ഗര്‍ഭിണിയായ കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തില്‍ ആറ് പേർ പിടിയിൽ 




ഗര്‍ഭിണിയായ കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തില്‍ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. പുഞ്ച സ്വദേശികളായ പുല്ലാര അബു എന്ന നാണിപ്പ (47), പാറോത്തൊടിക മുഹമ്മദ് ബുസ്താന്‍ (30), തലക്കോട്ടുപുറം മുഹമ്മദ് അന്‍സിഫ് (23), ചെമ്മല ആഷിഖ് (27), പിലാക്കല്‍ സുഹൈല്‍ (28) എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. സംഭവത്തില്‍ കഴിഞ്ഞ ദിവസം ഒരാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ച് പേരെ കൂടി വനം വകുപ്പ് അറസ്റ്റ് ചെയ്തത്. പുഞ്ച നറുക്കില്‍ സുരേഷ് ബാബുവാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.


ആഗസ്റ്റ് 10നാണ് പ്രതികള്‍ ഗര്‍ഭിണിയായ കാട്ടുപോത്തിനെ വേട്ടയാടിയത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അബുവിന്റെ വീട്ടില്‍ നിന്നും 25 കിലോയോളം ഇറച്ചി പിടിച്ചെടുത്തിരുന്നു. സംഭവശേഷം ഒളിവില്‍ പോയ പ്രതികളെ സുരേഷ് ബാബുവില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.


സ്വന്തം തോക്ക് ഉപയോഗിച്ചാണ് അബു കാട്ടു പോത്തിനെ വേട്ടയാടിയതെന്ന് അധികൃതര്‍ അറിയിച്ചു. വയര്‍ കീറി പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഭ്രൂണത്തെയും സംഘം വെട്ടിമുറിച്ചു. പിന്നീട് തലയോട്ടി അടക്കമുള്ള അവശിഷ്ടങ്ങള്‍ കാട്ടില്‍ പലയിടത്തായി ഉപേക്ഷിച്ചു. അവയില്‍ ചിലത് പ്രതികള്‍ കാണിച്ചു കൊടുത്തത് പ്രകാരം വനം വകുപ്പ് കണ്ടെടുത്തു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment