തിരൂർ തീരദേശ മേഖലയിൽ പൂകൃഷിയിൽ നൂറുമേനി




മലപ്പുറം: തീരദേശ മേഖലയിലും ചെണ്ടുമല്ലിപ്പൂ വിരിയുമെന്ന് തെളിയിച്ചിരിക്കുകയാണ് മലപ്പുറം ജില്ലയിലെ നിറമരുതൂര്‍ പഞ്ചായത്ത്. കടലിനോട് ചേര്‍ന്നു നില്‍ക്കുന്ന തിരൂർ ഉണ്യാലില്‍ ഗ്രാമിക കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പൂ കൃഷിയിൽ നൂറുമേനിവിളയിച്ചത് . തെങ്ങിന് ഇടവിള എന്ന രീതിയില്‍ നിറമരുതൂര്‍ ഉണ്യാലില്‍ ഒരുക്കിയ പ്രദര്‍ശന മാതൃകാ ചെണ്ടുമല്ലി തോട്ടങ്ങള്‍ വിളവെടുപ്പിന് തയ്യാറായി. തെങ്ങിന്‍ തോട്ടങ്ങളില്‍ വിവിധ തരം ഇടവിളകള്‍ പ്രോത്സാഹിപ്പിക്കുക, അതു വഴി തെങ്ങിന്റെ ഉത്പാദന ക്ഷമതയും വരുമാനവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൂക്കൃഷിക്ക് തുടക്കമിട്ടത്.


കേരള സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ കീഴില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തിയാണ് നിറമരുതൂര്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കൃഷിയിറക്കിയത്. ഗ്രാമിക കര്‍ഷക കൂട്ടായ്മ കണ്‍വീനര്‍ അക്ഷര അബ്ദുറഹ്മാന്‍, നിറമരുതൂര്‍ കൃഷിഭവന്‍ കൃഷി അസിസ്റ്റന്റ് കെ.എം സുനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഒന്നര ഏക്കറോളം വരുന്ന സ്ഥലത്ത് പൂകൃഷി ഒരുക്കിയത്. 


മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള പൂക്കളാണ് ഉണ്യാലില്‍ വിരിഞ്ഞു നില്‍ക്കുന്നത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയിട്ടുള്ള അഞ്ച് മാതൃക തോട്ടങ്ങളില്‍ നിന്നായി അഞ്ച് ടണ്ണോളം പൂക്കളാണ് ആദ്യഘട്ടത്തില്‍ വിളവെടുപ്പിന് പാകമായത്. തിരൂര്‍, കോഴിക്കോട് മാര്‍ക്കറ്റുകളിലെ ഓണ വിപണികളില്‍ പൂക്കള്‍ വില്പനക്കെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് അക്ഷര അബ്ദുറഹ്മാന്‍ പറഞ്ഞു. കുടുംബശ്രീ പോലുള്ള കൂടുതല്‍ കൂട്ടായ്മകളെ കൃഷിയിലേക്ക് ആകര്‍ഷിച്ച്‌ 700 ഹെക്ടറോളം വരുന്ന തെങ്ങിന്‍ തോട്ടങ്ങളില്‍ വിവിധ തരം ഇടവിളകള്‍ കൃഷി ചെയ്ത് കാര്‍ഷികാഭിവൃദ്ധി കൈവരിക്കുക എന്നതാണ് ലക്ഷ്യമെന്ന് നിറമരുതൂര്‍ കൃഷി ഓഫീസര്‍ സമീര്‍ മുഹമ്മദ് പറഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment