തിരുവനന്തപുരത്ത് കടലാക്രമണം രൂക്ഷം; 600 ലേറെ പേരെ മാറ്റിപ്പാർപ്പിച്ചു




തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരം തീരത്ത് കടല്‍ പ്രക്ഷുബ്ധമാണ്. തിരുവനന്തപുരം, ചിറയിന്‍കീഴ് താലൂക്കുകളുടെ തീരപ്രദേശത്താണ് കടല്‍ക്ഷോഭം രൂക്ഷമായിരിക്കുന്നത്. കടല്‍ക്ഷോഭ മേഖലകളില്‍നിന്ന് 143 കുടുംബങ്ങളിലെ 603 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. 


ആറു ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ തുറന്നിട്ടുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഭക്ഷണവും അവശ്യസാധനങ്ങളും എത്തിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ക്യാമ്പിലുള്ളവര്‍ക്ക് വൈദ്യസഹായം ആവശ്യമുണ്ടെങ്കില്‍ നല്‍കുന്നതിന് ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ ക്യാമ്പിന്റെയും മേല്‍നോട്ടത്തിനായി ചാര്‍ജ് ഓഫിസര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.


വലിയതുറ ബഡ്സ് സ്‌കൂളില്‍ 16 കുടുംബങ്ങളിലെ 58 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വലിയതുറ ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ ക്യാമ്പിൽ 65 കുടുംബങ്ങളിലെ 282 പേരും ഫിഷറീസ് ടെക്നിക്കല്‍ സ്‌കൂളില്‍ ഒരു കുടുംബത്തിലെ മൂന്നുപേരും കഴിയുന്നുണ്ട്. വലിയതുറ ഫിഷറീസ് ഗോഡൗണിലെ ദുരിതാശ്വാസ ക്യാമ്പിൽ എട്ടു കുടുംബങ്ങളിലെ 32 കുടുംബങ്ങളെക്കൂടി മാറ്റിപ്പാര്‍പ്പിച്ചു. 


കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് നേരത്തെ ഇവിടെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. പുതുതായി ഇവിടേയ്ക്ക് മാറ്റിയവരടക്കം ആകെ 27 കുടുംബങ്ങളിലെ 109 പേരാണ് ഈ ക്യാമ്പിലുള്ളത്. പേട്ട സെന്റ് റോച്ചസ് സ്‌കളിലെ ദുരിതാശ്വാസ ക്യാമ്ബില്‍ 30 കുടുംബങ്ങളിലെ 148 പേരും വെട്ടുകാട് സെന്റ് മേരീസ് എല്‍.പി. സ്‌കളില്‍ തുറന്ന ക്യാമ്പില്‍ 23 കുടുംബങ്ങളിലെ 80 പേരും കഴിയുന്നുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment