വായുമലിനീകരണ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി




ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. മലിനീകരണം നിയന്ത്രിക്കുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടു. അവര്‍ ജനങ്ങളെ മരിക്കാന്‍ വിട്ടിരിക്കുകയാണെന്നും കോടതി. മുറികള്‍ക്കുള്ളില്‍ പോലും ആരും സുരക്ഷിതരല്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. 


വായുമലിനീകരണ വിഷയം പരിഗണിക്കവേ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ചാണ് രൂക്ഷ വിമര്‍ശനം നടത്തിയത്. ഇക്കാര്യത്തില്‍ നടപടിയാണ് ആവശ്യമെന്നും കോടതി പറഞ്ഞു. വായുമലിനീകരണം മൂലം ജനങ്ങള്‍ക്ക് അവരുടെ ജീവിതത്തിലെ അമൂല്യമായ വര്‍ഷങ്ങള്‍ നഷ്ടപ്പെടുകയാണ്‌. പരിഷ്‌കൃത രാജ്യങ്ങളില്‍ ഇങ്ങനെ നടക്കാന്‍ പാടില്ല. ജീവിക്കാനുള്ള അവകാശം ഏറ്റവും പ്രധാനപ്പെട്ടതാണെന്നും സൂപ്രീംകോടതി പറഞ്ഞു. 


ഡല്‍ഹിക്ക് എല്ലാ വര്‍ഷവും ശ്വാസം മുട്ടുകയാണ്. നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. എല്ലാ വര്‍ഷവും ഇത് സംഭവിക്കുന്നു. 10-15 ദിവസത്തേക്ക് ഇത് തുടരുകയും ചെയ്യുന്നു. ഇത്തരമൊരു അന്തരീക്ഷത്തില്‍ നമുക്ക് അതിജീവിക്കാനാകുമോ എന്നും കോടതി ചോദിക്കുന്നു. 


ഡല്‍ഹിയിലെ സ്ഥിതി ഭയാനകമാണ്. കേന്ദ്രവും ഡല്‍ഹിയുമെന്ന നിലയില്‍ ഈ മലിനീകരണം കുറയ്ക്കാന്‍ എന്ത് ചെയ്യാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന്‌ കോടതി ആരാഞ്ഞു. പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളോട് വിള അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് കുറയ്ക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment