താപവൈദ്യുത നിലയങ്ങൾ മലിനീകരണം നിയന്ത്രിക്കണം ; അന്ത്യശാസനവുമായി സുപ്രീം കോടതി




കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള 57 താപനിലയങ്ങളിൽ മലിനീകരണ നിയന്ത്രണ ചട്ടം നടപ്പിലാക്കാൻ 28 മാസത്തെ അന്തിമസമയം അനുവദിച്ച് സുപ്രീം കോടതി. താപ വൈദ്യുത നിലയങ്ങൾ പുറന്തള്ളുന്ന സൾഫർ ഡയോക്സൈഡ്, പർട്ടിക്കുലേറ്റ് മാറ്റർ എന്നിവയുടെ അളവ് 28 മാസത്തിനുള്ളിൽ അനുവദനീയ പരിധിക്കുള്ളിൽ കൊണ്ട് വരണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. ഈ 57 താപനിലയങ്ങളും ജനസാന്ദ്രതയേറിയതും, രൂക്ഷമായ മലിനീകരണം നേരിടുന്നതുമായ പ്രദേശങ്ങളിലാണ്.ജസ്റ്റിസുമാരായ മദൻ ബി ലോക്കൂർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്  സെപ്റ്റംബർ ഏഴിന് പുറപ്പെടുവിച്ച വിധിയിൽ സംസ്ഥാന ഗവണ്മെന്റുകളും സ്വകാര്യ കമ്പനികളും നിയന്ത്രിക്കുന്ന 48 മറ്റു പ്ലാന്റുകൾ കൂടി മലിനീകരണ നിയന്ത്രണ പദ്ധതിയുടെ കീഴിൽ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

 


മലിനീകരണ നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള സമയപരിധി നീട്ടുന്നത് സംബന്ധിച്ച് നടന്ന വാദത്തിൽ, 500 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള 57 താപനിലയങ്ങളിൽ 2021 ഡിസംബർ 31 നകം എമിഷൻ സ്റ്റാൻഡേർഡ്‌സ് നടപ്പിലാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇതിൽ 48 എണ്ണം നാഷണൽ തെർമൽ പവർ കോർപ്പറേഷന് കീഴിലും, 9 എണ്ണം ദാമോദർ വാലി കോർപ്പറേഷന് കീഴിലുമാണ്. നൈട്രജൻ ഓക്‌സൈഡ് എമിഷൻ നിയന്ത്രിക്കാൻ 2022 വരെ സമയം വേണമെന്നും ഇതിനായുള്ള ഒരു പൈലറ്റ് പദ്ധതി എൻ.ടി.പി.സി നടപ്പാക്കി വരികയാണെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. പരിസ്ഥിതി അഭിഭാഷകനായ ഋതിക് ദത്ത് കേസിൽ കോടതിക്ക് വേണ്ടി അമിക്കസ് ക്യൂറി ആയി പ്രവർത്തിച്ചു. 

 

രൂക്ഷമായ മലിനീകരണത്തിന് കരണമാകുന്നതും , ചതുരശ്ര കിലോമീറ്ററിൽ 400 ജനസാന്ദ്രതയുള്ളതുമായ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നതുമായ  500 മെഗാവാട്ടിൽ കൂടുതൽ ശേഷിയുള്ള താപവൈദ്യുത നിലയങ്ങളിലെ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ സംബന്ധിച്ച കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ. ഉത്തർപ്രദേശാണ് ഇത്തരം പ്ലാന്റുകളുടെ എണ്ണത്തിൽ മുന്നിൽ 10 പ്ലാന്റുകൾ. 9 പ്ലാന്റുകളുമായി ബംഗാളാണ് തൊട്ടുപിന്നിൽ ഉള്ളത്. ഒഡിഷ മധ്യപ്രദേശ് എന്നിവിടങ്ങളിൽ ആറു വീതവും, ബിഹാറിൽ അഞ്ചും, ആന്ധ്ര, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നാലും, തമിഴ്നാട്, ഹരിയാന, ജാർഖണ്ഡ് എന്നിവിടങ്ങളിൽ മൂന്ന് വീതവും താപവൈദ്യുത നിലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 

 

സൾഫർ ഡയോക്സൈഡ് മാലിന്യത്തിന്റെ കാര്യത്തിൽ ഇന്ത്യ ചൈനയേക്കാൾ മുന്നിലാണെന്നും 33 ദശലക്ഷം മനുഷ്യർ സൾഫർ ഡയോക്സൈഡിനാൽ മലിനീകരിക്കപ്പെട്ട അന്തരീക്ഷത്തിൽ കഴിയുന്നതായും അന്തരാഷ്ട്ര ഗവേഷകർ മുന്നറിയിപ്പ് നൽകിയിരുന്നു. താപവൈദ്യുത നിലയങ്ങൾ പുറന്തള്ളുന്ന സൾഫർ ഡയോക്സൈഡ് നിയന്ത്രിക്കണമെങ്കിൽ ഫ്ലൂ ഗ്യാസ് ഡീസൽഫറൈസേഷൻ (എഫ്.ജി.ഡി) എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കണം. നൈട്രജൻ ഡയോക്സൈഡ് എമിഷൻ കുറയ്ക്കാനും ആധുനിക സാങ്കേതിക സംവിധാനങ്ങൾ ലഭ്യമാണ്. പരിസ്ഥിതിയെയും മനുഷ്യരുടെ ആരോഗ്യത്തെയും കണക്കിലെടുത്ത് ഇവ സ്ഥാപിക്കാൻ മടിക്കുന്നതാണ് മലിനീകരണത്തിന്റെ തോത് വർദ്ധിക്കാൻ കാരണം. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment