Suo Motu അവകാശം അംഗീകരിച്ച സുപ്രീം കോടതിക്ക് കേരളത്തിന്റെ അഭിവാദനങ്ങൾ: ഭാഗം 2
ലോകത്താദ്യമായി പ്രകൃതി സംരക്ഷണത്തെ മുൻ നിർത്തി ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തിയ രാജ്യമാണ് ഇന്ത്യ. ഭരണഘടനയുടെ 42 ആം ഭേദഗതിയിൽ 48 A, 51 A വകുപ്പ് രൂപീകരിക്കുന്നതിലൂടെ സർക്കാരും ജനങ്ങൾ ഓരോരുത്തരും പ്രകൃതി സംരക്ഷണത്തിൽ എടുക്കേണ്ട ഉത്തരവാദിത്തങ്ങൾ അടിവരെയിട്ടു പറഞ്ഞിരുന്നു. ഇത്തരം ഉത്തരവാദിത്തങ്ങളെ മറന്നു പ്രവർത്തിക്കുവാൻ ഖനന മുതലാളിമാർ നിരന്തരം പദ്ധതികൾ ആവിഷ്ക്കരിക്കുന്നു. എല്ലാം മറന്ന് അവരെ പിൻ തുണക്കുവാൻ കേരള സർക്കാർ മടിക്കുന്നില്ല. കേരള ഹൈക്കോടതിയാകട്ടെ, ക്വാറി ഉടമകളുടെ ലാഭത്തെ മുൻ നിർത്തി വൻകിട വക്കീലന്മാർ അവതരിപ്പിക്കുന്ന യുക്തിയിൽ ന്യായം കണ്ടെത്തുവാനാണ് ശ്രമിച്ചിട്ടുള്ളത്.  


2020 ജൂലൈ 21 ലെ ദേശീയ ഹരിത ട്രൈബ്യൂണൽ വിധിയിൽ ഇടപെടുവാൻ കേരള ഹൈകോടതി കണ്ടെത്തിയ ന്യായം, ആർട്ടിക്കിൾ 21 ആയിരുന്നു. കേരളത്തിലെ 32 പാറ കച്ചവടക്കാരുടെ മൗലിക അവകാശത്തെ ട്രൈബ്യൂണൽ പരിഗണിച്ചില്ല എന്ന് ഹൈക്കോടതി വിശദീകരിക്കുമ്പോൾ, സംസ്ഥാനത്ത് കഴിഞ്ഞ കാൽ നൂറ്റാണ്ടെങ്കിലുമായി തുടരുന്ന വൻതോതിലുളള നിയമ ലംഘനങ്ങളും അതുണ്ടാക്കുന്ന പ്രശ്നങ്ങളും എന്തെന്ന് മനസ്സിലാക്കുവാൻ കോടതി മറന്നു പോയിരുന്നു.


ദേശീയ മലിനീകരണ ബോർഡിന്റെ ശാസ്ത്രീയമായ നിർദ്ദേശങ്ങൾ സ്വീകരിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ എടുത്ത തീരുമാനത്തെ ഫലത്തിൽ നടപ്പിലാക്കാതെ നോക്കുവാനാണ് കേരള സർക്കാരും കോടതിയിൽ വാദിച്ചത്. ആ ശ്രമങ്ങളെ തടയിടുവാൻ സുപ്രീം കോടതി തയ്യാറായത് പരിസ്ഥിതിയെ സംരക്ഷിക്കുവാൻ രാജ്യം കാട്ടേണ്ട ഉത്തരവാദിത്തത്തെ ഓർമ്മിപ്പിച്ചു കൊണ്ടാണ്.


രാജ്യത്തിന്റെ പരമാേന്നത കോടതി amicus Environment നെ (പരിസ്ഥിതി സൗഹൃദം) സ്മരിക്കുന്നു. Sui generis environment discourse (അതുല്യമായ /സമാനമില്ലാത്ത പരിസ്ഥിതി സംരക്ഷണം) എന്ന ഉത്തരവാദിത്തത്തെ പറ്റി കോടതി ബന്ധപ്പെട്ടവരെ ഓർമ്മിപ്പിച്ചു.


ജസ്റ്റിസ് ടി.എസ്. ദോബിയ സുപ്രീ കോടതിയിൽ പരിസ്ഥിതിയും മലിനീകരണ വിരുധ നിമയമങ്ങളും മുൻ നിർത്തി നടത്തിയ വിധി ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ പ്രസക്തമാണ്. പ്രകൃതി-പരിസ്ഥിതി സംരക്ഷണ വിഷയങ്ങളിൽ വിശാല കാഴ്ച്ചപ്പാടുകൾ വേണം. അവയിൽ ഇടപെടുവാൻ ട്രൈബ്യൂണൽ സജ്ജമായിരിക്കണം, അതിനുള്ള അവസരമുണ്ടാകണം. ജസ്റ്റിസ് ചന്ദ്രചൂഡും മറ്റുമെടുത്ത മുൻ നിലപാടുകളെ സുപ്രീം കോടതി സ്മരിച്ചു. പ്രൊ.ഡൊമെനിക്കോ അമിറാന്റെയുടെ ഹരിത കോടതിയെ പറ്റിയുള്ള വിലയിരുത്തൽ പ്രസക്തമാണ് എന്നു കോടതി പറഞ്ഞു.


സുപ്രീകോടതി നിയമിച്ച അമിക്കസ് ക്യുറി അഡ്വ. ആനന്ദ് ഗൗർ നൽകിയ ഉപദേശത്തെ കോടതി അംഗീകരിച്ചില്ല. (സ്വമേധയാ കേസെടുക്കുവാൻ അധികാരമില്ല എന്ന ന്യായത്തെ) ദേശീയ ഹരിത ട്രൈബ്യൂണൽ ഒരു Sui Generis institution ആണ് (അതുല്യമായ സ്ഥാപനം) എന്ന് പരമാേന്നത കാേടതി വ്യക്തമാക്കി.


മഴ, ജൈവ നാശം, സ്വാഭാവിക പരിസ്ഥിതി തകർച്ച എന്നിവ, ജല ദൗർലഭ്യം, കൃഷി നാശം, പൊതു ആരോഗ്യത്തിൽ തിരിച്ചടി മുതലായ പ്രശ്നങ്ങൾ വരുത്തിവെക്കുകയാണ്. ദേശീയ ഹരിത ട്രൈബ്യൂണൽ ദീർഘകാല പ്രതിരോധ പദ്ധതികളെ ലക്ഷ്യം വെക്കണം. അതിനായി സുസ്ഥിര പദ്ധതികൾ ആവിഷ്ക്കരിക്കണം. The Great Law of Iroquois നെ കോടതി വിധിയിൽ സൂചിപ്പിക്കുന്നുണ്ട്. (5 രാജ്യങ്ങളിലെ ആദിമ വാസികൾ1450 ൽ ഉണ്ടാക്കിയ പൊതു ധാരണ. ഈ നിയമത്തെ പറ്റി പിന്നീട് പ്രത്യേകം വിശദമാക്കും). കുഞ്ഞുങ്ങൾക്കും ഭാവി തലമുറക്കും ആസ്വദിക്കുവാൻ പ്രകൃതിയെ അവസരമുണ്ടാക്കണം എന്നു പറഞ്ഞ കാേടതി പ്രകൃതി ചൂഷണം ഫലത്തിൽ പാവപ്പെട്ടവരെ വളരെ മോശമായി ബാധിക്കുമെന്ന് വ്യക്തമാക്കി.


ലോക കാലാവസ്ഥ വ്യതിയാനം പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ന്യൂനപക്ഷങ്ങൾക്കും മറ്റു സാധാരണക്കാർക്കും കൂടുതൽ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ദേശിയ ഹരിത ട്രൈബ്യൂണലിന് പ്രകൃതി സംരക്ഷണത്തിൽ ശക്തമായ പങ്കു വഹിക്കാനുണ്ട്.  കേവലം തീർപ്പാക്കലിനപ്പുറമാകണം (Affirmative role not just Adjudication role) അത്. അവിടെ നോക്കുകുത്തിയാകരുത്. നിശബ്ദ സാന്നിധ്യമല്ല ആവശ്യം. തലനാര് കീറിയുള്ള വാദങ്ങളിലൂടെ പ്രകൃതി വിഭവങ്ങൾ നഷ്ടപെടാതെ നാേക്കണം. യാന്ത്രികമായ നിലപാടുകളിൽ നിന്നു പരമാവധി വിശാലമായ പ്രതിരോധ പ്രവർത്തത്തിന് അവസരമൊരുക്കുവാൻ ദേശിയ ഹരിത ട്രൈബ്യൂണലിന് കഴിയട്ടെ .പരാതികളും വാർത്തകളും ഗൗരവതരമായി പരിഗണിക്കുവാൻ ഹരിത കോടതിക്ക് അവകാശമുണ്ട്. Suo മൊട് (സ്വമേധയാ കേസ്സ് എടുക്കൽ) സാമൂഹിക ഉത്തരവാദിത്തത്തോടെ പ്രയോജനപ്പെടുത്തുന്നതിനെ സുപ്രീം കോടതി സ്വാഗതം ചെയ്യുകയാണ് എന്ന് ഒക്ടോബർ 7 ന് വ്യക്തമാക്കി 


Waiting for God - ot എന്ന സാമുവൽ ബക്കറ്റിന്റെ (ഐറിഷ് ) നാടകത്തിൽ (The theatre of the Absurd) രണ്ടു കഥാപാത്രങ്ങൾ ഗോദ എന്ന മൂന്നാമനെ പ്രതീക്ഷി ക്കുന്നു.ആ കാത്തിരിപ്പ് കാത്തിരിപ്പായി മാത്രം തുടരുന്നു.ഈ നാടകത്തെ പരാമർ ശിച്ചു കൊണ്ട് ദേശീയ ഹരിത ട്രൈബ്യൂണലിനോടായി പരമോന്നത കോടതി പറയുകയാണ് ആരെങ്കിലും വരുമെന്നു കാത്തിരുന്ന് സമയം കളയരുതെന്ന്.  പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി ഉണർന്നു പ്രവർത്തിക്കുക .പിൻ തുണക്കുവാൻ ഇന്ത്യൻ സുപ്രീം കോടതിയുണ്ടാകുമെന്ന്. 


കൊന്നകൽ കടവ് ഗ്രാമീണർ എം. ഹരിദാസിന്റെ നേതൃത്വത്തിൽ പ്രധാന മന്ത്രി ക്കും ഒപ്പം ദേശീയ ഹരിത ട്രൈബ്യൂണലിനും അയച്ച പരാതിയിൽ എടുത്ത നിലപാടുകളെ സുപ്രീം കോടതി സർവ്വാത്മനാ അംഗീകരിക്കുവാൻ തയ്യാറയത് കേരള സർക്കാരിന്റെ കണ്ണു തുറപ്പിക്കുമോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment