ പ്രവർത്തികൾ നിർത്തിവെപ്പിക്കാൻ വർക്കല മുനിസിപ്പാലിറ്റിയും ഇടവ പഞ്ചായത്ത് നടപടികളെടുക്കണം.ഇടവ പൊഴിയുടെ വശങ്ങളിലുള്ള തീരത്തും നിർമ്മാണങ്ങൾ അനുവദിക്കരുത്. വിദേശീയർ ഏറ്റവും കൂടുതൽ എത്തുന്ന സംസ്ഥാനത്തെ തന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ കോവളം, പൂവാർ, വർക്കല എന്നിവിട ങ്ങളിലെ ആവാസ വ്യവസ്ഥയും ഭൂ പ്രകൃതിയും തീരവും അതിന്റെ തനിമയോടെ നില നിർത്തണം. എങ്കിലേ ഈ മേഖല നില നിൽക്കൂ. ഒപ്പം തീര ദേശവാസികളുടെ അർഹിക്കുന്ന രീതിയിലുള്ള പങ്കാളിത്തവും ഉറപ്പാക്കേണ്ടതുണ്ട്. തീര ശോഷണത്തിനു കാരണമാവുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ടൂറിസം മേഖലയുടെ വികസനത്തിനു വിഘാതമാകും.


സംസ്ഥാനത്തെ 70% തീരങ്ങളും കടലാക്രമണത്താൽ ബുദ്ധിമുട്ടുകയാണ്.അതിൽ തന്നെ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്നത് തിരുവനന്തപുരം തീരമാണെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുകയാണ് ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പഠനം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment