തൃശൂരിൽ രണ്ടിടങ്ങളിൽ ആന ഇടഞ്ഞു




തൃശൂര്‍ ജില്ലയില്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് ആനകള്‍ ഇടഞ്ഞു. ഒളരിക്കര ക്ഷേത്രത്തിലും പീച്ചി ചുണ്ടത്തില്‍ ഭഗവതി ക്ഷേത്രത്തിലുമാണ് ആനകള്‍ ഇടഞ്ഞത്. ആനകളെ ഒരു മൃഗം എന്ന നിലനിയ്ക്ക് അതിന്റെ ആവാസ വ്യവസ്ഥ നിലനിൽക്കുന്ന കാടുകളിൽ വിടാതെ അതിനെ മനുഷ്യന്റെ കേവല താല്പര്യത്തിനായി കൊണ്ട് നടക്കുന്നത് മനുഷ്യർക്കും ആനകൾക്കും ഒരു പോലെ ദുരിതം ഉണ്ടാക്കുന്നതാണ് ഈ സംഭവം. 


ജനവാസ മേഖലകളില്‍ വച്ചാണ് രണ്ട് ആനകളും ഇടഞ്ഞതെങ്കിലും രണ്ടിനേയും തളച്ചതിനാല്‍ കൂടുതല്‍ അത്യാഹിതങ്ങളുണ്ടായില്ല. ഒളരിക്കര ക്ഷേത്രത്തില്‍ രാവിലെ ഒന്‍പതരയോടെയാണ് ആന ഇടഞ്ഞത്. ഒളരി ക്ഷേത്രം ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ഒളരിക്കര കാളിദാസന്‍ എന്ന ആനയാണ് ഇടഞ്ഞത്. മദപ്പാടിന് ശേഷം ക്ഷേത്രത്തില്‍ ദര്‍ശനത്തിന് കൊണ്ടു വന്ന ആന ക്ഷേത്രനടയില്‍ വച്ചു പെട്ടെന്ന് ഇടയുകയായിരുന്നു. ഈ സമയത്ത് ആനയുടെ മുകളില്‍ ഒരു പാപ്പാന്‍ ഉണ്ടായിരുന്നുവെങ്കിലും ഇയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
പിന്നാലെ ആന പാപ്പാന്‍മാരെ ക്ഷേത്രത്തിനു ചുറ്റും വിരട്ടി ഓടിച്ചു. ക്ഷേത്ര പരിസരത്തെ തെങ്ങും മറ്റു മരങ്ങളും കുത്തിമറിച്ചിട്ടു. തിരക്കേറിയ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണിത്. ആന ഇടഞ്ഞത് ആശങ്ക സൃഷ്ടിച്ചെങ്കിലും അധികം വൈകാതെ സ്ഥലത്ത് എത്തിയ എലിഫന്റ് സ്‌ക്വാഡ് ആനയെ തളച്ചു.


പിന്നാലെയാണ് പീച്ചി ചുണ്ടത്തില്‍ ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊണ്ട് വന്ന മറ്റൊരു ആന ഇടഞ്ഞത്. ഊട്ടോളി അനന്തന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഈ ആനയേയും പിന്നീട് തളച്ചു. ചൂട് കൂടിയ അന്തരീക്ഷത്തിൽ ആനകളെ മണിക്കൂറുകളോളം എഴുന്നള്ളത്തിനും മറ്റും കൊണ്ട് പോകുന്നത് അപകടം സൃഷ്ടിക്കും. ആനകൾക്ക് അസഹനീയ ചൂട് ഉണ്ടാക്കുന്നതോടൊപ്പം അവയ്ക്ക് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. ഈ സമയത്ത് നാട്ടാനകൾക്ക് വിശ്രമം അനുവദിക്കേണ്ടതാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment