ടെക്‌നോ പാർക്കിൻ്റെ മൂന്നാം ഘട്ട നിർമ്മാണത്തിന് അനുമതി - വസ്‌തുതകളും നാൾവഴിയും




തിരുവനന്തപുരം ടെക്‌നോ പാർക്കിൻ്റെ മൂന്നാം ഘട്ട നിർമ്മാണത്തിന് ഉണ്ടായിരുന്ന സുപ്രീം കോടതി സ്റ്റേ നീക്കിയിരിക്കുന്നു. ടെക്‌നോ പാർക്കിന്റെ മറവിൽ ഏക്കർ കണക്കിന് തണ്ണീർത്തടം നികത്തി തരം മാറ്റുന്നത് തടഞ്ഞ സുപ്രീം കോടതി നിലപാടാണ് ഇതോടെ അസാധുവായിരിക്കുന്നത്. 


ടെക്‌നോ പാർക്ക് പാർക്ക് മുന്നാം ഘട്ട വികസനം - വസ്‌തുതകളും നാൾവഴിയും


1) 2014 ഒക്‌ടോബർ 10.

GO(Ms) No. 26/ 2014/ITD എന്ന സർക്കാർ ഉത്തരവ് പ്രകാരം ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്‌സ് എന്ന അമേരിക്കൻ റിയൽ എസ്‌റ്റേറ്റ് ബ്രോക്കറേജ് കമ്പനിക്ക് ടെക്‌നോ പാർക്കിന് കീഴിലെ 19.73 ഏക്കർ ഭൂമി 90 വർഷത്തെ പാട്ടത്തിന് കൊടുക്കാൻ കരാറുണ്ടാക്കാൻ ടെക്നോ പാർക്കിന് അനുമതി നൽകുന്നു.പൊതു ആവശ്യത്തിന് സർക്കാർ ഏറ്റടുത്ത ഭൂമി കൊമേർഷ്യൽ ആവശ്യത്തിന് നൽകാനുള്ള നിയമവിരുദ്ധ ഉത്തരവ് ഒപ്പം ഉണ്ടായിരുന്നു. 


2) 2015 സെപ്റ്റംബർ 30

മേൽപറഞ്ഞ സർക്കാർ ഉത്തരവ് പ്രകാരം ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്‌സ് എന്ന കമ്പനിയുമായി ടെക്‌നോ പാർക്ക് "ഫ്രേം വർക്ക് എഗ്രിമെന്റ്" നടപ്പിലാക്കുന്നു.  


3) തണ്ണീർത്തടങ്ങൾ നികത്താൻ അനുമതി കൊടുക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല.പരിസ്ത്ഥിതി യാഥാർഥ്യങ്ങൾ അനുസരിച്ചും  നിയമങ്ങൾ പ്രകാരവും തണ്ണീർത്തടങ്ങളും നെൽവയലും രണ്ട് വ്യത്യസ്ത സ്വഭാവം ഉള്ള പ്രദേശങ്ങളാണ്. 


4) കേരള നെൽവയൽ തണ്ണീർത്തട നിയമ പ്രകാരം അതാത് പ്രദേശത്തെ കൃഷി ഓഫീസർ ആണ് ഭൂമി നെൽവയൽ ആണോ, തണ്ണീർത്തടം ആണോ എന്ന് പഠിച്ച്  റിപ്പോർട്ട് ചെയ്യുന്നത്. 


5) 2017 ഡിസംബർ 26

ടെക്‌നോ പാർക്ക് CEO ആറ്റിപ്ര കൃഷി ഓഫിസർക്ക് ടെക്‌നോ പാർക്കിന്റെ ഉടമസ്ഥതയിലുള്ള 19.73 ഏക്കർ ഭൂമി കരഭൂമി ആയി തരം മാറ്റാൻ അനുമതി തേടി കത്തയക്കുന്നു. 


6) 2018 ജനുവരി 01

സ്ഥലം സന്ദർശിച്ച് പരിശോധിച്ച ആറ്റിപ്ര കൃഷി ഓഫിസർ കണ്ടത് വലിയ തോതിൽ തണ്ണീർത്തടം നികത്തൽ നടന്നു വരുന്നതാണ്. അതീവ പ്രാധാന്യം അർഹിക്കുന്ന വേളി-ആക്കുളം തണ്ണീർത്തടം അനധികൃതമായി നികത്തി തരംമാറ്റം ചെയ്തുവന്നു, 


7) 2018 ജനുവരി 03

ആറ്റിപ്ര കൃഷി ഓഫിസർ തിരുവനന്തപുരം ആർ.ഡി.ഓ -യെ വിവരം അറിയിച്ചു.അടിയന്തരമായി ടെക്‌നോ പാർക്കിന്റെ മറവിൽ വേളി-ആക്കുളം തണ്ണീർത്തടം നികത്തുന്നത് തടയണം എന്നും, "സ്റ്റോപ്പ് മെമ്മോ" പുറപ്പെടുവിക്കണം എന്നും ആവശ്യപ്പെട്ടു. തുടർന്ന് ആർ.ഡി.ഓ. സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിക്കുന്നു. ഇത് ധിക്കരിച്ച് നികത്തൽ തുടരുന്നു. 


8) 2018 ജനുവരി 19

ടെക്‌നോ പാർക്ക് CEO അപേക്ഷ പ്രകാരവും ആറ്റിപ്ര കൃഷി ഓഫിസറുടെ റിപ്പോർട്ടുകൾ കണക്കിലെടുക്കാതെയും തിരുവനന്തപുരം ജില്ലാ കളക്ടർ  പ്രസ്‌തുത പ്രദേശം തണ്ണീർത്തടം ആണെന്നുള്ള വസ്‌തുത മറച്ച് വെച്ച് പ്രസ്‌തുത ഭൂമി തരം മാറ്റം ചെയ്യാം എന്ന് ചീഫ് സെക്രട്ടറിക്ക് മറുപടി നൽകുന്നു. 


9) 2018 ഫെബ്രുവരി 03

തിരുവനന്തപുരം ജില്ലാ കളക്ടറുടെ മറുപടി ലഭിച്ചതോടെ ആക്കുളം തണ്ണീർത്തടം നെൽവയൽ ആയി തെറ്റായി കാണിച്ച് നികത്താൻ അനുമതി നൽകി കേരള സർക്കാർ ഉത്തരവിറക്കുന്നു. (നെൽവയൽ ആണെങ്കിൽ തന്നെ 19.73 നികത്താനുള്ള ഉത്തരവ് നിയമവിരുദ്ധം. നെൽവയൽ നിയമത്തിലെ കേരള സർക്കാർ നിയമ ഭേദഗതി തന്നെ കേന്ദ്ര നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്).


10) 2018 മാർച്ച് 14

'ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്‌സ്' എന്ന അമേരിക്കൻ റിയൽ എസ്‌റ്റേറ്റ് ബ്രോക്കറേജ് കമ്പനിയും, ബാംഗ്ലൂർ ആസ്ഥാനമായ 'എംബസി ഹോൾഡിങ്‌സ്' എന്ന കമ്പനിയും ചേർന്നുണ്ടാക്കിയ ജോയിന്റ് വെഞ്ചർ സബ്സിഡിയറി കമ്പനികളുമായി ടെക്‌നോപാർക്ക് മേൽ പറഞ്ഞ ഭൂമിയിൻ മേൽ 90 വർഷത്തെ പാട്ടക്കരാർ ഉണ്ടാക്കുന്നു. സർക്കാർ നിബന്ധനകളുടെ പൂർണ്ണ ലംഘനമാണിവിടെ നടന്നത്. ഫ്രേം വർക്ക് എഗ്രിമെന്റ് ഉണ്ടാക്കിയ കമ്പനിയുമായോ അല്ലെങ്കിൽ അതിന്റെ പൂർണ്ണ ഉടമസ്ഥതയിൽ ഉള്ള കമ്പനികളുമായോ മാത്രമേ പാട്ട കരാർ ഉണ്ടാക്കാൻ പാടുള്ളു.  ഇവിടെ പാട്ടക്കരാർ ഉണ്ടാക്കിയ കമ്പനികളിൽ 51% മാത്രമാണ് ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്‌സിന്റെ ഉടമസ്ഥാവകാശം. അതായത് 49 ശതമാനം കേരള സർക്കാരുമായുള്ള ഫ്രേം വർക്ക് എഗ്രിമെന്റിന്റെ ബലത്തിൽ വിറ്റ് ലാഭം ഉണ്ടാക്കി. 


11) പ്രാദേശിക നിരീക്ഷണ സമിതി, കൃഷി വകുപ്പ് ഓഫീസർ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, ആറ്റിപ്ര വാർഡ് കൗൺസിലർ, തിരുവനന്തപുരം കോർപറേഷൻ എന്നിവർ ചൂണ്ടി കാണിച്ച ലംഘനങ്ങളും കയ്യേറ്റങ്ങളും ഒന്നും തന്നെ ടെക്‌നോ പാർക്ക്, ജില്ലാ കളക്ടർ, കേരള സർക്കാർ തുടങ്ങിയവർ കണ്ടില്ല എന്ന് നടിച്ചു.  

 

12) 2018 ഡിസംബർ 19


ശ്രീ. തോമസ് ലോറൻസ് എന്ന വ്യക്തിയുടെ പരാതിയിൽ നാഷണൽ ഗ്രീൻ ട്രിബ്യൂണൽ തിരുവനന്തപുരം ജില്ലാ കളക്ടറോട് നിയമപ്രകാരം നടപടികൾ സ്വീകരിക്കാൻ ഉത്തരവിട്ടു. കൃഷി വകുപ്പ് ഓഫീസറുടെ റിപ്പോർട്ട് ആണ് നിയമ പ്രകാരമുള്ള റിപ്പോർട്ട്. ഇതനുസരിച്ച് നടപടി എടുക്കാൻ ജില്ലാ കളക്ടർ നിർബന്ധിതമായി. അതായത് മേൽപറഞ്ഞ 19.73 ഏക്കർ തണ്ണീർത്തടത്തിൽ നികത്തലും നിർമാണവും നിർത്തി വെച്ച് തണ്ണീർ ത്തടവും തടാകവും പുനഃസ്ഥാപിക്കുക എന്ന ഉത്തരവ് പാലിക്കാൻ.എന്നാൽ സർക്കാർ നാഷണൽ ഗ്രീൻ ട്രിബ്യൂണൽ ഉത്തരവ് നടപ്പിലാക്കാൻ തയാറായില്ല. 


13) 2020 ജൂൺ 04.സുപ്രീം കോടതി 19.73 ഏക്കറിൽ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തി വെയ്ക്കാൻ ഉത്തരവിറക്കിയിരുന്നു.


ജസ്റ്റിസ് രോഹിംഗ്ടൺ നരിമാൻ അധ്യക്ഷനായ ബഞ്ച് ടെക്‌നോ പാർക്കിൻ്റെ മൂന്നാം ഘട്ട നിർമ്മാണത്തിന് ഉണ്ടായിരുന്ന സ്റ്റേ ഇപ്പോൾ നീക്കിയിരിക്കുന്നു. എന്നാൽ നിലവിലെ കേസ്സിൽ തീർപ്പു കൽപ്പിച്ചു എങ്കിലും എട്ടാഴ്‌ച്ചകം പുതിയ റിപ്പോർട്ട് നൽകുവാൻ ഹർജിക്കാരന് അവകാശമുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment