ശബ്‌ദ മലിനീകരണം: തിരുവനന്തപുരത്ത് തത്സമയ ശബ്ദ നിയന്ത്രണ മോണിറ്ററിംഗ് സ്‌റ്റേഷനുകള്‍ വരുന്നു




തിരുവനന്തപുരം: നഗരത്തിലെ ശബ്ദ മലിനീകരണം നിയന്ത്രിക്കാനായി തത്സമയ ശബ്ദ നിയന്ത്രണ മോണിറ്ററിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മലിനീകരണ നിയന്ത്രണ ബോര്‍ഡ്.  തിരുവനന്തപുരത്തിനു പുറമെ എറണാകുളത്തും പദ്ധതി നടപ്പാക്കും. 365 ദിവസവും 24 മണിക്കൂറും ശബ്ദനില തുടര്‍ച്ചയായി നിരീക്ഷിക്കും. പദ്ധതിക്കായി ആഗോള ടെന്‍ഡറുകള്‍ ബോര്‍ഡ് ക്ഷണിച്ചു.


രണ്ട് സ്ഥലങ്ങളില്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡും കേന്ദ്രീകൃത നെറ്റ്വര്‍ക്കിംഗ് സിസ്റ്റവും ഉപയോഗിച്ച്‌ തുടര്‍ച്ചയായ, തത്സമയ ശബ്ദ മലിനീകരണം അളക്കല്‍ സംവിധാനം (ആര്‍ടിഎന്‍എല്‍എംഎസ്) സ്ഥാപിക്കാനാണ് ബോര്‍ഡിന്റെ നീക്കം.


മോണിറ്ററിംഗ് സ്റ്റേഷനില്‍ രേഖപ്പെടുത്തുന്ന ശബ്ദ മലിനീകരണത്തിന്റെ തോത് ഓണ്‍ലൈനിലൂടെ തല്‍ക്ഷണം കൈമാറ്റം ചെയ്യപ്പെടുകയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ആസ്ഥാനത്ത് നല്‍കിയിട്ടുള്ള സെന്‍ട്രല്‍ സെര്‍വര്‍ നെറ്റ്വര്‍ക്കിംഗ് സിസ്റ്റത്തില്‍ സൂക്ഷിക്കുകയും ചെയ്യും. അന്തരീക്ഷ വായുവിന്റെ ഗുണനിലവാരത്തിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇതിനകം തത്സമയ നിരീക്ഷണ സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.


നിലവില്‍, ഒരു നിശ്ചിത സമയത്തേക്കാണ് ശബ്ദ മലിനീകരണം രേഖപ്പെടുത്തുന്നത്. തത്സമയ നിരീക്ഷണ സംവിധാനം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍, ഡാറ്റ എപ്പോള്‍ വേണമെങ്കിലും റെക്കോര്‍ഡ് ചെയ്യാനും പ്രോസസ്സ് ചെയ്യാനും കേന്ദ്രീകൃത സെര്‍വറില്‍ സംഭരിക്കാനും കഴിയുമെന്ന് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നഗരത്തിലെ വിവിധ ശബ്ദ മലിനീകരണ സ്രോതസ്സുകള്‍ തിരിച്ചറിയുന്നതില്‍ തത്സമയ ശബ്ദ മലിനീകരണം അളക്കല്‍ സംവിധാനം ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment