അനധികൃതമായി നികത്തിയ വയൽ മണ്ണ് മാറ്റി പൂർവ്വസ്ഥിതിയിലാക്കി




കല്ലമ്പലം : സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയ വയൽ മണ്ണ് മാറ്റി പൂർവ്വസ്ഥിതിയിലാക്കി. നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലുൽപ്പെട്ട മുട്ടിയറ ഏലായിലെ കോട്ടറക്കോണം ഭാഗത്താണ് നികത്തിയ വയൽ മണ്ണ് ജെസിബിയും ടിപ്പറും ഉപയോഗിച്ച് നീക്കം ചെയ്യിച്ചത്. നിലം പൂർവ്വ സ്ഥിതിയിലാക്കാൻ കളക്ടർ ഉത്തരവിട്ടതിനെതുടർന്ന് കുടവൂർ വില്ലേജാഫീസർ സജു. ആർ .എസ്, അസി. വില്ലേജാഫീസർമാരായ ബോബി, ബിനുകുമാർ എന്നിവർ ചേർന്നാണ് ഉത്തരവ് നടപ്പിലാക്കിയത്.


ആറ് മാസം മുൻപാണ് സ്വകാര്യ വ്യക്തി അനധികൃതമായി നിലം മണ്ണിട്ട്‌ നികത്തിയത്. ഇത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടർന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കുടവൂർ വില്ലേജ് കമ്മിറ്റി കളക്ടർക്ക് നൽകിയ പരാതിയിൽ കുടവൂർ വില്ലേജ് അധികൃതർ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നൽകിയതിനെതുടർന്നാണ് കളക്ടർ ഗോപാലകൃഷ്ണൻ മണ്ണ് നീക്കം ചെയ്ത് നിലം പൂർവ്വ സ്ഥിതിയിലാക്കാൻ ഉത്തരവിട്ടത്.

 
നാവായിക്കുളം പഞ്ചായത്തിൽ വ്യാപകമായി നിലങ്ങളും തണ്ണീർ തടങ്ങളും നികത്തുന്നുണ്ട്. ആദ്യമായാണ് നികത്തിയ നിലം പൂർവ്വ സ്ഥിതിയിലാക്കിയത്. നിലം നികത്തലിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കുടവൂർ വില്ലേജ് കമ്മിറ്റി പ്രസി. സക്കീർ , സെക്രട്ടറി വിജിൻ എന്നിവർ അറിയിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment