പെട്ടിമുടി ദുരന്തം: തോട്ടം മേഖല പൊളിച്ചെഴുതാനും പുനരധിവാസ ചെലവ് ടാറ്റയില്‍ നിന്ന് ഈടാക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം




ദലിത്-ആദിവാസി-സ്ത്രീ-പൗരാവകാശ കൂട്ടായ്മയും, 
മറ്റ് എസ്സി/എസ്ടി സംഘടനാ നേതാക്കളും പൗരാവകാശപ്രവര്‍ത്തകരും ചേർന്ന് തോട്ടം മേഖല പൊളിച്ചെഴുതാനും പുനരധിവാസ ചെലവ് ടാറ്റയില്‍ നിന്ന് ഈടാക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം എന്നുമാവശ്യപ്പെട്ട് തയ്യാറാക്കിയ പ്രസ്താവന. ഈ പ്രസ്താവന നീതിക്കുവേണ്ടിയുള്ള ഒരു അഭ്യര്‍ത്ഥനയായി കണക്കാക്കി എല്ലാ മനുഷ്യസ്നേഹികളും ഇടപെടാന്‍ മുന്നോട്ടുവരണമെന്ന് ഇവർ അഭ്യര്‍ത്ഥിക്കുന്നു.


1) രാജമല പെട്ടിമുടി ദുരന്തത്തില്‍ കൊല്ലപ്പെട്ടവര്‍ കൊളോണിയല്‍ അടിമത്തം നിലനിര്‍ത്തിവരുന്ന തോട്ടം വ്യവസായത്തിന്‍റെയും, പ്രകൃതിദുരന്തങ്ങള്‍ വിളിച്ചുവരുത്തുന്ന മൂലധനനിക്ഷേപപദ്ധതികളുടെയും ഇരകളാണ്. ദുരന്തത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും, ടാറ്റയ്ക്കും ഒഴിഞ്ഞു മാറാനാകില്ല. ദുരന്തം നേരിട്ട കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ പോലും വിവേചനം കാണിച്ചു എന്നു മാത്രമല്ല, തോട്ടം തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യതയുള്ള ടാറ്റയെ എല്ലാ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിവാക്കുന്നു എന്നത് ഒരു ജനാധിപത്യസമൂഹത്തിന് അപമാനമാണ്.


2) ഈ നാടിന്‍റെ 'വികസന'ത്തിന്‍റെ പേരില്‍ ചോരനീരാക്കി അദ്ധ്വാനിച്ച തോട്ടം തൊഴിലാളികളോട് നാഗരികസമൂഹം  കാണിക്കേണ്ട മാന്യത ഇനിയും കാണിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകേണ്ടതാണ്. തോട്ടം തൊഴിലാളികള്‍ തൊഴിലെടുത്ത് ജീവിച്ചിരിക്കുമ്പോഴും, ദുരന്തത്തില്‍ മരിച്ചാലും മനുഷ്യോചിതമായി പെരുമാറുന്നില്ല എന്നത് ഖേദകരമാണ്; 'നിങ്ങള്‍ കുടിക്കുന്ന ചായയ്ക്ക് രക്തത്തിന്‍റെ നിറമാണെന്ന' തൊഴിലാളികളുടെ ശബ്ദം അതിശയോക്തിയുളളതല്ല. കൊളോണിയല്‍ കാലത്തെ അടിമ/ഉടമ മൂല്യസങ്കല്‍പങ്ങളും നിയമങ്ങളും ശക്തമായി നിലനില്‍ക്കുന്ന ഒന്നാണ് തോട്ടം വ്യവസായം. കൊളോണിയല്‍ പ്ലാന്‍റര്‍മാരുടെ താല്പര്യത്തിന് വേണ്ടി രൂപം നല്‍കിയ പ്ലാന്‍റേഷന്‍ ലേബര്‍ ആക്റ്റ് തന്നെയാണ് ഈ മേഖലയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന നിയമം. മൂന്നാര്‍, ദേവികുളം, പീരുമേട് തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ കൊളോണിയല്‍ നിയമത്തിന്‍റെ ഇരകളാണെന്നതോടൊപ്പം, ദലിതരും തമിഴ് വംശജരുമാണെന്നതിനാല്‍ കേരളത്തില്‍ ഗുരുതരമായ വിവേചനങ്ങള്‍ക്കും ഒഴിവാക്കലുകള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്നു. തൊഴിലാളികളെന്ന പരിഗണന നല്‍കേണ്ടതോടൊപ്പം കേരളത്തില്‍ ജീവിക്കുന്ന ഒരു ഭാഷാ-സാമുദായിക ന്യൂനപക്ഷമെന്ന നിലയില്‍ ലായങ്ങളിലെ തൊഴിലാളികളുടെ ജീവിതത്തെ നോക്കികാണാന്‍ സര്‍ക്കാര്‍ തയ്യാറാകണം.


3) തോട്ടം വ്യവസായത്തിലെ പ്രതിസന്ധിക്ക് ശാശ്വതപരിഹാരം കാണാന്‍ കഴിയണമെങ്കില്‍, ഭൂമിയില്‍ വമ്പിച്ച തോതില്‍ അധികാരം കയ്യാളുന്നവരെന്ന നിലയില്‍ കുത്തക വ്യവസായികള്‍ക്കുള്ള അമിതാധികാരവും സവിശേഷാധികാരങ്ങളും റദ്ദാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. പ്ലാന്‍റേഷന്‍ മേഖല പുനര്‍ഘടനയ്ക്ക് വിധേയമാക്കുക എന്നതാണ് ഇതിന്‍റെ ഭാഗമായി ചെയ്യേണ്ടത്. ടാറ്റയെപോലുള്ള കുത്തകവ്യവസായികളെ കൊളോണിയല്‍ കാലത്തെ 'പ്ലാന്‍റര്‍' പദവി ഉപേക്ഷിച്ച് അന്തസ്സായി നടത്തുന്ന വ്യവസായത്തില്‍ മാത്രം കേന്ദ്രീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നയപരമായ തീരുമാനമെടുക്കണം. തൊഴിലാളികളുടെ ക്ഷേമവും സര്‍വ്വാധികാരവും പ്ലാന്‍റര്‍ക്ക് നല്‍കുന്നതും, ജനാധിപത്യഭരണകൂടങ്ങള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്തതുമായ ഒന്നാണ് പ്ലാന്‍റേഷന്‍; പ്ലാന്‍റേഷന്‍ ലേബര്‍ ആക്റ്റും അതിന്‍റെ ഭാഗമാണ്. കൊളോണിയല്‍ അടിമത്തരീതി ഇപ്പോഴും നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ പഴഞ്ചനായ ഈ നിയമം പരോക്ഷമായും പ്രത്യക്ഷമായും പങ്കുവഹിക്കുന്നു. നിയമം റദ്ദാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കണം. ലോകമെമ്പാടും അടിമക്കച്ചവടത്തിന്‍റെ പ്രതീകങ്ങളെ കടലില്‍ എറിയുന്ന കാലമാണിത്; പ്ലാന്‍റേഷന്‍ ലേബര്‍ ആക്റ്റിനും ഈ ഗതിയാണ് ചരിത്രത്തില്‍ കാത്തിരിക്കുന്നത്.


4) പ്ലാന്‍റേഷന്‍ മേഖല പുനര്‍ഘടനയ്ക്ക് വിധേയമാക്കുന്നതിനായി തോട്ടംഭൂമിക്ക് പരിധി നിര്‍ണ്ണയിക്കണം. ചെറുകിട ഉല്‍പാദകരോ/കര്‍ഷകരോ എന്ന നിലയില്‍ തൊഴിലാളികള്‍ക്ക് തോട്ടം കൈമാറുക; പ്ലാന്‍റേഷന്‍ ലേബര്‍ ആക്റ്റ് റദ്ദാക്കി തൊഴിലാളികളെ പ്ലാന്‍ററുടെ ഭരണത്തില്‍ നിന്നും മാറ്റി പൗരന്മാരാക്കുക; ഇന്ത്യയിലെ (കേരളത്തിലെ) പൗരന്മാരെന്ന നിലയില്‍ തോട്ടം തൊഴിലാളി കുടുംബങ്ങള്‍ക്ക് എല്ലാവിധ ക്ഷേമങ്ങളും, പാര്‍പ്പിടങ്ങളും, ജീവിക്കാനുള്ള അവകാശവും നല്‍കുക തുടങ്ങിയവ സുപ്രധാനമാണ്. രാജമാണിക്യം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ മുന്‍നിര്‍ത്തി ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള മേല്‍പറഞ്ഞ നടപടികള്‍ നിയമാനുസൃതം കേരളത്തില്‍ ഉടനടി ചെയ്യാന്‍ കഴിയും. രാഷ്ട്രീയവും നയപരവുമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ തന്നെ, തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള നടപടി ഉടനടി ചെയ്യേണ്ടതാണ്.


5) ദുരന്തത്തില്‍ പെട്ട കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ധനസഹായം അപര്യാപ്തമാണ്. സര്‍ക്കാര്‍ പിന്തുണ ഉറപ്പാക്കുന്നതോടൊപ്പം തേയില വ്യവസായത്തിന്‍റെ ഉടമയില്‍ നിന്നും നഷ്ടപരിഹാരവും പുനരധിവാസത്തിന്‍റെ ചെലവുകളും ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം. തോട്ടം വ്യവാസമായതിനാല്‍ കേന്ദ്രസര്‍ക്കാരിനും ഉത്തരവാദിത്തത്തില്‍ നിന്നും കയ്യൊഴിയാനാകില്ല. തൊഴിലാളികളുടെ ജീവിതത്തെ നിയന്ത്രിക്കാനും മുതലാളിത്ത താല്പര്യം സംരക്ഷിക്കാനും പ്ലാന്‍റേഷന്‍ ലേബര്‍ ആക്റ്റ് നിലനിര്‍ത്തുകയും, തൊഴിലിടത്തില്‍ ദുരന്തം നേരിടുമ്പോള്‍ പ്ലാന്‍ററെ സംരക്ഷിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് അപഹാസ്യമാണ്. അവശേഷിക്കുന്ന കുടുംബങ്ങള്‍ക്ക് മനുഷ്യോചിതിമായ പുനരധിവാസം ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനും, പ്ലാന്‍റര്‍ക്കും ബാധ്യതയുണ്ട്. മാത്രമല്ല, ഉരുള്‍പൊട്ടലിനെക്കുറിച്ച് സമഗ്രമായ ഒരു പഠനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുകയും വേണം.


6) കേരളത്തിലെ മറ്റെല്ലാ ദുര്‍ബ്ബല വിഭാഗങ്ങള്‍ക്കുമുളള ക്ഷേമപ്രവര്‍ത്തനങ്ങള്‍ തോട്ടം തൊഴിലാളികള്‍ക്ക് - വിശേഷിച്ചും ഈ നാട്ടില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന ദലിത് - തമിഴ് വംശജര്‍ക്ക് - സര്‍ക്കാര്‍ ഉറപ്പുവരുത്തണം. യു.പി.എ. സര്‍ക്കാര്‍ തോട്ടം മേഖലയെ ഇ.എസ്.ഐ. പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത് നടപ്പാക്കുക; ആരോഗ്യം-വിദ്യാഭ്യാസം-തൊഴില്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രത്യേക പദ്ധതികള്‍ നടപ്പാക്കുക എന്നതും അടിയന്തരമായി ചെയ്യേണ്ടതാണ്.


മേല്‍പറഞ്ഞ വിഷയങ്ങള്‍ പരിഹരിക്കുക എന്നത് അടിമസമാനമായ നിലയില്‍ ജീവിക്കാന്‍ നിര്‍ബ്ബന്ധിതരായ തോട്ടം തൊഴിലാളികളുടെ മാത്രം ബാധ്യതയല്ല. 2014-15 കാലഘട്ടത്തില്‍ സമരത്തിന്‍റെ ഭാഷയില്‍ തൊഴിലാളികള്‍ അവരുടെ പ്രശ്നങ്ങള്‍ ലോകത്തോട് പറഞ്ഞതാണ്. ഇപ്പോള്‍ പെട്ടിമുടി ദുരന്തം ഒന്നുകൂടി ജനാധിപത്യ സമൂഹത്തിന്‍റെ ശ്രദ്ധ തോട്ടം മേഖലയിലേക്ക് തിരിച്ചുവിട്ടിരിക്കയാണ്. അന്തസ്സായി ജീവിക്കാനുള്ള ഏറ്റവും അടിത്തട്ടിലെ മനുഷ്യരുടെ ജീവിതത്തിന്‍റെ പ്രശ്നം പരിഹരിക്കണമെങ്കില്‍ പൗരസമൂഹത്തില്‍ നിന്നും ഇടപെടലുണ്ടാകണം. ഈ പ്രസ്താവന നീതിക്കുവേണ്ടിയുള്ള ഒരു അഭ്യര്‍ത്ഥനയായി കണക്കാക്കി എല്ലാ മനുഷ്യസ്നേഹികളും ഇടപെടാന്‍ മുന്നോട്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


ദലിത്-ആദിവാസി-സ്ത്രീ-പൗരാവകാശ കൂട്ടായ്മയും, 
മറ്റ് എസ്സി/എസ്ടി സംഘടനാ നേതാക്കളും പൗരാവകാശപ്രവര്‍ത്തകരും


എം. ഗീതാനന്ദന്‍ (ചെയര്‍മാന്‍, ദലിത്-ആദിവാസി-സ്ത്രീ-പൗരാവകാശ കൂട്ടായ്മ)

സി.എസ്. മുരളി (ജന. കണ്‍വീനര്‍, ദലിത്-ആദിവാസി-സ്ത്രീ-പൗരാവകാശ കൂട്ടായ്മ)

കെ. അംബുജാക്ഷന്‍ (കേരള ദലിത് പാന്തേഴ്സ് സ്ഥാപകൻ)

ശ്രീരാമന്‍ കൊയ്യോന്‍ (ദലിത് - ആദിവാസി മുന്നേറ്റ സമിതി)

എം ആർ ചിത്ര നിലമ്പൂർ 

ഏകലവ്യൻ ബോധി

എം. ജി. മനോഹരന്‍ (അടൂര്‍)

ടി. ആര്‍. ശശി (പ്രസിഡന്‍റ്, ചെങ്ങറ സമരസമിതി)

സുരേഷ് കക്കോട് (വി.ജി.എം.എസ്.)

പി.വി. സജീവ്കുമാര്‍ (കൊടുങ്ങല്ലൂര്‍ കൂട്ടായ്മ)

എന്‍. ബി. അജിതന്‍ (കൊടുങ്ങല്ലൂര്‍ കൂട്ടായ്മ)

കെ. മായാണ്ടി (എസ്സി/എസ്ടി കോ-ഓര്‍ഡിനേഷന്‍, പാലക്കാട്)

സി. ജെ. തങ്കച്ചന്‍ (ആദിജനസഭ)

പി. ജി. ജനാര്‍ദ്ദനന്‍ (ആദിവാസി ഗോത്രമഹാസഭ)

കുഞ്ഞമ്മ മൈക്കിള്‍ (ആദിവാസി ഗോത്രമഹാസഭ)

ശങ്കരന്‍ മുണ്ടമാണി (മലവേട്ടുവ സമുദായസംഘം, കാസര്‍ഗോഡ്)

പി. കെ. ശശി (കേരള സ്റ്റേറ്റ് വേട്ടുവമഹാസഭ)

വാസുദേവന്‍(എസ്സി/എസ്ടി കോ-ഓര്‍ഡിനേഷന്‍, പാലക്കാട്)

എന്‍. ഗോവിന്ദന്‍ (പാലക്കാട്)

എ. ചന്തുണ്ണി (കേരള ആദിവാസി ഫോറം, വയനാട്)

അനില്‍ സി.എം. (നിലമ്പൂര്‍)

നിഷില്‍കുമാര്‍ (തുരുത്തി സമരസമിതി, കണ്ണൂര്‍)

ശശിമാസ്റ്റര്‍ (കണ്ണൂര്‍)

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment