തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാനുള്ള ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി




തമിഴ്‌നാട്ടില്‍ വന്‍പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാനുള്ള ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഹരിത ട്രൈബ്യൂണലിന് ഈ കേസില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. വേദാന്ത ഗ്രൂപ്പിനോടും തമിഴ്‌നാട് സര്‍ക്കാരിനോടും മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഇതോടെ ദേശീയ ഹരിത ട്രൈബ്യൂണലിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.


സുപ്രീംകോടതി വിധിയോടെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തല്‍ക്കാലം അടഞ്ഞുതന്നെ കിടക്കുമെന്നുറപ്പായിരിക്കുകയാണ്. സ്റ്റെര്‍ലൈറ്റ് പ്ലാന്റില്‍ നിന്ന് ഉയരുന്ന വിഷപ്പുക അന്തരീക്ഷ മലിനീകരണം രൂക്ഷമാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധമായിരുന്നു നടന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ ഉണ്ടായ പൊലീസ് വെടിവെപ്പില്‍ കഴിഞ്ഞ മെയ് മാസത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ തമിഴ്‌നാട് സര്‍ക്കാര്‍ തന്നെ പ്ലാന്റിനുള്ള ലൈസന്‍സ് റദ്ദാക്കുകയായിരുന്നു.


കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് വേദാന്ത ഗ്രൂപ്പിന്റെ തൂത്തുകുടിയിലെ ചെമ്പ്  ശുദ്ധീകരണ ശാല തുറക്കാന്‍ ഹരിത ട്രൈബ്യുണല്‍ അനുമതി നല്‍കിയത്. ഇതിനെതിരെ തമിഴ്‌നാട് സര്‍ക്കാരും പരിസ്ഥിതി സംഘടനകളും നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ സുപ്രീംകോടതി വിധി വന്നിരിക്കുന്നത്. 


2018 മെയ് 22 നാണ് തൂത്തുക്കുടിയിൽ വേദാന്തയുടെ ഉടമസ്ഥതയിലുള്ള സ്റ്റെർലിങ് ചെമ്പ് വ്യവസായ യൂണിറ്റിനെതിരെ കലക്ടറേറ്റ് മാർച്ച് നടക്കുന്നത്. ഈ കമ്പനിക്കെതിരെ നടക്കുന്ന ആദ്യസമരമായിരുന്നില്ല അത്. 1999 മുതൽ പലഘട്ടങ്ങളിലായി വേദാന്തക്കെതിരെ സമരങ്ങൾ നടന്നുവരുന്നുണ്ടായിരുന്നു. എന്നാൽ ആ സമരങ്ങളിൽ നിന്നും വ്യത്യസ്തമായി മെയ് 22 ലെ സമരം ലോകശ്രദ്ധയാകർഷിച്ചു. അവകാശങ്ങൾക്കായി പോരാടിയ ഒരു ജനതക്കെതിരെ ഭരണകൂടം അതിന്റെ മർദ്ദന മുറകൾ പുറത്തെടുത്തതാണ് ഈ സമരം ശ്രദ്ധിക്കപ്പെടാൻ കാരണമായത്. പോലീസ് നരനായാട്ടിൽ 13 പേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. 


ലോകത്തെ വളരെ പരിസ്ഥിതി പ്രധാനമായ മാന്നാര്‍ കടലിടുക്കില്‍ നിന്നും 15 കി.മീ. അകലെ മാത്രം സ്ഥിതി ചെയ്യുന്ന തൂത്തുക്കുടിയിലെ വന്‍കിട ചെമ്പ് ഫാക്ടറിക്കെതിരെ 1999 മുതല്‍ പലകുറി സമരങ്ങള്‍ നടന്നുവരുന്നുണ്ട്. കമ്പനി പ്രവർത്തിച്ചത് മൂലം ജലമലിനീകരണം അനുവദിച്ചതിലും 12 ഇരട്ടിയാണ് പ്രദേശത്ത് ഉണ്ടാക്കിയത്. ഇത്  രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിലേക്ക് എത്തിച്ചു. യൂണിറ്റിലുണ്ടായ സള്‍ഫര്‍ ചോര്‍ച്ചയുടെ ഭാഗമായി ഉണ്ടായ മരണമാണ് ജനങ്ങളെ തെരുവിലിറക്കിയത്. സമരം ശക്തമായതോടെ തമിഴ്നാട്‌ സര്‍ക്കാര്‍ ഫാക്ടറി പൂട്ടാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഹരിത ട്രിബ്യൂണല്‍ ഫാക്റ്ററി പ്രവര്‍ത്തിക്കുവാന്‍ അനുവദിച്ചു.


പിന്നീട്, വ്യവസായം വിപുലീകരിക്കുവാന്‍ തമിഴ്നാട്‌ സര്‍ക്കാര്‍ നല്‍കിയ സഹായം സ്വീകരിച്ചുള്ള പ്രവര്‍ത്തനവുമായി ഉടമകള്‍ മുന്നോട്ട് പോകാൻ തീരുമാനിച്ചു. ഇതിനെതിരെ നടന്ന സമരത്തിലാണ് 13 പേരുടെ ജീവൻ ബലികഴിക്കപ്പെടുന്നത്. ജന രോക്ഷത്താല്‍ അടച്ചിട്ട ഫാക്റ്ററി വീണ്ടും തുറന്നു പ്രവര്‍ത്തിക്കുവാന്‍ വീണ്ടും ഹരിത ട്രിബ്യൂണല്‍ അനുവാദം കൊടുത്തിരിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഇപ്പോൾ സുപ്രീം കോടതി വിധി വന്നിരിക്കുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment