മഹാരാഷ്‌ട്രയിൽ ഉഷ്‌ണ തരംഗത്തിൽ എട്ട് മരണം; കടുത്ത വരൾച്ച




മുംബൈ: മഹാരാഷ്ട്രയിൽ ഉഷ്‌ണ തരംഗത്തിൽ എട്ടുപേർ ഇതുവരെ മരിച്ചതായി റിപ്പോർട്ട്. ഔറഗബാദ്, ഹിംഗോളി, പർഭണി, ബീഡ്, ദുലെ എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് മരിച്ചത്. കടുത്ത വരൾച്ചയാണ് മഹാരാഷ്ട്രയിൽ നേരിടുന്നത്. അന്തരീക്ഷത്തിലെ ബാക്ടീരിയയും വൈറസും പെരുകാൻ ഉയർന്ന താപനില കാരണമായിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. സംസ്ഥാനത്ത് ഉഷ്‌ണ തരംഗത്തെ തുടർന്ന് ഇതുവരെ 440 പേർ ചികിത്സ തേടിയിട്ടുണ്ട്.


അകോളാ, നാഗ്പ്പൂർ, ലാത്തൂർ, നാസിക് തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതൽ അസുഖബാധിതർ ഉള്ളത്. ശ്വാസ തടസം, ഛർദ്യതിസാരം, തൊണ്ടയിലെ അണുബാധ തുടങ്ങിയ വിവിധ രോഗങ്ങളാണ് പടർന്ന് പിടിക്കുന്നത്. ഉഷ്‌ണ തരംഗം മൂലം അസുഖ ബാധിതരാകുന്നവരെ ചികിൽസിക്കാൻ അസുഖം റിപ്പോർട്ട് ചെയ്‌ത ജില്ലകളിൽ പ്രത്യേക ക്ലിനിക്കുകൾ തുടങ്ങിയിട്ടുണ്ട്. 


വിദർഭ മേഖലയിലെ അകോളാ, ബുർഡദാന, നാഗ്‌പുഡാ, ബന്ദാര, ഗാഡ്ചിരോളി, ഗോണ്ടിയ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന താപനില അനുഭവപ്പെടുന്നത്. ഇവിടങ്ങളിൽ 45 ഡിഗ്രിക്ക് മുകളിലാണ് താപനില. ഇവിടങ്ങളിൽ കടുത്ത വരൾച്ചയാണ് നേരിടുന്നത്. മറാത്ത്‌വാഡ മേഖലയും അതിരൂക്ഷമായ വരൾച്ച നേരിടുന്നുണ്ട്. ഗ്രാമ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.


ഉഷ്‌ണ തരംഗം അനുഭവപ്പെടുന്നതിനാൽ ഉച്ചമുതൽ വൈകീട്ട് അഞ്ച് വരെ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കാര്ബണേറ്റഡ് പാനീയങ്ങൾ, മദ്യം, ചായ, കാപ്പി എന്നിവയുടെ ഉപയോഗം കുറക്കാനും വഴിയോര ഭക്ഷണവും പഴച്ചാറുകളും ഒഴിവാക്കാനും നിർദേശമുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment