തുലാവർഷത്തിൽ മഴ നാലിലൊന്നു കുറവ് 




ഇടവം പാതി വര്‍ഷം 
മിഥുനത്തില്‍ വെതനം
കര്‍ക്കിടത്തില്‍ ദുര്‍ഘടം
ചിങ്ങാറും ചീതലും 
കന്നിയാറും കാതലും 
തുലാം പത്തു കഴിഞ്ഞാല്‍ പിലാ പൊത്തിലും കിടക്കാം
- എന്നായിരുന്നു കേരളത്തിൻ്റെ കാലത്തെ  പരിചയപ്പെടുത്തി വന്നത്. കാലാവസ്ഥാ വ്യതിയാനം ഇത്തരം ധാരണകളെ മാറ്റി എഴുതി കൊണ്ടിരിക്കുന്നു. അവസാനമായി തുലാവർഷവും. മാറി മറിയുന്ന കാലാവസ്ഥകൾ  കേരളത്തിനുണ്ടാക്കുന്ന ദുരിതങ്ങൾക്കു ശമനമില്ല!


പശ്ചിമ ഘട്ടത്തിലെ പാലക്കാടു ചുരം വഴിയും ഉയരം കുറഞ്ഞ മറ്റ് പ്രദേശങ്ങളും മറി കടന്നുമാണ് വടക്ക് കിഴക്കൻ മൺസൂൺ കേരളത്തിൽ പ്രവേശിച്ച് മഴ പെയ്യിക്കുന്നത്. സംസ്ഥാനത്തിലെ രണ്ടാം മഴക്കാലമാണ് തുലാവർഷം. ഈ കാലയളവിൽ തമിഴ്നാട്ടിൽ വാർഷിക വർഷപാതത്തിന്റെ 40%-ഉം കേരളത്തിൽ 16%-ഉം മഴ ലഭിക്കുന്നു. സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളെ അപേക്ഷിച്ച് തെക്കൻ ഭാഗങ്ങളി ലാണ് തുലാവർഷത്തിൽ കൂടുതൽ മഴ. കേരളത്തിന്റെ വടക്കോട്ടു നീങ്ങുന്തോറും മഴയുടെ അളവ് ക്രമേണ കുറഞ്ഞു വരുന്നു. 


ഈ വർഷത്തെ തുലാമഴയിലെ 29% കുറവ് വിളകൾക്കും കുടിവെള്ളത്തിനും തിരിച്ചടിയായി മാറുകയാണ്. ദേശീയ കാലാവസ്ഥ നിരീക്ഷണ വകുപ്പ്‌ തിരുവനന്തപുരം ഓഫീസിന്റെ കണക്കുകളിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ. തുലാമഴ ലഭിക്കുന്ന ഒക്ടോബർ ഒന്നു മുതൽ നവംബർ 30 വരെ ശരാശരി 322.6 മില്ലി മീറ്റർ മഴയാണ് സംസ്ഥാനത്ത് പെയ്തത്. 456.8 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്താണിത്. കാസർകോട് ഒഴികെ 13 ജില്ലകളിലും കുറഞ്ഞ തോതിലായിരുന്നു മഴ. 61% മഴ കുറഞ്ഞ മലപ്പുറം ജില്ലയാണ് തുലാമഴയുടെ കാര്യത്തിൽ ഏറ്റവും പിന്നിൽ. 19% കൂടുതലോ കുറവോ വന്നാൽ മാത്രമേ മഴയുടെ അളവിൽ കൂടുതലും കുറവും ഉണ്ടായി എന്നു രേഖപ്പെടുത്തുകയുള്ളു.


നാല് വർഷത്തിനിടെ സംസ്ഥാനത്ത് ലഭിച്ച ഏറ്റവും കുറഞ്ഞ തുലാമഴയായിരുന്നു  ഇത്തവണത്തേത്. 2016-ൽ 62 %കുറവുണ്ടായി. ഇടവ പാതിയിൽ 13 % അധികം മഴ ഇവിടെ ലഭിച്ചിരുന്നു.


തുലാമഴയിലെ കുറവ് മുണ്ടകൻ നെൽകൃഷി ഉൾപ്പെടെയുള്ള രണ്ടാംവിളകളെയാണ് സാധാരണയായി ബാധിക്കുക. തെങ്ങ്, ജാതി, കവുങ്ങ്, പച്ചക്കറി എന്നീ വിളകൾക്കും ഇതു ദോഷം ചെയ്യും. ഡാമുകളിൽ ഭേദപ്പെട്ട നിലയിൽ ജല നിരപ്പുള്ളത് ഇത്തിരി  ആശ്വാസകരമാണ്. കുരുമുളക് വലിപ്പം വെക്കുന്നതിന് സഹായകരമായ  മഴയിലുണ്ടായ കുറവ് വിളയെ പ്രതികൂലമാക്കും.


കിഴക്കൻ കാറ്റിൻ്റെ ഗതി കുറഞ്ഞതും പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട ലാ നിന പ്രതിഭാസം തുടർന്നതാണ് തുലാവര്‍ഷത്തെ  ദുര്‍ബലമാക്കിയത്. ഒക്ടോബര്‍ 30 ന് അവസാനിച്ച തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 13% അധിക മഴ ലഭിച്ചിരുന്നു. മഴ കുറഞ്ഞതോടെ ചൂടും കൂടി. 


(സമുദ്രജലവും ഉപരിതലവും അന്തരീക്ഷവും സാധാരണയിലും തണുക്കുന്നതാണ് ലാ നിന. ഭൂമധ്യ രേഖാപ്രദേശത്ത് ശാന്ത സമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി താഴുന്നതാണ് ലാ നിന പ്രതിഭാസം. ആഗോള കാലാവസ്ഥയിലും കടല്‍ ജലത്തിന്റെ താപനിലയിലും എല്‍ നിനോ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ക്ക് വിപരീതമായാണ് ലാ നിനയുടെ പ്രവര്‍ത്തനം.)


തുലാവർഷകാലം കഴിയും മുമ്പേ എത്തിയ തണുപ്പുകാലം ജനുവരി അവസാനം വരെയായിരിക്കുമെന്നും വിലയിരുത്തുന്നു. തണുപ്പ് വേഗത്തിൽ വിട്ടുമാറി ഹെബ്രുവരിയിൽ തന്നെ ചൂടുകാലം സജ്ജീവമാകും. ശ്രീലങ്കൻ തീരത്തു രൂപപ്പെട്ട ബൂർവി ചുഴലിക്കാറ്റ് കേരള തീരത്തെത്തിയിരുന്നു എങ്കിൽ തുലാമഴ ശക്തമാകുമായിരുന്നു.


കാലാവസ്ഥയിൽ സംഭവിച്ച മാറ്റങ്ങളിൽ അവസാനത്തെ അനുഭവമാണ് കുറഞ്ഞ  തുലാവർഷം നാടിനു നൽകിയത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment