ഭൗമ പരിധി ദിനമുയർത്തുന്ന ആശങ്കകൾ




ഭൗമ പരിധിദിനം (Earth over shoot Day ,Ecological Debt Day) ആഗസ്റ്റ് 22  


ഒരു വർഷത്തേയ്ക്കുള്ള ഭക്ഷണവും വെള്ളവും മനുഷ്യൻ 235 ദിവസം കൊണ്ട് തിന്നു തീർക്കുന്നു. ലോകത്തിൽ ഇത്തരം പഠനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഗ്ലോബൽ ഫുട്ട് പ്രിൻ്റ് നെറ്റ്വർക്ക് ആണ് .ഈ രീതിയിൽ നമ്മുടെ വിശപ്പിനെ തീറ്റി പോറ്റാൻ ഒരു ഭൂമിയല്ല 1.7 ഭൂമി വേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുന്നു.ഈ വർഷത്തെ ഭൗമ പരിധിദിനം ആഗസ്റ്റ് 22 ന് ആകുന്നു.2018ൽ ആഗസ്റ്റ് 1 ഉം 2019 ൽ ജൂലൈ 29 ഉം ആയിരുന്നു ഭൗമ പരിധി ദിനങ്ങൾ.കോവിഡ് മൂലം ലോകം അടച്ചു പൂട്ടിയിരുന്നതിനാൽ 24 ദിവസം കൂട്ടി കിട്ടിയിരിയ്ക്കുന്നു.


ഒരു വർഷം പ്രകൃതിയ്ക്കു ഉല്പാദിപ്പിയ്ക്കാൻ കഴിയുന്നതിനെക്കാൾ (ബയോ കപ്പാസിറ്റി) അധികമായി വിഭവങ്ങൾ ഉപയോഗിച്ചു തീർക്കുന്ന ദിനമാണ് ഭൗമ പരിധി ദിനം.ലോകത്തിൽ ഈ രീതിയിൽ കണക്കെടുപ്പ് ആരംഭിച്ചത് 1970 ൽ ആണ്.ഡിസംബർ 29 ആയിരുന്നു അന്ന് ഭൗമ പരിധിദിനം.2 ദിവസത്തെ കുറവേ അന്നുണ്ടായിരുന്നുള്ളൂ.മണ്ണൊലിപ്പ്,ശുദ്ധ ജല ക്ഷാമം,കാലാവസ്ഥാ വ്യതിയാനം,ആഗോള താപനം,കൂടെ കൂടെയുള്ള  പ്രകൃതി ദുരന്തങ്ങൾ എന്നിവയെ ഭൗമ പരിധി ദിന കാഴ്ചപ്പാടോടെ ശാസ്ത്രീയമായി പഠിക്കാൻ ഇനിയെങ്കിലും ഭരണകൂടങ്ങൾ തയ്യാറാകണം.


അമേരിക്കക്കാരനെ പോലെ ജീവിച്ചാൽ 4.8 ഭൂമിയും റഷ്യൻ രീതീയിൽ 3.3 ഭൂമിയും ജർമ്മൻ മാതൃകയിൽ 3.1 ഭൂമിയും ഫ്രാൻസ്‌ (3) ,ബ്രിട്ടൻ (3.4), ജപ്പാൻ (2.9), ഇറ്റലി (2.7), സ്പെയിൻ (2.1)എന്നിങ്ങനെ പോകുന്ന കണക്കുകൾ ആരെയും ആശങ്കപ്പെടുത്തുന്നതാണ്.ഭൂമിയിലെ വിഭവങ്ങളിൽ ബഹു ഭൂരിപക്ഷവും ഉപയോഗിക്കുന്നത് ന്യൂനപക്ഷം വരുന്ന സമ്പന്ന വിഭാഗങ്ങളാണ്.വിഭവങ്ങളിൽ 80 % വും 17% പേരാണ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.


മത്സ്യസമ്പത്ത്, മണ്ണിൻ്റെ പുനരുജ്ജീവനം, ഹരിത ഗൃഹ വാതക പുറംന്തള്ളൽ, വനനശീകരണം തുടങ്ങിയവ കണക്കിലെടുത്താണ് പ്രകൃതിയ്ക്ക് ഒരു വർഷം കൊണ്ട് വീണ്ടെടുക്കാൻ കഴിയുന്ന ഉപഭോഗം നിർണ്ണയിച്ചു വരുന്നത്.പ്രകൃതിക്ക് കടക്കാരനായി ജീവികയ്ക്കാതിരിക്കുവാൻ  ഫലപ്രദമായ പോംവഴി ഹരിത ഗൃഹ വാതകങ്ങളുടെ പുറംന്തള്ളൽ കുറയ്ക്കലാണ്. 


ദീർഘവീക്ഷണത്തോടെ ഗാന്ധി പറഞ്ഞത് വളരെ പ്രസക്തമായി വന്നിരിയ്ക്കുന്നു.ഭൂമിയിലെ സമസ്ത മനുഷ്യർക്കും ആവശ്യത്തിനുള്ളത് ഈ ഭൂമിയിലുണ്ട്.എന്നാൽ അത്യാർത്തിയ്ക്കുള്ളത് ഈ ഭൂമിയിൽ ഉണ്ടാകില്ല.പിന്നെയും ഗാന്ധി പറയുന്നു,ഗാന്ധിയുടെ രക്ഷാ മന്ത്രം. ഏതൊരു പുതിയ പദ്ധിയും ആരംഭിയ്ക്കന്നതിനു മുമ്പ് ഏറ്റവും ദുരിതമനുഭവിയ്ക്കുന്ന മനുഷ്യൻ്റെ മുഖ മോർക്കണം.അവർക്ക് പ്രയോജനമു ണ്ടെങ്കിൽ മാത്രം മുന്നോട്ടു പോവുക.അല്ലെങ്കിൽ പദ്ധതി ഉപേക്ഷിക്കണം.ദരിദ്രരെ പുറമ്പോക്കിലേക്കു തള്ളുന്ന നമ്മുടെ അശാസ്ത്രീയമായ വികസന സങ്കല്ലം പൊളിച്ചെഴുതേണ്ടിയിരിയ്ക്കുന്നു. മറിച്ചാണെങ്കിൽ വിവേകശാലിയെന്നവകാശപ്പെടുന്ന മനുഷ്യന് ഈ ഭൂമിയിൽ ജീവിയ്ക്കാൻ അർഹതയില്ല.1935ൽ നീൽ ഗ്രാൻറ് എഴുതിയ ദി ലാസ്റ്റ് വാർ എന്ന നാടകത്തിലെ മൃഗങ്ങളുടെ വിചാരണ നേരിടുന്ന ഒരു വിഭാഗമായി മനുഷ്യർ മാറും.ലോകത്തിൽ വിദ്യാർത്ഥികൾ ചോദിയ്ക്കുന്ന ചോദ്യങ്ങളും ഇത്തരം വിചാരണകൾ തന്നെയായി നാം തിരിച്ചറിയണം.നിങ്ങളാണു് ഞങ്ങളുടെ ഭാവി വിറ്റു തുലച്ചത്. ഭാവിയില്ലാത്ത ലോകത്ത് ഞങ്ങളെന്തിനു് പഠിയ്ക്കണം.?


ഭൗമ പരിധി ദിനവുമായി ബന്ധപ്പെട്ട കർമ്മ പരിപാടികൾ


1 പോസ്റ്റർ ക്യാമ്പയിൻ - ജൂലൈ 31 വരെ.
2 പോസ്റ്റർ ഡിസൈൻ 
മത്സരം. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ലേഖന മത്സരവും സംഘടിപ്പിക്കുക.അവസാന ദിവസം ജൂലൈ 31.
3. ഒരു മിനിട്ട് ഷോർട്ട് ഫിലിം മത്സരം - അവസാന ദിവസം ജൂലൈ 31.
4. പൊതു ഇടങ്ങളിൽചുമർ പത്രങ്ങൾ സ്ഥാപിക്കുക.
5 കൈ പുസ്തകം പ്രസിദ്ധീകരിക്കുക.
6. EOD കലണ്ടർ തയ്യാറാക്കുക.
7 സോഷ്യൽ മീഡിയ വഴി ചെറുവീഡിയോകൾ പ്രചരിപ്പിക്കുക.
8. കവലകളിൽ ഇൻസ്റ്റലേഷൻ വർക്കുകൾ ചെയ്യുക.
9 പൊതു ഇടങ്ങളിൽ പോസ്റ്റർ പ്രചരണം.
10. ആഗസ്റ്റു് 1 ഭൗമ പരിധി മാസമായി പ്രഖ്യാപിച്ച് പൊതു ഇടങ്ങളിൽ അരയാൽ, പേരാൽ, ആര്യവേപ്പ്, പുളിമരം, മാവു്, പ്ലാവു് എന്നിവ നടുക.
11. ആഗസ്റ്റ് 9 ന് ഉപവാസം / സത്യഗ്രഹം സംഘടിപ്പിക്കുക.
12.ആഗസ്റ്റ 2 മുതൽ പ്രകൃതിക്കുവേണ്ടി എന്തെങ്കിലും ഉപേക്ഷിക്കൂ ക്യാമ്പയിൻ ആരംടിക്കുക.
13. ആഗസ്റ്റ് 15 ന് ഭൗമപരിധി ദിന പ്രതിജ്ഞയെടുക്കുക പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് ഭീമ ഹർജി തയ്യാറാക്കുക.
14.ആഗസ്റ്റ് 22 ന് ഭൂമിയെ നോവിയ്ക്കാതെ ചെറുതാണ് സുന്ദരം എന്ന കാഴ്ചപ്പാടിൽ ഓരോ ദേശത്തും ജീവിക്കുന്നവരെ ആദരിക്കുക. ഉപവാസം നടത്തുക. ഓരോ കവലകളിലും ഹരിത പതാക ഉയർത്തുക. പ്രതിജ്ഞയെടുക്കുക.സംസ്ഥാന തലത്തിൽ ഏറ്റവും അർഹതപ്പെട്ട ഒരാൾക്ക് കാർബൺ ക്രഡിറ്റ് പുരസ്ക്കാരം നൽകുക.


ഈ വർഷത്തെ ഭൗമ പരിധി ദിനത്തെ കോവിഡിൻ്റെ ഗൗരവതരമായ പശ്ചാത്തലത്തിൽ കൂടുതൽ പരിഗണനക്കു വിധേയമാക്കണം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment