കീഴരിയൂര്‍ മീറോട് മല ചെങ്കല്‍ക്വാറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവ്




കോഴിക്കോട് കൊയിലാണ്ടി താലൂക്കിലെ കീഴരിയൂര്‍ മീറോട് മല ചെങ്കല്‍ക്വാറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടു. പരിസ്ഥിതി സംരക്ഷണ നിയമം ലംഘിച്ച്‌ വ്യാപകമായി നടത്തിയ ചെങ്കല്‍ ഖനനത്തിന് എതിരെ ഖനനമാഫിയയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. 


മീറോട് മല സംരക്ഷണ വേദി മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്‍ മുഖേന പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചെങ്കല്‍ ക്വാറി പ്രവര്‍ത്തിച്ചത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ഇല്ലാതെയാണെന്ന് പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍ മീറോട് മല സന്ദര്‍ശിച്ചിരുന്നു. ക്വാറിക്കെതിരെയുള്ള പ്രദേശവാസികളുടെ നിരന്തര സമരത്തെ തുടര്‍ന്ന് ജില്ലാ കളക്ടറും കഴിഞ്ഞ ജനുവരിയില്‍ മല സന്ദര്‍ശിച്ചിരുന്നു. 


താലൂക്കിലെ കീഴരിയൂര്‍, മേപ്പയ്യൂര്‍, തുറയൂര്‍ പഞ്ചായത്തുകളിലെ നരിക്കോട്, കീഴരിയൂര്‍, കൊറവട്ട, ഇരിങ്ങത്ത്കുളങ്ങര പ്രദേശങ്ങളുടെ നിലനില്‍പ്പിന്റെ ആധാരമായ മീറോട് മലയിലെ ഖനനം വ്യാപക പരാതി ഉയര്‍ത്തിയിരുന്നു. മേഖലയിലെ ജനങ്ങളുടെ കുടിവെള്ളം, കൃഷി, ഭക്ഷണം, ശുദ്ധവായു, തൊഴില്‍ തുടങ്ങിയവയെല്ലാം മലയുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ട് കിടക്കുന്നതാണ്. മലയുടെ ഘടനയില്‍ ഉണ്ടാകുന്ന ഏതൊരു മാറ്റവും താഴ്‌വരയിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അഭിപ്രായമുയര്‍ന്നു.


മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത 140 ഏക്കറും അതിലും കൂടുതലായുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയും ചേര്‍ന്നതാണ് മീറോട് മല. ഒരിക്കലും വറ്റാത്ത നീരുറവകളുണ്ടായിരുന്ന ചമ്പ ഭാഗത്തെ ചോലയില്‍ പ്രദേശം വരണ്ടുണങ്ങുന്ന സ്ഥിതിയിലാണ്. കണിയാണ്ടി കൊല്ലി ഭാഗവും മഴ കഴിയുന്നതോടെ വരണ്ടുണങ്ങുന്നു. ഈ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം ഓരോ വര്‍ഷം കഴിയുന്തോറും രൂക്ഷമായി കൊണ്ടിരിക്കുന്നതായും പരാതി ഉയര്‍ന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment