ന്യൂനമർദം ടൗട്ടേ ചുഴലിക്കാറ്റായി മാറി; കേരളത്തിൽ കനത്ത മഴ തുടരുന്നു




തെക്കുകിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യൂനമർദം ടൗട്ടേ ചുഴലിക്കാറ്റായി മാറി. ഗുജറാത്ത്, ദിയു തീരങ്ങൾക്കാണ്​ പ്രത്യക്ഷത്തിൽ ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്​. നിലവിൽ ലക്ഷദ്വീപിന്​ സമീപമാണ്​ ചുഴലിക്കാറ്റ്​.


അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്​ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക് -പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് 18ഓട്​ കൂടി ഗുജറാത്ത്‌ തീരത്തിനടുത്തെത്തുമെന്നുമാണ് നിരീക്ഷണം.


നിലവിൽ ന്യൂനമർദത്തിന്‍റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എങ്കിലും ന്യൂനമർദത്തിന്‍റെ സഞ്ചാരപഥം കേരള തീരത്തോട് അടുത്ത് നിൽക്കുന്നതിനാൽ മെയ് 15 മുതൽ 16 വരെ അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 120 കി.മീ വടക്ക്, വടക്ക്പടിഞ്ഞാറും കേരളത്തിലെ കണ്ണൂർ തീരത്ത് നിന്ന് 300 കിമീ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറുമായാണ് നിലവിൽ ചുഴലിക്കാറ്റ്​.


അടുത്ത മൂന്നു മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്​ ജില്ലകളിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ടാകും. മലപ്പുറം, കോഴിക്കോട്​, വയനാട്​, കണ്ണൂർ ജില്ലകളിൽ റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചിരുന്നു. കൂടാതെ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ കനത്ത മഴയാണ്​ പെയ്യുന്നത്​. കടലാക്രമണം, ശക്തമായ ഇടിമിന്നൽ അപകട സാധ്യതകളുണ്ടാകുമെന്നും കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


മത്സ്യത്തൊഴിലാളികൾ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തി. വിവിധ തീര ജില്ലകളിൽ കടലാക്രമണത്തിൽ നിരവധി വീടുകൾ തകരുകയും ഒ​​േട്ടറെ കുടുംബങ്ങളെ മാറ്റിപാർപ്പിക്കുകയും ചെയ്​തു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment