കഞ്ചിക്കോട്ടെ ജലമൂറ്റുന്ന പെപ്‌സി കമ്പനി മൂന്ന് മാസത്തേക്ക് അടക്കാൻ നോട്ടീസ്




കൊക്കാകോള കമ്പനിയുടെ അതേ തരത്തിൽ നാടിനു ഭീഷണിയായ പെപ്‌സി കമ്പനി കഞ്ചികോട്ടു നടത്തുന്ന ജലചൂഷണം തടസ്സമില്ലാതെ തുടരുന്നു. മൂന്ന് മാസത്തേക്ക് പെപ്‌സി കമ്പനി അടച്ചിടണമെന്ന് കാണിച്ച് പാലക്കാട് കഞ്ചിക്കോട്ടെ പുതുശ്ശേരി ഗ്രാമ പഞ്ചായത്താണ് നോട്ടിസ് നൽകിയത്. കമ്പനിയുടെ അമിത ജല ഉപയോഗം കുടിവെള്ള ക്ഷാമം രൂക്ഷമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാർച്ച് മുതൽ മൂന്ന് മാസത്തേക്ക് പെപ്‌സി കമ്പനിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവയ്ക്കാൻ പഞ്ചായത്ത് ഉത്തരവിട്ടത്.


പ്രതിദിനം ആറ് ലക്ഷത്തിലധികം ലിറ്റർ വെള്ളം കമ്പനിക്ക് അകത്തുള്ള കുഴൽ കിണറിൽ നിന്ന് ഉപയോഗിക്കുന്നതായി പഞ്ചായത്ത് കണ്ടെത്തി. കുഴൽ കിണറിൽ നിന്ന് അനിയന്ത്രിതമായി വെള്ളം എടുക്കുന്നതു മൂലം പരിസര പ്രദേശങ്ങളിലെ കിണറുകളിലോ, കുഴൽ കിണറുകളിലോ വെള്ളം ഇല്ല. കടുത്ത വരൾച്ചയിലേക്കാണ് പ്രദേശം നീങ്ങുന്നതെന്ന് പഞ്ചായത്ത് നൽകിയ നോട്ടിസിൽ പറയുന്നു. ഇതിന് പുറമെ മഴയും കുറയുന്നതും സ്ഥിതിഗതികൾ വഷളാക്കും.


കൊക്കാ കോളയുടെ ജല ചൂഷണം പെരുമാട്ടി പഞ്ചായത്തിൽ ഉണ്ടാക്കിയ ദുരന്തങ്ങൾ വളരെ വലുതാണ്. സർക്കാർ നിയമിച്ച കമ്മീഷൻ കണ്ടെത്തിയ 261.16  കോടിയുടെ നഷ്ടം കമ്പനിയിൽ നിന്നും പിടിച്ചെടുക്കുവാൻ സംസ്ഥാന സർക്കാർ ഇതുവരെ വിജയിച്ചിട്ടില്ല. അതിനേക്കാൾ ഒട്ടും മോശമല്ലാത്ത ചൂഷണങ്ങൾ തുടരുന്ന പെപ്സി കമ്പനിക്കു താഴിടുവാൻ സംസ്ഥാന സർക്കാർ ഇപ്പോഴും മടിച്ചു നിൽക്കുകയാണ്. കേരളത്തിൽ ഏറെ അധികം ചൂടും ജല ക്ഷാമവും അനുഭവിക്കുന്ന പാലക്കാട്ടെ ജല ഭീമൻ്റെ ചൂഷണത്തെ കണ്ടില്ല എന്നു നടിക്കുകയാണ് ഈ വൈകിയ വേളയിലും സർക്കാർ സംവിധാനങ്ങൾ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment