പരിസ്ഥിതി പോരാളിക്ക് വിട; സുഗതകുമാരി അന്തരിച്ചു 




തിരുവനന്തപുരം: മലയാളത്തിലെ പ്രശസ്ത കവയിത്രിയും സാമൂഹിക-പാരിസ്ഥിതിക പ്രവർത്തകയുമായ സുഗതകുമാരി ടീച്ചർ അന്തരിച്ചു. 86 വയസ്സായിരുന്നു. കോവിഡ് ബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഇന്ന്​ രാവിലെ 10.52ഓടെയായിരുന്നു അന്ത്യം. 


തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ച സുഗതകുമാരിയ്ക്ക് ആശുപത്രിയിലെത്തുമ്പോൾ ബ്രോങ്കോ ന്യുമോണിയയെ തുടർന്നുള്ള ശ്വാസതടസ്സം ഉണ്ടായിരുന്നു. ഹൃദയത്തിന്‍റെ പ്രവർത്തനത്തിനും തകരാർ സംഭവിച്ചിരുന്നു.


സൈലൻറ്​ വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വഹിച്ച പങ്ക്​ വളരെ വലുതാണ്​. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന 'തളിര്' എന്ന മാസികയുടെ ചീഫ് എഡിറ്റർ, പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി എന്നീ സ്​ഥാനങ്ങൾ വഹിച്ചു. സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എന്ന നിലയിൽ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അശ്രാന്തം പരിശ്രമിച്ചു. കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സജീവ സാന്നിധ്യമായിരുന്നു സുഗതകുമാരി.


കേരളത്തിന്‍റെ സാഹിത്യ, സാമൂഹിക, സാംസ്​കാരിക രംഗത്ത്​ വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള സുഗതകുമാരി 1934 ജനുവരി 22ന്‌ തിരുവനന്തപുരത്താണ്​ ജനിച്ചത്​. സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ ആണ്​ പിതാവ്​. മാതാവ്: വി.കെ. കാർത്യായനി അമ്മ. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment