സുഗതകുമാരി ടീച്ചറും സൈലൻ്റ് വാലിയും 




പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറി,സേവ് സൈലൻറ് വാലി സമര നേതാവ്.അഭയ ഗ്രാമം,അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം,മാനസിക രോഗികൾക്കു വേണ്ടി പരിചരണാലയം,വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകളുടെ പട്ടിക നീളുന്നു. 


പ്രശസ്ത കവിയും സാമൂഹിക പാരിസ്ഥിതിക പ്രവര്‍ത്തകയുമായിരുന്ന സുഗത കുമാരി എഴുതിയ പ്രകൃതി മുഖ്യ പ്രമേയമായി വരുന്ന കവിതകള്‍ മരത്തിനു സ്തുതി, കുറിഞ്ഞിപ്പൂക്കള്‍, സൈലന്റ് വാലി കാടും കടലും തുലാവര്‍ഷപ്പച്ച, പശ്ചിമ ഘട്ടം, മഴയത്ത് ചെറിയ കുട്ടി, ഒരു പാട്ടു പിന്നെയും കാക്കപ്പൂവ്, നിര്‍ഭയ, ചൂട്, കാട് തുടങ്ങി 41എണ്ണം.


ഇന്തോ-ആസ്ത്രേലിയൻ ഭൂഖണ്ഡത്തിന്റെ കാലം തൊട്ടേയുള്ള വന പ്രദേശമാണ് സൈലന്റ് ‌വാലിയെന്നാണ് ഭൂമി ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി വരെ സൈലന്റ് വാലിയിൽ ഏതെങ്കിലും തരത്തിൽ മനുഷ്യ സ്പർശമേറ്റതിന് തെളിവെ രേഖയോ ഇല്ല.


ഇന്തോ-ആസ്ത്രേലിയൻ ഭൂഖണ്ഡത്തിന്റെ കാലം തൊട്ടേയുള്ള വന പ്രദേശമാണ് സൈലന്റ്‌ വാലി. സൈലന്റ്‌ വാലിയുടെ ജൈവ വൈവിധ്യത്തിനു മുഖ്യ കാരണം 70 ലക്ഷം വർഷങ്ങളുടെ പഴക്കമായിരിക്കണമെന്നാണ് അനുമാനം. ഐതിഹ്യങ്ങൾക്ക്  പ്രദേശവുമായി ബന്ധമുണ്ട്. കുന്തിപ്പുഴയും ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സൈരന്ധ്രി എന്ന പേര് പാഞ്ചാലിയുടെ പര്യായമാണ്‌.


സൈലന്റ്‌വാലിയിൽ കൂടി ഒഴുകുന്ന കുന്തിപ്പുഴയിലെ പാത്രക്കടവ് ഭാഗത്തു അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതി ആരംഭിച്ചപ്പോൾ, ഹെക്ടർ കണക്കിനു  മഴക്കാടുകൾ വെള്ളക്കെട്ടിനടിയിലാകുമെന്ന കാരണത്താൽ പ്രകൃതി സ്നേഹികളുടെ നേതൃത്തത്തിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുന്നു. 1984-ൽ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാ ഗാന്ധി പാത്രക്കടവു ജല വൈദ്യുത പദ്ധതി നിർത്തലാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു. 


സൈലൻറ് വാലിയുടെ സസ്യാവരണത്തിൻ്റെ സവിശേഷതയും മഴക്കാടുകളുടെ പ്രാധാന്യവും മനസ്സിലാക്കിയ ഐക്യ രാഷ്ട്ര സംഘടന ലോകത്തിലെ തന്നെ ഏറ്റവും സംരക്ഷണമർഹിക്കുന്ന ജൈവ മേഖലയായ നീലഗിരി ബയോസ്ഫിയർ റിസർവ്വിന്റെ മൂല കേന്ദ്രമായി ഈ നിശ്ശബ്ദ താഴ്വരയെ മാറ്റുകയുണ്ടായി.


1840-1853: പ്രശസ്ത ബ്രിട്ടീഷ് സസ്യ ശാസ്ത്രജ്ഞനായ റോബർട്ട് വൈറ്റ്,സൈലന്റ് വാലി ഉൾപ്പെട്ട നീലഗിരി മേഖലയിലെ സസ്യയിനങ്ങളെക്കുറിച്ചു നടത്തിയ പഠനം ആറ് വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. Icones plantarum Indiae orientalis എന്ന പേരിലുള്ള ആ ഗ്രന്ഥപരമ്പരയിൽ 2101 സസ്യ വർഗങ്ങളുടെ രേഖാചിത്രങ്ങളുണ്ട്.


1847: സൈലന്റ് വാലിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ഔദ്യോഗിക അന്വേഷണം. കുന്തിപ്പുഴയുടെ വൃഷ്ടി പ്രദേശമായ താഴ്‌വരയിൽ സ്വകാര്യ വ്യക്തികൾക്കാർക്കും അവകാശമില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.


1888: മദ്രാസ്സ് വന നിയമത്തിന്റെ 26-ാം പരിച്ഛേദം അനുസരിച്ച് സൈലന്റ് വാലി മുഴുവൻ സർക്കാരിന്റെ പരിപൂർണ അവകാശത്തിലാണെന്ന് വിജ്ഞാനപനം പുറത്തു വന്നു.


1889: കാപ്പി കൃഷി ചെയ്യാനുള്ള വിഫല ശ്രമങ്ങൾക്കൊടുവിൽ പ്ലാന്റർമാർ പിൻ വാങ്ങി. 


1901: സെലക്ഷൻ ഫെല്ലിങ് വഴി സൈലന്റ് വാലിയിൽ നിന്ന് മരങ്ങൾ മുറിച്ചു മാറ്റാനുള്ള ആദ്യ ശ്രമങ്ങൾ


1914: സൈലന്റ് വാലിയിലെ 89.52 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ റിസർവ് വനമായി പ്രഖ്യാപിച്ചു. 


1921: സൈലന്റ് വാലി ജലവൈദ്യുത പദ്ധതി  ആശയം ആദ്യമായി ഉയരുന്നു.


1928: തിരഞ്ഞെടുത്ത മരങ്ങൾ മാത്രം ഇവിടെ നിന്ന് മുറിച്ചു മാറ്റാനുള്ള സെലക്ഷൻ ഫെല്ലിങ് സമ്പ്രദായത്തിന് സർക്കാർ അംഗീകാരം നൽകി.പതിറ്റാണ്ടുകൾക്കിടയിൽ സൈലന്റ് വാലിയിൽ നിന്ന് 48,000 ഘനമീറ്റർ തടി സെലക്ഷൻ ഫെല്ലിങ് വഴി മുറിച്ചു മാറ്റിയെന്നാണ് കണക്ക്.


1931: സൈലന്റ് വാലിയിൽ ജലവൈദ്യുത പദ്ധതിക്കായി അന്നത്തെ ഫോറസ്റ്റ് എൻജിനിയർ ആയിരുന്ന ഇ.എസ്.ഡോസൺ പ്രാഥമിക പഠനം നടത്തി.


1941: സസ്യശാസ്ത്രപഠനത്തിന്റെ ഭാഗമായി എൻ.എൽ.ബോർ സൈലന്റ് വാലിയിൽ നിന്ന് സാംപിളുകൾ ശേഖരിച്ചു.1846-1947 കാലത്ത് 21 പുതിയയിനം സസ്യങ്ങളെ കണ്ടെത്തി.


1951: സൈലന്റ് വാലി പദ്ധതിക്കായുള്ള ആദ്യ വിവരശേഖരണം.


1972: സ്‌റ്റോക്ക്‌ ഹോമിൽ 'യു.എൻ.കോൺഫറൻസ് ഓൺ ഹ്യുമൺ എൻവിരോൺ മെന്റ്'നടന്നു.വരും തല മുറകൾക്ക് വേണ്ടി പ്രകൃതിയെ സംരക്ഷിക്കുമെന്ന പ്രഖ്യാപനം ഇന്ത്യയുൾപ്പടെ 130 രാഷ്ട്രങ്ങൾ അംഗീകരിച്ചു.


1973 ജനവരി 5: സൈലന്റ് വാലിയിലെ സൈരന്ധ്രിയിൽ 522 MW ജലവൈദ്യുത പദ്ധതി സ്ഥാപിക്കാൻ പ്ലാനിങ് കമ്മിഷന്റെ പച്ചക്കൊടി ലഭിക്കുന്നു.പാലക്കാട് ജില്ലയിലെ 25,000 ഹെക്ടർ പ്രദേശത്ത് ജലസേചനവും . 830 ഹെക്ടർ വനം വെള്ളത്തിലാഴ്ത്തുന്ന പദ്ധതിക്കായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് പ്രാരംഭ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നു.


1976 ഒക്ടോബർ: സൈലന്റ് വാലി പദ്ധതിയുടെ പാരിസ്ഥിതികാഘാതം വിലയിരുത്തുന്നതു വരെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനം നിർത്തി വെയ്ക്കാൻ നാഷണൽ കമ്മറ്റി ഓൺ എൻവിരോൺമെന്റൽ പ്ലാനിങ് ആൻഡ് കോ ഓർഡിനേഷൻ (എൻ.സി.ഇ.പി.സി) ശുപാർശ ചെയ്തു.  


1978 ഫിബ്രവരി: സൈലന്റ് വാലി വന പ്രദേശം സംരക്ഷിക്കാൻ,കേരള നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി സംസ്ഥാന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.


1979 ജൂലായ്: സൈലന്റ് വാലി പദ്ധതിയുടെ പാരിസ്ഥിതികവും സാമൂഹിക - സാമ്പത്തിക വശങ്ങളും വിലയിരുത്തുന്ന പഠന റിപ്പോർട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധപ്പെടുത്തി.


1979 ഒക്ടോബർ: കേന്ദ്ര കൃഷി-ജലസേചന മന്ത്രാലയം സെക്രട്ടറി എം.എസ്. സ്വാമിനാഥൻ സൈലന്റ് വാലി സന്ദർശിച്ച്,പദ്ധതിക്ക് എതിരായ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു.


1980: കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വന പ്രദേശവും വനേതര പ്രവർത്തനത്തിന് ഉപയോഗിച്ചു കൂടാ എന്ന് വ്യവസ്ഥ ചെയ്യുന്ന കേന്ദ്ര വന (സംരക്ഷണ)നിയമം,1980 നിലവിൽ വന്നു.


1980 ആഗസ്ത്: സൈലന്റ് വാലി പ്രശ്‌നം ചർച്ച ചെയ്യാൻ കേരള മുഖ്യമന്ത്രി ഇ.കെ.നായനാരും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.


1981: സൈലന്റ് വാലിയിലെ സസ്യ സമ്പത്ത്,ജല വൈദ്യുതി പദ്ധതി വന്നാലുള്ള ഭവിഷ്യത്ത്,സൈലന്റ് വാലിയുടെ പാരിസ്ഥിതികമായ പ്രത്യേകതകൾ തുടങ്ങി വിഷയങ്ങളിൽ ശാസ്ത്രീയ പഠനങ്ങളും റിപ്പോർട്ടുകളും പുറത്തു വന്നു.


1982 ഡിസംബർ: പ്രൊഫ.എം.ജി.കെ.മേനോൻ കമ്മറ്റി അതിന്റെ റിപ്പോർട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിച്ചു.സൈലന്റ് വാലി പദ്ധതി ഉപേക്ഷിക്കാൻ 1983-ൽ കേന്ദ്രം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.


1984 നവംബർ 15: പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിർദ്ദേശ പ്രകാരം കേരള സർക്കാർ ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കുന്നു.സൈലന്റ് വാലിയെ നാഷണൽ പാർക്കായി പ്രഖ്യാപിക്കുകയും ചെയ്തു.89 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് നാഷണൽ പാർക്കായി പ്രഖ്യാപിച്ചത്.


1985 സപ്തംബർ 7: പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈലന്റ് വാലി നാഷണൽ പാർക്ക് രാഷ്ട്രത്തിനായി സമർപ്പിച്ചു.


1988 മെയ് 16: സൈലന്റ് വാലിയെ പ്രത്യേക സംരംക്ഷിത ഡിവിഷനായി വിജ്ഞാപനം ചെയ്തു.


സൈലന്റ് വാലിയിൽ പഠനം നടത്തിയ ആദ്യ പ്രൊഫഷണൽ സസ്യ ശാസ്ത്രജ്ഞൻ ജെയിംസ് സൈക്കെസ് ഗാമ്പിൾ ആണ്.സിസ്​പാറയിലും വളപ്പാറയിലും അദ്ദേഹം വിശദമായ പഠനങ്ങൾ നടത്തി'ഫ്‌ളോറ ഓഫ് ദി പ്രസിഡൻസ് ഓഫ് മദ്രാസ്സ്' തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം സൈലന്റ് വാലിയിലും പഠനം നടത്തിയത്.


89 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇവിടം ദേശീയോദ്യാനങ്ങളിൽ താരതമ്യേന ചെറുതാണ്.നീലഗിരി പീഠഭൂമിയുടെ ഭാഗമായ കാട് തെക്കു ഭാഗം  പാലക്കാടൻ സമതലങ്ങളുമായി ചേർന്നു സ്ഥിതി ചെയ്യുന്നു.സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 658 മീറ്റർ മുതൽ 2384 മീറ്റർ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. കുന്തിപ്പുഴയാണ് സൈരന്ധ്രി വനത്തിലൂടെ ഒഴുകുന്ന ഏക നദി.2800 മി.മീ മുതൽ 3400 മി.മീ വരെയാണ് വാർഷിക വർഷപാതം.സൈലന്റ്‌വാലി ദേശീയോദ്യാന ത്തിന്റെ കിഴക്കൻ ഭാഗങ്ങൾ പശ്ചിമഘട്ടത്തിന്റെ മഴ നിഴൽ പ്രദേശങ്ങളായതു കൊണ്ട് മഴ കുറവാണ്.39°സെൽ‌ഷ്യസ് വരെ ഇവിടെ കൂടിയ ചൂടു രേഖപ്പെടുത്തി യിട്ടുണ്ടെങ്കിലും 20.2°സെൽ‌ഷ്യസ് ആണ് ശരാശരി ചൂട്.നീലഗിരി ജൈവ മേഖലയുടെ കാതൽ പ്രദേശമാണ് സൈരന്ധ്രി വനം.


1000 സസ്യ വംശങ്ങളെ മലബാർ മഴക്കാടുകളിൽ കണ്ടെത്തിയിട്ടുണ്ട്.966 ഇനം  സസ്യങ്ങളും പുഷ്പിക്കുന്നവയാണ്. 108 തരം ഓർക്കിഡുകളും അവയിൽ പെടുന്നു.170 ഇനം പക്ഷികളെ കണ്ടെത്തിയിട്ടുള്ളവയിൽ 31 വിഭാഗം ദേശാടകർ  ആണ്.100 ഇനം ചിത്രശലഭങ്ങൾ,400 ഇനം മറ്റു ശലഭങ്ങളേയും കണ്ടെത്തിയിട്ടുണ്ട്.


സിംഹവാലൻ കുരങ്ങ്,  കരിങ്കുരങ്ങ്, കുട്ടിത്തേവാങ്ക്, കടുവ, പുള്ളിപ്പുലി, അരയൻ പൂച്ച, ചെറു വെരുക്, തവിടൻ വെരുക്, കാട്ടു പട്ടി,പാറാൻ, കരടി, മ്ലാവ്, കേഴ, പുള്ളി മാൻ, കൂരമാൻ, ആന മുതലായവയാണ് ഈ പ്രദേശത്തു കാണുന്ന പ്രധാന മൃഗങ്ങൾ. കുറുച്ചെവിയൻ മൂങ്ങ,തവള വായൻ കിളി, ഷഹീൻ പ്രാപ്പിടിയൻ,  മലമുഴക്കി വേഴാമ്പൽ തുടങ്ങി ഒട്ടനവധി പക്ഷികളെ ഇവിടെ കാണാം.


ഓരോ വർഷം സൈലന്റ്‌ വാലിയിൽ നിന്നും ഓരോ വർഷവും ഓരോ പുതിയ ചെടികളെയെങ്കിലും കണ്ടെത്താറുണ്ട്. പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യ ത്തിനുള്ള പ്രധാന തെളിവാണ്. ശ്രീലങ്കയിൽ മാത്രം കണ്ടുവരുന്ന രണ്ടിനം ചെടികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. തവളവായൻ കിളി (Ceylon Frogmouth)എന്ന അത്യ പൂർവ്വ പക്ഷിയും ശ്രീലങ്കയിലാണ് സാധാരണ കണ്ടു വരുന്നത്. സൈലന്റ്‌വാലിയിൽ കണ്ടുവരുന്ന സിംഹ വാലൻ കുരങ്ങ് (Lion-tailed macaque), കരിങ്കുരങ്ങ് (Nilgiri langur) എന്നിവയാകട്ടെ ഐ.യു.സി.എൻ ചുവന്ന പട്ടികയിൽ വംശനാശോന്മുഖത്വം മൂലം സ്ഥാനം പിടിച്ചവയാണ്.


സൈലൻ്റ് വാലിയുടെ സംരക്ഷണ സമരത്തിലൂടെ കേരളത്തിൽ സജ്ജീവമായ  പ്രകൃതി സംരക്ഷണ പ്രക്ഷോഭങ്ങളുടെ മുഖ്യ സംഘാടകയുടെ വേർപാട് നാടിന് തീരാ നഷ്ട്ടമാണ്. മലയാള നാട് ഇന്നനുഭവിക്കുന്ന പരിസ്ഥിതി സംബന്ധിയായ തിരിച്ചടി കൾക്കും ധാർമികമായ ശോഷണത്തിനുമെതിരായ പോരാട്ടത്തിൽ സുഗത കുമാരി ടീച്ചറിൻ്റെ ഓർമ്മകൾ നാടിനു കരുത്തായി എന്നും നിലകൊള്ളും.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment