സ്റ്റോപ്പ് മെമ്മോ അവഗണിച്ച് തൃപ്പൂണിത്തുറയിൽ പാടശേഖരം മണ്ണിട്ട് നികത്തി വിൽക്കാൻ ശ്രമം




വില്ലേജ് അധികൃതരുടെ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് തൃപ്പൂണിത്തുറയിൽ പാടശേഖരം മണ്ണിട്ട് നികത്തി പ്ലോട്ടുകളായി തരം തിരിക്കുന്നു. തൃപ്പൂണിത്തുറ നടമ തെക്കും ഭാഗം വില്ലേജിലെ രണ്ടരയേക്കറോളം വരുന്ന നിലമാണ് നിയമം ലംഘിച്ച് നികത്തിയത്. പൊക്കാളി കൃഷി നടത്തിയിരുന്നതും കൃഷി നിലച്ചപ്പോൾ കണ്ടൽ കാടുകൾ നിറഞ്ഞു നിന്നിരുന്ന പാടശേഖരമാണ് മണ്ണിട്ട് നികത്തിയത്.


കഴിഞ്ഞ ജൂണിലാണ് പാടശേഖരം മണ്ണിട്ടു നികത്താൻ തുടങ്ങിയത്. സ്ഥലത്തു നിന്നിരുന്ന കണ്ടൽക്കാടുകൾ വെട്ടിമാറ്റിയ ശേഷമാണ് ഭൂമി തരം മാറ്റിയത്. ഇപ്പോൾ ഈ സ്ഥലം പ്ലോട്ടുകളായി തിരിച്ച് വിൽക്കുന്നതിന് അളന്ന് കല്ലിട്ടു കൊണ്ടിരിക്കയാണ്. ഒപ്പം ഡേറ്റാ ബാങ്കിൽ പുരയിടം എന്നു രേഖപ്പെടുത്തി തരംമാറ്റാനും നീക്കം നടക്കുന്നുണ്ട്. 


മണ്ണിട്ട് നികത്തുന്നത് സംബന്ധിച്ച് പരാതി ഉയർന്നതിനെ തുടർന്ന് വില്ലേജ് അധികൃതർ കഴിഞ്ഞ ജൂണിൽ നിലം നികത്തുന്നതിനെതിരെ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. തുടർ നടപടിക്കായി ഫോർട്ടുകൊച്ചി ആഡിഒയ്ക്ക് റിപ്പോർട്ടും നൽകി. എന്നാൽ നിലം പൂർവ സ്ഥിതിയിലാക്കാൻ നടപടി ഒന്നുമുണ്ടായില്ല. ഇപ്പോൾ വീണ്ടും മണ്ണിട്ട് നികത്തി വിൽക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.


കൊല്ലം കരുനാഗപ്പള്ളി സ്വദേശിയുടെ പേരിലുള്ളതാണ് ഈ നിലം. നിലം നികത്തിയത് മൂലം പ്രളയകാലത്ത് നികത്തിയ നിലത്തിന് സമീപത്തെ വീടുകളിൽ വെള്ളം കയറാനും നാശനഷ്ടങ്ങൾ വലുതാകാനും കാരണമായി. ഇപ്പോൾ നടക്കുന്ന ഈ നികത്തലിനെതിരെ ആരും പ്രതിഷേധവുമായി എത്തിയിട്ടില്ല 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment