വനാവകാശ നിയമം ആദിവാസികളെ തിരിഞ്ഞ് കുത്തുകയാണ് 




വന അവകാശ നിയമത്തെ (2006) വനത്തിന്റെ കൈവശാവകാശക്കാരായ ആദിമ വാസികൾക്കു കൂടുതൽ  പ്രതിസന്ധി സൃഷ്ടിക്കുന്ന തരത്തിൽ ഭരണഘടനാ സംവിധാനങ്ങൾ മാറ്റിയിരിക്കുന്നു എന്നു തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം ഉണ്ടായ സുപ്രിം കോടതി വിധി . 1127446  ആദിമവാസികളെ അവരുടെ ആവാസ വ്യവസ്ഥയിൽ നിന്നു  പുറത്താക്കുവാൻ (ജൂലൈ 27 നകം ) നിർദ്ദേശം നൽകുന്ന കോടതി തീരുമാനം ,  ആദിമ വാസികളോട് സർക്കാർ സംവിധാനം പിൻ തുടരുന്ന പഴയ കാല നിലപാടുകളെ ഒരിക്കൽ കൂടി  ഓർമ്മിപ്പിക്കുന്നതാണ്.


രാജ്യത്തെ വനഭൂമിയുമായി ബന്ധപ്പെട്ട് 25 കോടി ജനങ്ങൾ ജീവിക്കുന്നുണ്ട് അതിൽ 10 കോടിയും ആദിമവാസികളാണ്. വനഭൂമിയിൽ താമസിക്കുന്നവർക്ക് (2005 ഡിസംബർ 13 നു മുൻപ് ) 4 ഹെക്ടർ പരമാവധി സ്ഥലം (?) ലഭ്യമാക്കുന്ന നിയമം, വന വിഭവങ്ങൾക്കു മുകളിൽ (ചെറുകിട വന വിഭവങ്ങൾ ) വനത്തിൽ ജീവിച്ചു വരുന്നവർക്ക് അവകാശങ്ങൾ നൽകുന്നു എന്നാണ് വ്യക്തമാക്കുന്നത്.


2006 ൽ നിയമമായി മാറിയ വന അവകാശ നിയമം മുൻപുണ്ടായിരുന്ന 1927 ലെയും 1972 ലെയും വന-വന്യജീവി നിയമങ്ങളുടെ പരിമിതികൾ പരിഹരിക്കുവാനാണ് എന്നവകാശപ്പെട്ടിരുന്നു. കടുവാ , ആന മുതലായ സങ്കേതങ്ങളിൽ നിന്നും ജനവാസ മൊഴിപ്പിക്കൽ, ആദിവാസികൾക്ക് വനത്തിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രിക്കൽ മുതലായ വന സംരക്ഷണത്തിനായുള്ള സർക്കാർ പദ്ധതികൾ വനത്തിന്റെ ഉടമസ്ഥാവകാശം സർക്കാർ ഉദ്യോഗസ്ഥരുടെ കൈയ്യിലെത്തിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളാൽ  രാജ്യത്തെ വികസനത്തിന്റെ  ഭാഗമായി 50 ലക്ഷം ആദിവാസികൾക്ക് ഭൂമി ഉപേക്ഷിച്ച് തെരുവിൽ അലയേണ്ടി വന്ന സാഹചര്യങ്ങൾ നാളിതുവരെയായി പരിഹരിച്ചിട്ടില്ല.


വന സംരക്ഷണ നിയമത്തിന്റെ ഭാഗമായി 42.19 ലക്ഷം അപേക്ഷകർ വനഭൂമിയുമായി ബന്ധപ്പെട്ട്  ഉണ്ടായിരുന്നു.അതിൽ 18.89 ലക്ഷം ആളുകൾക്കു മാത്രമാണ് വനഭൂമിയിൽ അവകാശം ലഭ്യമായത്. 23.30 ലക്ഷം ആളുകൾക്ക് അവകാശം നിഷേധിച്ചു എന്നർത്ഥം. 


കേരളത്തിലെ ആദിവാസികൾ അവരുടെ ഭൂമിയിൽ നിന്നും പല കാരണത്താൽ പുറത്തായി കൊണ്ടിരിക്കുന്നു.. മറ്റു പലതരത്തിലുള്ള പ്രതിസന്ധികൾ അവരെ അലട്ടുന്നുണ്ട്. ഇപ്പോഴത്തെ സുപ്രീം കോടതി വിധി കേരളത്തിലും ആദിവാസികളിൽ 906 പേർക്ക് വനഭൂമി നഷ്ടപെടുന്ന അവസ്ഥ ഉണ്ടായിരിക്കുന്നു. കോടതിക്കു മുൻപാകെ വേണ്ട തരത്തിൽ വിഷയങ്ങൾ അവതരിപ്പിക്കുവാൻ കേന്ദ്ര സർക്കാർ വിജയിക്കാതിരുന്നത് പ്രശ്നങ്ങളെ കൂടുതൽ രൂക്ഷമാക്കി. വന  സംരക്ഷണത്തിന്റെ മറവിൽ ആദിവാസികൾക്ക് ഭൂമി നഷ്ടപ്പെടുന്ന അവസ്ഥ കേരളത്തിലും വനത്തിന്റെ യഥാർത്ഥ ഉടമകളെ  പ്രതിസന്ധിയിലെത്തിച്ചു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment