അഞ്ഞൂറിലധികം അപൂർവ്വയിനം ഔഷധ സസ്യങ്ങൾക്ക് നടുവിലെ ഒരു 77 കാരന്റെ ജീവിതം
അടൂർ: നാൽപ്പത്തിഅഞ്ച് വർഷത്തെ തിരക്കുപിടിച്ച ഡൽഹി ജീവിതം അവസാനിപ്പിച്ച് വീടിനു ചുറ്റും അഞ്ഞൂറിലധികം അപൂർവ്വയിനം ഔഷധ സസ്യങ്ങൾ നട്ടുവളർത്തി പ്രകൃതിയോടിണങ്ങി ജീവിക്കുകയാണ് ഉണ്ണി ശാമുവേൽ എന്ന77കാരൻ. നാല്പാമരത്തിൽപ്പെട്ട അത്തി, ഇത്തി, അരയാൽ, പേരാൽ മുതൽ സോമയാഗത്തിന് ഉപയോഗിക്കുന്ന സോമലതവരെ ഒരുക്കിയിരിക്കുകയാണ് അടൂർ തുവയൂർ തെക്ക്, പാലവിളയിൽ ഉണ്ണി ശാമുവേൽ. 


പ്രകൃതിയൊടിണങ്ങി ജീവിക്കുക എന്നചിന്തയും  പരിപാലനത്തിനൊപ്പം ഔഷധച്ചെടികളെ കുറിച്ച് ബോധവല്ക്കരിക്കുക എന്നതാണ് ജീവിത സായാഹ്നത്തിൽ ഉണ്ണി ശാമുവേലെന്ന77 കാരൻ ലക്ഷ്യം വയ്ക്കുന്നത്. 45 വർഷം നീണ്ട ഡൽഹി ജീവിതം അവസാനിപ്പിച്ച് നാട്ടിൽ എത്തി തുവയൂർ മാഞ്ഞിലിയിൽ ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തിൽ ജോലി ചെയ്തുവരികെ സമീപത്തെ സർക്കാർ ആയുർവ്വേദ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നവർ ഔഷധങ്ങൾ തേടി അലയുന്നത് കണ്ടാണ് ഉണ്ണി ശാമുവേൽ ഔഷധ സസ്യതോട്ടത്തിലേക്ക് തിരിഞ്ഞത്. 


നാഷണൽ മെഡിസിനൽ പ്ലാൻറ് ബോർഡിന്റെ സഹായത്തിൽ ഗ്രാമസേവാ കേന്ദ്രത്തിലും ഔഷധസസ്യനേഴ്സറി ആരംഭിച്ചിരുന്നു.
വീടിന്റെ മുൻവശത്ത് നിരനിരയായി ആണ് ഔഷധ സസ്യങ്ങൾ വച്ച് പിടിപ്പിച്ചിരിക്കുന്നത്. ആയുർവ്വേദ ഔഷധഗണത്തിൽപ്പെട്ട പൂമ്പാറ്റകൾമുട്ടയിടാൻ ആശ്രയിക്കുന്ന ചെറുമരങ്ങളാണ് വീടിനു ചുറ്റുംഏറയും ആയുർവേദ ഔഷധകൂട്ടായ ത്രിഫലയ്ക്കുപയോഗിക്കുന്ന കടുക്ക, താന്നി, നെല്ലി എന്നിവയും ദശമൂലത്തിൽ പെടുന്ന കുമ്പിൾ, കൂവളം, പാതിരി, പലകപൈയ്യാനി, മുഞ്ഞ, കണ്ടഹാരി ചുണ്ട, ചെറുവഴുതന, ഓരില, മൂവില, ദശപുഷ്പങ്ങളായ ചെറുള, മുക്കുറ്റി, പൂവാംകുരുന്ന്, കയ്യോന്നി, മുയൽചെവിയൻ, കറു ക, തിരുതാളി, വള്ളിയുഴിഞ്ഞ, വിഷ്ണുക്രാന്തി, നിലപ്പന, ജന്മനക്ഷത്ര വൃക്ഷങ്ങളായ  ഇലിപ്പ ,വേപ്പ്, മാവ്, കടമ്പ് ,വന്നി, വെള്ള എരുക്ക്, ആറ്റുവഞ്ചി, വെള്ള കുന്തിരിക്കം, ഇലഞ്ഞി,വയ്യങ്കഥ,നീർമരുത് ,കൂവളം, അമ്പഴം, ഇലഞ്ഞി, ചമത, പേരാൽ,നാഗപൂമരം, മുള, കരിമരം ,കരിങ്ങാലി, ഞാവൽ, കാഞ്ഞിരം, അത്തി എന്നിവ ക്രമമനുസരിച്ച് നട്ടു പരിപാലിച്ചിരിക്കുകയാണ്. 


സന്യാസിമാർ കമണ്ഡലുവിന് ഉപയോഗിക്കുന്ന തിരുവട്ടക്കായ, മെതിയടിക്കുപയോഗിക്കുന്ന കരിഞൊട്ട, കൂടാതെ ചങ്ങലം വെരണ്ട, സർപ്പഗന്ധി, തിപ്പാല, നോനി, പുത്രൻജിവ, ചിറ്റരത്ത, ശതാവരി, കാട്ട് രാമതുളസി, നാഗദന്തി, ചതുരമുല്ല, പനി കൂർക്ക, കോലിഞ്ചി,  ആറ്റിനോച്ചി, വെള്ളനൊച്ചി, ബിരിയാണികൈത, പച്ചൗളി, കണികൊന്ന, നീർമാതളം, കുടങ്ങൽ,  ജാതി, ഇലമുളച്ചി, സർപ്പസുഗന്ധി,  കർപ്പൂരച്ചെടി, കടലാവണക്ക്, കറ്റാർ വാഴ, രക്തചന്ദനം, ചന്ദനവേപ്പ്, ഉങ്ങ്, മുള്ളുവേങ്ങ, എണ്ണവേങ്ങ, പാച്ചോറ്റി, തുടങ്ങി രുദ്രാക്ഷം  മു തൽ ഭദ്രാക്ഷം വരെയുള്ള  സസ്യ ങ്ങൾ കൊണ്ട് ഇവിടം സമ്പന്നമാണ്. രാശി വൃക്ഷം, നവഗ്രഹ വൃക്ഷങ്ങളും ഇവിടെയുണ്ട്.


രാജസ്ഥാനിൽ കണ്ടുവരുന്ന  ഗുൽഗുലു, സോറിയാസിസിനും
താരനുമുള്ളഒറ്റമൂലിയായ വെട്ടുപാല, കുഴിനാഗപാല,യശംഖ്, ഏഴിലംപാല, കുടകപാല, കസ്തൂരി വെണ്ട, പുതിന, പല്ലുവേദന ചെടി,  വാഴപ്പുന്ന, എലന്ത, വാഴപ്പുന്നപതി മുഖം, കസ്തൂരിമഞ്ഞൾ, ഇഞ്ചിമാങ്ങ, മരവാഴ, വള്ളികിരിയാത്ത് എന്നിവയും ഉണ്ണി ശാമുവേലിന്റെ ഔഷധസസ്യ തോട്ടത്തിലുണ്ട്. ഡൽഹി, ലുധിയാന, തമിഴ്നാട്ടിലെ കാഞ്ചീ മഠം,  തമിഴ്നാട്ടിലെ മറ്റ് വിവിധഭാഗങ്ങളിലേക്ക് ആവിശ്യാനുസരണം  ഔഷധസസ്യങ്ങൾ അയച്ച് കൊടുക്കുന്നുണ്ട്. 


ഔഷധസസ്യകൃഷി കൂടാതെ അലങ്കാരമത്സ്യകൃഷി, തേനീച്ച കൃഷിയിലും വ്യാപൃതനാണ് ഉണ്ണി ശാമുവേൽ.ഓരോ വീട്ടിലും ഔഷധ സസ്യങ്ങൾ നട്ടുവളർത്തുന്നതിന്റെ പ്രാധാന്യവും തന്റെ ഔഷധതോട്ടം സന്ദർശിക്കുന്നവർക്ക് ശാമുവേൽ വിവരിച്ച് നൽകും. ഔഷധ സസ്യങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷക വിദ്യാർത്ഥികൾക്ക് ഇദ്ദേഹം നല്ലൊരു അദ്ധ്യാപകൻ കൂടിയാണ്. ഏത് സസ്യം ഏത് രോഗത്തിനുപയോഗിക്കുന്നതെന്ന് പറഞ്ഞ് മനസിലാക്കിയാണ് ഓരോരുത്തരെയും ഉണ്ണി ശാമുവേൽ ഇവിടെ  നിന്നും മടക്കി അയയ്ക്കുന്നത്.

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment