ഒരു ഗ്രാമത്തെ ലോറിയിലാക്കി കൊണ്ടുപോകുമ്പോഴും നടപടിയെടുക്കേണ്ടവർ കണ്ണടച്ചിരിക്കുകയാണ് 




സ്വന്തം നാടിനെ ലോറിയിൽ കയറ്റിക്കൊണ്ടു പോകുമ്പോൾ, പ്രതികരിക്കേണ്ടവരും തടയേണ്ടവരുമെല്ലാം മൗനം പാലിക്കുകയാണ്. ഉത്തരവാദിത്വപെട്ടവർ പണത്തിന്റെ സ്വാധീനത്തിൽ അടിമകളായി കഴിഞ്ഞു. നിങ്ങളുടെ മൗനവും ഒരു ദിനം അവസാനിക്കും, പക്ഷേ, അപ്പോൾ ചവിട്ടി നിൽക്കാൻ മണ്ണ് ബാക്കിയുണ്ടാകണമെന്നില്ല.

പരിസ്ഥിതി പ്രവർത്തകൻ സ്റ്റാൻലി ജോസഫ് എഴുതുന്നു....


ആരുമില്ലാത്തവർക്ക് ദൈവം ഉണ്ടാകുമെന്ന് കേട്ടിട്ടുണ്ട്. എന്നാൽ ചെങ്ങളം എന്ന ഞങ്ങളുടെ ഗ്രാമത്തിന് ആരുണ്ട് തുണ എന്ന ആവലാതിയിലാണ് ഞങ്ങൾ. രക്ഷിക്കാൻ ആരുമില്ലാതെ ഒരു ദേശത്തെ മുഴുവനായി ലോറിയിൽ കയറ്റിക്കൊണ്ടു പോകുകയാണ്. കാണേണ്ട ആരും തന്നെ ഈ കാഴ്ച്ച കാണുന്നില്ല. അല്ലെങ്കിൽ കണ്ടിട്ടും കണ്ണടക്കുകയാണ്.


കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിലെ അകലക്കുന്നം പഞ്ചായത്തിലെ ചെങ്ങളം എന്ന ഗ്രാമം പക്ഷികളുടെ കലമ്പലും തോട്ടിലെ നീരൊഴുക്കിന്റെ ശബ്ദവുമെല്ലാമായി ഏറെ പരിസ്ഥിതിയോട് ഇണങ്ങി കിടന്നിരുന്ന ഒരു പ്രദേശമായിരുന്നു. എന്നാൽ മാഫിയയുടെ നോട്ടം ഇവിടേക്ക് എത്തിയത് മുതൽ ഇവയ്ക്ക് പകരം കേൾക്കുന്നത് മണ്ണുമാന്തി യന്ത്രത്തിന്റെ മുരളലും പാറപൊട്ടിക്കുന്ന കംപ്രസ്സറുകളുടെ ശബ്‍ദവും കാതടപ്പിക്കുന്ന വെടിയൊച്ചകളും മാത്രമായി. ശാന്തമായി കിടന്നിരുന്ന അന്തരീക്ഷം നൂറുകണക്കിന് ലോറികളുടെ പ്രവാഹത്താൽ പൊടിമയമായി മാറി.


2010 ജൂലൈ 27 ന് കേവലം 8 .07 ares ൽ പ്രവർത്തിച്ചിരുന്ന കരിങ്കൽ ക്വാറി ഇന്ന് മുപ്പത് ഏക്കറോളം പരന്ന് കിടക്കുകയാണ്. ഇതിൽ പത്ത് ഏക്കറോളം ഇതുവരെ പൊട്ടിച്ച് കഴിഞ്ഞു. ബാക്കി സ്ഥലങ്ങളിലേക്ക് അധികം വൈകാതെ പാറപൊട്ടിക്കൽ തുടരും. പ്രദേശവാസിയായ മഠത്തികൊഴിഞ്ഞൂർ ജോസെഫിന്റെ പറമ്പിൽ പ്രവർത്തിച്ചുവന്നിരുന്ന പാറമട പാലത്ര കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വാങ്ങി നടത്താൻ തുടങ്ങിയതോടെ ഒരു നാടിന്റെ ശാപം തുടങ്ങുകയായിരുന്നു.


അകലക്കുന്നം പഞ്ചായത്തിലെ വാർഡ് എട്ടിൽ പ്രവർത്തിക്കുന്ന ഈ പാറമടയുടെ സമീപം താമസിച്ചിരുന്ന നിരവധി കുടുംബങ്ങളാണ് ഇവിടെ നിന്ന് വീടും സ്ഥലവും മാറി പോയത്. പാറപൊട്ടിക്കുന്നത് പതിവായപ്പോൾ ഇവരുടെ വീടുകളുടെ മുകളിലും മുറ്റത്തുമെല്ലാം പാറച്ചീളുകൾ വന്ന് വീഴാനും വീടുകൾക്ക് കേടുപാടുകൾ വരാനും തുടങ്ങിയതോടെയാണ് ഇവർക്ക് തങ്ങളുടെ വീടും പുരയിടവും വിട്ട് പാലായനം ചെയ്യേണ്ടി വന്നത്. എന്നാൽ അത് മറ്റൊരു തരത്തിൽ ക്വാറി മാഫിയക്ക് ഗുണമായി. പരാതിക്കാരായ സമീപവാസികൾ സ്ഥലം മാറിക്കിട്ടി എന്ന് മാത്രമല്ല ഇവർ മാറിപ്പോയ സ്ഥലം കൂടി പണമെറിഞ്ഞ് മാഫിയക്ക് സ്വന്തമാക്കാൻ സാധിച്ചു.


നാട്ടുകാരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പ് വരുത്തേണ്ട അധികാരികളും രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കളും പാറമടയുടെ സംരക്ഷകരായി മാറി. ഇക്കാര്യത്തിൽ രാഷ്‌ട്രീയ കക്ഷി ഭേദമന്യേ എല്ലാവരും പാറമട മുതലാളിയുടെ സൗജന്യം പറ്റുന്നവരാണ്.


പരിസ്ഥിതി ക്ലിയറൻസ് എടുക്കുന്നതിനായി ഈ ക്വാറിയുടെ 100 മീറ്റർ ചുറ്റളവിൽ റോഡുകളോ തോടുകളോ ഇല്ല എന്ന് അന്നത്തെ വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയിരുന്നു. എന്നാൽ യാഥാർഥ്യം മറ്റൊന്നാണ്. ഇതിന്റെ 50 മീറ്റർ ചുറ്റളവിൽ തന്നെ നായ്‌പ്ലാവ് - വിളക്കും മരുത് റോഡും തോടും ഉണ്ട്. ഇതുപോലെ രേഖകൾ കെട്ടിച്ചമച്ചും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചുമാണ് പല പെർമിറ്റുകളും ലൈസൻസുകളും ഇവർ സ്വന്തമാക്കിയിരിക്കുന്നത്. 


ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് ബഹു. കേരളാ ഹൈകോടതി മുൻപാകെ ഒരു writ petition 2017 ൽ നൽകിയിരുന്നു. എന്നാൽ നാളിതുവരെ ഒരു ഹിയറിങ്ങിന് പോലും പോസ്റ്റ് ചെയ്യാത്ത ഈ കേസിന്റെ ഫയൽ 'misplaced' ആണെന്നാണ് അറിയാൻ കഴിഞ്ഞത്. urgent memo കളും interlocutory application ഫയൽ ചെയ്താലും കേസ് ഫയൽ കോടതിയിൽ ഇല്ലെന്ന് അതിന്റെ section ൽ നിന്ന് തന്നെ പറയുന്നു. സാധാരണക്കാരിൽ സാധാരണക്കാരനായ ഒരാൾ നമ്മുടെ നീതിന്യായ വ്യവസ്ഥയെ സമീപിച്ചാൽ ഇതാണ് അവസ്ഥ. പാറമട മുതലാളിക്ക് എന്തിനെയും ഏതിനെയും സ്വാധീനിക്കാമെന്നാണോ ഞങ്ങൾ മനസിലാക്കേണ്ടത്?


തുടക്കത്തിൽ സൂചിപ്പിച്ച പോലെ ആർക്കും വേണ്ടാത്തൊരു നാട് ഇപ്പോൾ വേണ്ടത്, തങ്ങളുടെ താല്പര്യങ്ങൾ നടപ്പിലാക്കാൻ, ഉദ്യോഗസ്ഥർക്കും, അധികാരികൾക്കും, രാഷ്ട്രീയക്കാർക്കും, പാറമുതലാളിമാർക്കും മാത്രമാണ്. എല്ലാം കാണുമ്പോഴും അനുഭവിക്കുമ്പോഴും ഓർമ്മവരുന്നത് എപ്പോഴോ റേഡിയോയിൽ കേട്ട ഇഞ്ചിക്കാട് ബാലചന്ദ്രനറെ കവിതയാണ്.

'ഇനിവരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ.....'

കാത്തിരിക്കാം, കാലം തെളിയിക്കും വരെ. ഏറെ നാൾ കാത്തിരിക്കേണ്ടി വരില്ല, ഭൂമിയുടെ മാറുപിളർക്കുന്ന ഇത്തരം ദുഷ്ടതകൾക്കുള്ള മറുപടി ലഭിക്കാൻ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment