സ്റ്റീവ് ഇർവിൻ ആന്തരിച്ചിട്ട് 15 വർഷങ്ങൾ




മുതല വേട്ടക്കാരൻ (Crocodile Hunter) എന്ന പരിപാടിയിലൂടെ പ്രശസ്തനും മുതല വേട്ടക്കാരൻ എന്ന അപര നാമധേയനുമായ സ്റ്റീവ് ഇർവിൻ തിരണ്ടി മീനിന്റെ ആക്രമണത്തിൽ കൊല്ലപ്പെടത് 2006 സെപ്റ്റംബർ 4 നായിരുന്നു. 


പരിസ്ഥിതിവാദവും ജീവികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയേയും കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ ശ്രദ്ധ കൊടുത്ത ഇർവിൻ എന്ന ആസ്ട്രേലിയക്കാരൻ വംശ നാശം നേരിടുന്ന ജീവികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തിനായും ആവാസ വ്യവസ്ഥകളുടെ നാശത്തിനെതിരേയും പ്രവർത്തിച്ചു എന്നു കാണാം. ലോക വന്യ ജീവി പോരാളികൾ (Wildlife Warriors Worldwide) എന്ന സ്വതന്ത്ര പരിസ്ഥിതി പ്രസ്ഥാനത്തിന്റെ സ്ഥാപകനായ അദ്ദേഹം  ക്വീൻസ്‌ലാൻഡ് തീരത്തു നിന്നും ഒരു പുതിയ വംശം ആമയേയും (Elseya irwini) കണ്ടെത്തിയിരുന്നു. ഇർവിന്റെ ആമ എന്നാണ് ആ ആമ ഗോത്രം അറിയപ്പെടുന്നത് . വംശനാശം സംഭവിക്കാൻ സാധ്യതയുള്ള മൃഗങ്ങളെപ്പറ്റിയും വന നശീകരണത്തെ പറ്റിയുള്ള തന്റെ ആകുലതകൾ ജനങ്ങളെ അറിയിക്കുന്നത് അദ്ദേഹത്തിന്റെ ദൗത്യങ്ങളിൽ ഒന്നായിരുന്നു.


ഓസ്ട്രേലിയ, അമേരിക്കൻ ഐക്യനാടുകൾ, ഫിജി എന്നിവിടങ്ങളിൽ മൃഗങ്ങൾക്കായി പാർക്കുകൾ സ്ഥാപിച്ചു. വിനോദ സഞ്ചാരികളെ ആമത്തോടും സ്രാവിന്റെ ചെതുമ്പൽ കൊണ്ടുണ്ടാക്കുന്ന സൂപ്പും വാങ്ങുന്നതിൽ നിന്നും വിലക്കി. അവ വാങ്ങുന്നതിലൂടെ നാം ജീവികളെ അനധികൃതമായി കൊല്ലുന്നതിനെ പ്രോത്സാഹി പ്പിക്കുകയാണ് എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ എല്ലാവർക്കും ഭാഗവാക്കാകാൻ പറ്റും എന്ന സന്ദേശം നൽകുവാൻ ശ്രമിച്ച അദ്ദേഹത്തെ ആധുനിക കാലഘട്ടത്തിലെ നോഹ എന്നാണ് RSPCAയുടെ തലവൻ വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് പ്രകൃതി ശാസ്ത്രജ്ഞൻ ഡേവിഡ് ബെല്ലാമി അദ്ദേഹത്തെ പ്രകൃതി ചരിത്രകാരനും ആനുകാലികങ്ങളിലെ താരവും എന്നാണ് വിളിച്ചത്.


ഡിസ്കവറി നെറ്റ്‌വർക്സിലെ ആനിമൽ പ്ലാനറ്റ് ചാനലിൽ സം‌പ്രേഷണം ചെയ്ത ദ ക്രോക്കഡൈൽ ഹണ്ടർ പരമ്പര സ്റ്റീവിനെ പ്രശസ്തനാക്കി. ടെലിവിഷൻ പരമ്പരകൾക്കു പുറമേ ഒന്നു രണ്ടു സിനിമകളിലും സ്റ്റീവ് ഇർവിൻ അഭിനയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മുതല സംരക്ഷണ കേന്ദ്രം സ്ഥാപിച്ചത് സ്റ്റീവ് ആണ്. വിനോദ സഞ്ചാര മേഖലയുമായി വന്യ ജീവി സംരക്ഷണ പ്രവർത്തനങ്ങൾ കൂട്ടിക്കലർത്തുന്നു എന്ന ആരോപണം അദ്ദേഹത്തിനെതിരെ ഉണ്ടായി.


വന്യ ജീവികളെ വിനാേദ സഞ്ചാരത്തിൻ്റെ ഭാഗമായി ബന്ധിപ്പിക്കുന്ന സമീപനം ആരോഗ്യകരമല്ല. ഈ വിഷയത്തിൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന സ്റ്റീവ് ഇർവിൻ, വംശനാശ ഭീഷണി നേരിടുന്ന പല ജീവി വർഗ്ഗങ്ങളെയും സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത പൊതു ജനങ്ങളിൽ വളർത്തി എടുക്കുവാൻ സഹായകരമായി പ്രവർത്തിച്ചു എന്നു കാണാം. പരിസ്ഥിതിയെ രാഷ്ട്രീയ വിഷയമായി പരിഗണിക്കാത്തവരുടെ പ്രകൃതിയോടുള്ള സമീപനത്തെ വില കുറച്ചു കാണുവാൻ നിലവിലെ സാമൂഹിക സാഹചര്യം അനുവദിക്കുന്നില്ല. ഈ പശ്ചാത്തലത്തിൽ സ്റ്റീവ് ഇർവിനെ പോലെയുള്ളവരുടെ ജീവിതത്തെ അടുത്തറിയുവാൻ ജനങ്ങൾ താൽപ്പര്യം കാട്ടേണ്ടതുണ്ട്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment