ഗ്രീൻ സ്വരാജ് ഉണ്ടാകുന്ന വിധം




ഗ്രീൻ സ്വരാജിനെക്കുറിച്ചുള്ള ആലോചന ആരംഭിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിൻ്റെയും ആഗോള താപനത്തിൻ്റെയും പശ്ചാത്തത്തിലുള്ള.  ഭൗമ പരിധി ദിനത്തിൽ നിന്നാണ്. 2020ലെ ഭൗമ പരിധി ദിനം ആഗസ്റ്റ് 22. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇക്കോളജിക്കൽ ഡെബ് റ്റ് ഡേ ഇന്നേ ദിവസം മുതൽ ആരംഭിക്കുന്നു. ഡിസംബർ 31 വരെ ഉപയോഗിക്കേണ്ട പ്രകൃതി വിഭവങ്ങൾ (ഭക്ഷണം, വെള്ളം ഒരു പരിധിയുമില്ലാതെ) ആഗസ്റ്റ് 22 ന് തന്നെ തീർന്നു പോകുന്നു എന്നർത്ഥം.പ്രകൃതി വിഭവങ്ങളുടെ അമിത ഉപയോഗം ഭൂമിയുടെ ജൈവ കലവറയെ (ജൈവ വിഭവ സൂചിക ) അട്ടിമറി ക്കുകയാണ്.(ബയോ കപ്പാസിറ്റിയെ).ബയോ കപ്പാസിറ്റി എന്ന സൂചിക വരെയുള്ള ഉപഭോഗത്തെ പരിഹരിക്കുവാൻ ഭൂമിക്കു കഴിയും.ലാളിത്യ ത്തിൻ്റെ, മിതത്വത്തിൻ്റെ  അനിവാര്യതയാണ് സന്ദർഭം ആവശ്യപ്പെടുന്നത്.ഗ്രീൻ സ്വരാജിന് അടിസ്ഥാനം സർവ്വോദയമാണ്.


ഗാന്ധിയാണ് ശരി. ഗാന്ധി പറഞ്ഞതാണ് ശരി. എല്ലാവർക്കും ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട്. എന്നാൽ അത്യാർത്തിയ്ക്കുള്ളത് ഇല്ല. ഇതാണ് ഭൂമിയുടെ രാഷ്ട്രീയം. പുരോഗതിയുടെ അടിസ്ഥാനം ഇതാകണം പ്രകൃതിയുടെ രാഷ്ട്രീയം.മനുഷ്യനു ചുറ്റുമുള്ളതാണ് പരിസ്ഥിതി.മനുഷ്യ കേന്ദ്രീ കൃതമായ  വാക്കാണ്  പരിസ്ഥിതി. അവിടെ മറ്റു ജീവജാലങ്ങൾ ഉൾപ്പെടുന്നില്ല .ഉൾപ്പെട്ടാൽ തന്നെ മനുഷ്യരുടെ സൗകര്യങ്ങളാൽ അവരെ അടയാളപ്പെടുത്തുന്നു. പ്രകൃതി നിയമങ്ങൾക്കു് വിരുദ്ധമായ ഒരു വ്യവസ്ഥിതി. മറ്റൊരു ജീവജാലങ്ങളേയും പരിഗണിയ്ക്കാതെ  ഇവിടെ കെട്ടിപ്പൊ ക്കിയിരിക്കുകയാണ്.ജീവജാലങ്ങൾ തമ്മിലുള്ള പാരസ്പര്യം പ്രശ്നമേയല്ല. പ്രകൃതിയുടെ ജൈവികമായ നിലനില്പിന് അത്യന്താപേക്ഷിതമായ, വിവധ തരം ചക്രങ്ങൾക്ക് ഭംഗം വരുത്തി കൊണ്ട് ,മനുഷ്യൻ അവൻ്റെ/അവളുടെ തന്നെ മരണ മണി മുഴക്കുകയാണ്.മനുഷ്യ വർഗ്ഗം തന്നെ നേരിടുന്ന വലിയ പ്രതിസന്ധിയാണിത്. അവൻ്റെ/അവളുടെ മുമ്പിൽ പ്രകൃതി, പ്രകൃതി ദുരന്തങ്ങളായി, ആഗോള താപനമായി, കാലാവസ്ഥാ വ്യതിയാനമായി, മഹാ മാരിയായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.എന്നിട്ടും നമ്മൾ ഒന്നും പഠിക്കാൻ തയ്യാറായിട്ടില്ല.2018ലെ മഹാ പ്രളയം, ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ, മലയിടിച്ചിൽ, കൊടുങ്കാറ്റുകൾ, വരൾച്ച,മഞ്ഞുരുകൽ,അന്തരീക്ഷ മലിനീകരണം,സമുദ്ര ജലനിരപ്പുയരൽ, സുനാമിയും ഓഖിയും 2018/ 19 പ്രളയങ്ങൾ, നിപ്പ, കോവിഡ് 19, മാരകമായ പനികൾ,ജീവിത ശൈലീ രോഗവർധന, സാമ്പത്തിക തകർച്ച,തൊഴിലില്ലായ്മ, ദാരിദ്യം, പ്രകൃതി വിഭവ ശോഷണം , അശാസ്ത്രീയമായ നിർമ്മിതികൾ,അനിയന്ത്രിത - നിയമ വിരുദ്ധ ഖനനം ,പ്രകൃതി വിഭവ കൊള്ള,, വന നശീകരണം, ദണിണേന്ത്യയിലെ ജല ഗോപുരമായ പശ്ചിമഘട്ടത്തിൻ്റെ തകർച്ച,നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമങ്ങളുടെ ഭേദഗതികൾ, നിയമ ലംഘനങ്ങൾ, വ്യവസായ മലിനീകരണം, ജല സ്രോതസ്സുകളുടെ നാശം, പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ, തുടങ്ങിയവയൊക്കെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഭരണ കൂടങ്ങൾക്ക്,കക്ഷി രാഷ്ട്രീയ പാർട്ടികൾക്ക്  ജാഗ്രതയും ശ്രദ്ധയും കരുതലുമില്ല. നിയമങ്ങൾ നടപ്പാക്കാൻ അവർ തയ്യാറല്ല. ഇവർ എപ്പോഴും മൂലധന താല്പര്യങ്ങൾക്കൊപ്പമാണ്. വിപണിയാണ് ഭരണ ഘടന.കോർപ്പറേറ്റുകളുടെ കൺസൽട്ടൻസികളുടെ, കരാർ - ദല്ലാൾ ജീവനക്കാരുടെ, ബ്യൂറോക്രസിയുടെ തടവറയിലാണ് ഭരണകൂടങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, നേതാക്കന്മാർ.

 


ഭൂമിയുടെ ശേഷിയെ, പ്രകൃതിയെ, മനസ്സിലാക്കാതെയുള്ള പൊള്ളയായ വികസന സങ്കല്പങ്ങളാണ്  ഈ ദുരന്തത്തിൽ എത്തിച്ചിരിക്കുന്നത്. നമുക്ക് നിയമങ്ങൾ ലംഘിക്കാനുള്ളതാണ്,നടപ്പാക്കാന്നുള്ളതല്ല.
 ഇനിയെങ്കിലും പ്രകൃതി നിയമങ്ങളെക്കുറിച്ച്, ഭൂമിയുടെ ബയോ കപ്പാസിറ്റിയെക്കുറിച്ച്, പഠിക്കാൻ തയ്യാറാകണം. കലാവസ്ഥാ വ്യതിയാനത്തെയും ആഗോള താപനത്തേയും അഭിസംബോധന ചെയ്യാൻ കഴിയണം. ഓരോ ഇടവും കാർബൺ ന്യൂട്രൽ / നെഗറ്റീവ് ഇടങ്ങൾ ആകണം.ഓരോ ഇടത്തേയും ജൈവ ഇടങ്ങളാക്കി മാറ്റാൻ കഴിയണം. സൂര്യപ്രകാശത്തിൻ്റെ ജനാധിപത്യ വിതരണക്രമത്തെക്കുറിച്ചും അതുവഴി ഭൂമിയിൽ ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ചും നാം പഠിക്കണം. നമ്മുടെ പറമ്പു കൃഷിയുടെ ശക്തി നാം തിരിച്ചറിയണം.പറമ്പു കൃഷിയെ പ്രോത്സാഹിപ്പിക്കണം. ഭൂമിയെ നോവിയ്ക്കാത്ത  പ്രത്യയശാസ്ത്രം  രൂപപ്പെടുത്തണം. അതിനുള്ള  ശ്രമമാണ് മൂഴിക്കുളം ശാലയുടെ ഗ്രീൻ സ്വരാജ്.


പ്രകൃതിയെ സമഗ്രമായി പരിഗണിക്കുന്നതാണ് ഗ്രീൻ സ്വരാജ്. ഗ്രീൻ സ്വരാജിൽ  ഒന്നും പ്രത്യേകം പരിഗണിക്കേണ്ടതില്ല. പ്രകൃതിയാണ് അടിസ്ഥാനം (പരിസ്ഥിതിയല്ല). അങ്ങനെ വരുമ്പോൾ പാരസ്പര്യത്തിൻ്റെ ജൈവ ചക്രങ്ങൾ വളരെ സ്വാഭാവികമായി പൂർത്തികരിക്കാൻ തുടങ്ങും. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ കാഴ്ചപ്പാടുകൾ, നിലപാടുകൾ, നിയമങ്ങൾ, വ്യവസ്ഥകൾ, സങ്കല്ലങ്ങൾ എല്ലാം ഗ്രീൻ രാജിൽ പൊളിച്ചെഴുതപ്പെടും. ഭൂമിയുടെ ശേഷിയെ, ബയോ കപ്പാസിറ്റിയെ തിരിച്ചുപിടിക്കാൻ കഴിയും. 


ഇപ്പോഴത്തെ ഉപഭോഗ മനുസരിച്ച് നമുക്ക് ഒരു ഭൂമി മതിയാകില്ല. കഷ്ടി രണ്ടു ഭൂമി വേണ്ടി വരും. കൃത്യമായി പറഞ്ഞാൽ 1.7 ഭൂമി. അമേരിക്കക്കാരെ പോലെ ജീവിച്ചാൽ നമുക്ക് 4.8 ഭൂമി വേണ്ടിവരും - ഇത് പ്രായോഗികമല്ലെന്ന് ആർക്കുമറിയാം. ഈ യാഥാർത്ഥ്യം ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കിൽ "ഒരു നാളെ " ഈ ഭൂമുഖത്ത് നിന്ന് മനുഷ്യൻ തുടച്ചു നീക്കപ്പെടും. പ്രകൃതിയോടിണങ്ങി ജീവിയ്ക്കുന്ന, പ്രകൃതി ധർമ്മങ്ങൾ / നിയമങ്ങൾ സ്വഭാവികമായി നിറവേറ്റുന്ന മറ്റു ജീവജാലങ്ങളുടെ മാത്രം ഇടമായി ഭൂമി മാറും .

 


അതി ജീവനം സാദ്ധ്യമാണ്. മറ്റൊരു ലോകവും മറ്റൊരു ജീവിതവും സാദ്ധ്യമാക്കാൻ കഴിയണം. അതിന് എല്ലാം അതിൻ്റെ സ്വാഭാവിതയിൽ നടക്കണം. നമുക്കതിന് കഴിയുമോ? തീർച്ചയായും കഴിയും. കഴിയണം. നാം ഓരോരുത്തരും അടിസ്ഥാനപരമായി മാറാൻ തയ്യാറാകണം. ഭൂമി, പ്രകൃതി, പഞ്ച ഭൂതങ്ങൾ എന്നിവ നമ്മോടു നിരന്തരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നിങ്ങൾ മാറ്റത്തിന് തയ്യാറാണോ? ചിന്തയിൽ ഒരു ബോംബ് പൊട്ടുന്നത്ര ശക്തിയിലാണ് ചോദ്യം ചോദിക്കുന്നത്. നമ്മുടെ കുട്ടികൾ നമ്മോടു് ചോദിക്കുന്ന ചോദ്യവും മറ്റൊന്നല്ല .


നിങ്ങൾ ഞങ്ങളുടെ ഭാവി വിറ്റു തുലച്ചു. ഭാവിയില്ലാത്ത ലോകത്ത് ഞങ്ങളെന്തിന് പഠിക്കണം? ഞങ്ങൾക്ക് വേണ്ടത് പ്രസംഗങ്ങളല്ല. പ്രവർത്തനമാണ്. ലോകത്തെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന നമ്മുടെ കുട്ടികളോട് നാം കടപ്പെട്ടിരിക്കുന്നു. ഗ്രേറ്റ തൻബർഗ്‌, റിദ്ദിമ പാണ്ഡെ, ലിസി പ്രിയ എന്നിവരടങ്ങിയ വലിയൊരു വിദ്യാർത്ഥി കൂട്ടായ്മ (Fridays For Future ) ലോകത്തെ മാറ്റിയെഴുതാൻ സ്ക്കൂൾ ബഹിഷ്ക്കരിച്ച് കാലാവസ്ഥാ പ്രക്ഷോഭത്തിലാണ്. ഇവർ നാളെയുടെ പ്രതീക്ഷകളാണ്. ഭാവിയുടെ വെള്ളിയാഴ്ചകൾ ഭൂമിയെ മാറ്റിയെഴുതുകയാണ്. അതെ ലോകം മാറുകയാണ്. നാം മാറിയില്ലെങ്കിലും ലോകം മാറുകതന്നെ ചെയ്യും. നാം ഇപ്പോഴല്ലാതെ എപ്പോഴാണ് മാറുക? ആഗോള താപനത്തിൻ്റെയും കാലാവസ്ഥാ വ്യതിയാനത്തിൻ്റെയും ഭൗമപരിധി ദിനത്തിൻ്റെയും (ആഗസ്റ്റ് 22) വൻ ദുരന്തങ്ങൾ ഉമ്മറ വാതിലിൽ മുട്ടിവിളിക്കുമ്പോഴല്ലാതെ പിന്നെപ്പോഴാണ് നാം മാറുക. അതിന് ഭൂമിലേയ്ക്കു കണ്ണും കാതും മനസ്സും തുറന്ന് വെച്ചാൽ മാത്രം മതിയാകും.

 


പ്രകൃതിയിലേയ്ക്കുള്ള ഒരു സൂക്ഷ്മ നോട്ടമാണ് മൂഴിക്കുളം ശാല മുന്നോട്ട് വയ്ക്കുന്ന ഗ്രീൻ സ്വരാജ്. ഒരു സ്വാശ്രയ സ്വാവലംബന - പ്രകൃതി കേന്ദ്രീകൃത - വികേന്ദ്രീകൃത രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക സാമ്പത്തിക വ്യവസ്ഥയുടെ പ്രത്യയശാസ്ത്രമാണ് ഗ്രീൻ സ്വരാജ്. ഈ നിമിഷം മുതൽ ഇവിടെ നടപ്പാവേണ്ട സാമൂഹ്യ നീതിയിലധിഷ്ഠിതമായ സർവ്വോദയ / മതേതര / ജനാധിപത്യ / ലിംഗസമത്വ /നീതി വ്യവസ്ഥയാണ് ഗ്രീൻ സ്വരാജ്. ഗ്രീൻ സ്വരാജ് നീതിയുടെ വൃക്ഷമാകുന്നു. അടുത്ത അദ്ധ്യായത്തിൽ നമുക്ക് ചിന്തയിലും പ്രവർത്തിയിലും ജീവിതത്തിലും സമഗ്ര മാറ്റത്തിന് കാരണമാകുന്ന ഗ്രീൻ സ്വരാജിനെക്കുറിച്ച് സംസാരിക്കാം. 


(തുടരും)

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment