തണ്ണീർത്തടം നികത്തി നിർമാണം വേണ്ട; ടെക്‌നോ പാർക്ക് സ്റ്റേ ഒഴിവാക്കാതെ സുപ്രീം കോടതി




തിരുവനന്തപുരം: ടെക്‌നോ പാർക്ക് വികസനത്തിനായി തണ്ണീർത്തടം നികത്താനുള്ള നീക്കത്തിന് സുപ്രീം കോടതിയുടെ തിരിച്ചടി. ടെക്‌നോ പാർക്കിന്റെ മൂന്നാം ഘട്ടത്തിന്റെ വികസനത്തിനായി തണ്ണീർത്തടം നികത്തിയുള്ള നിർമാണം നടത്തുന്നതിനെതിരെ സുപ്രീം കോടതി നേരത്തെ സ്റ്റേ നൽകിയിരുന്നു. ഈ സ്റ്റേ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിർമാണ കമ്പനികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.


കഴിഞ്ഞ ജൂൺ നാലിനായിരുന്നു സുപ്രീം കോടതി തണ്ണീർത്തടം നികത്തിയുള്ള വികസന നിർമാണം സ്റ്റേ ചെയ്‌തത്‌. ഇതിനെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ജസ്റ്റിസുമാരായ ആർ എഫ് നരിമാനും നവീൻ സിൻഹയും ഇന്ദിരാ ബാനർജിയും ഉൾപ്പെട്ട ബെഞ്ച് ഇന്നലെ തള്ളുകയായിരുന്നു. നിർമാണത്തിന് ഉദ്ദേശിക്കുന്ന സ്ഥലത്തെ അവസ്ഥയിൽ മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതി പറഞ്ഞു.


ടോറസ് ഡൗൺ ടൗൺ പദ്ധതിയിലെ നിർമാണം സ്റ്റേ കാരണം മുടങ്ങിയെന്ന് പറഞ്ഞ് ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിഗ്‌സിന്റെ ഉപകമ്പനികളായ വിന്റർഫെൽ റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡും ഡ്രാഗൺ സ്റ്റോൺ റിയാലിറ്റിയുമാണ് അപ്പീലുകൾ സമർപ്പിച്ചിരുന്നത്. 


തണ്ണീർത്തടം നികത്തിയുള്ള നിർമാണം തടയണമെന്ന് അഭ്യർത്ഥിച്ച് പരിസ്ഥിതി പ്രവർത്തകൻ തോമസ് ലോറൻസ് 2018 ൽ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. തണ്ണീർത്തട സംരക്ഷണത്തിനുള്ള കേരള നിയമവും കേന്ദ്ര നിയമവും ലംഘിച്ചാണ് 19.75 ഏക്കർ സ്ഥലം നികത്താൻ ടെക്‌നോ പാർക്കിന് കേരള സർക്കാർ അനുമതി നൽകിയതെന്ന് അദ്ദേഹം ഹർജിയിൽ പറഞ്ഞിരുന്നു. ഹർജി പരിഗണിച്ച ഹരിത ട്രൈബ്യൂണൽ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കാൻ തിരുവനന്തപുരം ജില്ലാ കലക്ടറോട് നിർദേശിച്ചിരുന്നു.


എന്നാൽ ജില്ലാ ഭരണകൂടം വിഷയത്തിൽ നടപടി എടുത്തില്ല. മാത്രമല്ല, പ്രദേശത്ത് നിർമാണ പ്രവർത്തനങ്ങൾ തുടരുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ് തോമസ് ലോറൻസ് സുപ്രീം കോടതിയെ സമീപിച്ച് സ്റ്റേ നേടിയെടുത്തത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment