തുലാവർഷം കനക്കുന്നു; എല്ലായിടത്തും ജാഗ്രതാ നിർദേശം




തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റതിരിഞ്ഞ് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഇതിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് നല്‍കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഞായറാഴ്ചവരെ ജാഗ്രതാനിര്‍ദേശമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ 22 വരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.


ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി 10 വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ താലൂക്കടിസ്ഥാനത്തില്‍ സാഹചര്യം നിരന്തരമായി വിലയിരുത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുനല്‍കി. ഇന്ന് 14 ജില്ലകളിലും ഞായറാഴ്ച കാസര്‍കോഡ് ഒഴികെ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 22 വരെ ശക്തമായ മഴ തുടരും.


ഇന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റുവീശാന്‍ സാധ്യതയുള്ള വടക്കന്‍ കേരള തീരത്തോടും ലക്ഷദ്വീപ് പ്രദേശങ്ങളോടും കര്‍ണാടക തീരത്തോടും ചേര്‍ന്നുള്ള മധ്യകിഴക്ക് അറബിക്കടല്‍ മേഖലയില്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. 


20ന് കര്‍ണാടക തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ മഴയോടനുബന്ധിച്ച്‌ ഉച്ചക്ക് രണ്ടുമണി മുതല്‍ വൈകീട്ട് 10 മണി വരെയുള്ള സമയത്താണ് ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുള്ളത്. ഇത്തരം ഇടിമിന്നല്‍ അപകടകാരികളാണ്.


അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടുദിവസങ്ങളിലായി പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങളാണുണ്ടായത്. 


തിരുവനന്തപുരം അമ്ബൂരി തൊടുമലയില്‍ കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടി. വൈകീട്ട് നാലുമണിയോടെയാണ് തൊടുമല ഓറഞ്ചുകാട്ടില്‍ ഉരുള്‍പൊട്ടിയത്. ആളപായമില്ലെങ്കിലും മലവെള്ളപ്പാച്ചിലിലും മണ്ണൊലിപ്പിലും വന്‍ കൃഷിനാശമുണ്ടായി. കോഴിക്കോട് ജില്ലയുടെ മലയോരത്ത് കനത്തമഴ തുടരുകയാണ്. തുഷാരഗിരി പോത്തുണ്ടിയിലെ താല്‍ക്കാലിക പാലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന പാലത്തിന് പകരം രണ്ടുമാസം മുമ്ബാണ് ഒമ്ബതുലക്ഷം രൂപ ചെലവില്‍ താല്‍ക്കാലിക പാലം നിര്‍മിച്ചത്. മേഖലയിലെ റോഡുകള്‍ക്കും കേടുപാടുണ്ടായി. വനമേഖലയില്‍ ഉരുള്‍പ്പൊട്ടിയതായി സംശയമുണ്ട്. 


തൃശൂരില്‍ അതിരപ്പിള്ളി, മലക്കപ്പാറ മേഖലയില്‍ കനത്തമഴ തുടരുന്നതിനാല്‍ ചാലക്കുടി- അതിരപ്പിള്ളി പാതയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ 15 സെ.മീ. ഉയര്‍ത്തി. കല്‍പ്പാത്തി, ഭാരതപ്പുഴ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment