ശുദ്ധീകരണത്തിന്റെ കർക്കിടക വിചാരങ്ങൾ




കർക്കിടക വിചാരങ്ങൾ, നാട്ടറിവുകളെ പൊലിപ്പിയ്ക്കന്ന മാസമാണ് കർക്കിടകം. ശുദ്ധീകരണത്തിൻ്റെ മാസം കൂടിയാണ് കർക്കിടകം. സമസ്ത മേഖലകളും പുതുക്കിപ്പണിയുന്ന കാലം. പുതുവർഷമായ ചിങ്ങത്തി ലേയ്ക്കുള്ള യാത്രയെ ബലപ്പെടുത്തുന്നു കർക്കിടകം. കർക്കിടകം നമുക്ക് പത്തമാസം കൂടിയായിരുന്നു. ദാരിദ്യത്തിൻ്റെ കാലം തവിടടയുടെ കാലം.പൂർവ്വികരുടെ വിശ്വാസങ്ങളിലേയ്ക്കുള്ള ഒരു നോട്ടം -


രാവിലെ 10.45 ന് കർക്കിടക സംക്രാന്തി. ഭൂമിയുടെ ഭ്രമണം മൂലം സൂര്യനു അഭിമുഖമായി മിഥുനം രാശിയുടെ സ്ഥാനത്ത് കർക്കിടക രാശി വരുന്ന സമയം. അതിനു മുമ്പായി വീടും പരിസരവും വൃത്തിയാക്കി വയ്ക്കും. വിശ്വാസത്തിൻ്റെ ഭാഗമായി മനസ്സിൻ്റെ ശുദ്ധീകരണത്തിനായി രാമായണം വായിച്ചു വരുന്നു. മനുഷ്യ പ്രധാനമായ ദക്ഷിണായനം ആരംഭിക്കുന്നത് കർക്കിടകം ഒന്നിനാണ്.തുടർന്നുള്ള ആറു മാസം ദക്ഷിണായന കാലമാണ്. ഭക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് കർക്കിടക വാവ് .മരിച്ചു പോയ ആത്മാക്കളുടെ ദിനം. അവരെ ഓർത്തെടുക്കുന്ന ദിനം. കർക്കിടകം ഞണ്ടാണ്. കർക്കിടകത്തിനു് പാതിരാപ്പൂവിൻ്റെ നിറമാണ്.കാല പുരുഷൻ്റെ ഹൃദയമാണ് കർക്കിടകം. കർക്കിടകത്തെ ആരോഗ്യം മാസമായി കരുതുന്നു. ആയ്യുർവേദത്തിൽ തിരുമ്മു ചികിത്സയുടെ കാലം. തേച്ചുകുളിയുടെ കാലം.ദശപുഷ്പം ചൂടുന്ന സമയം. ഉലുവാ കഞ്ഞിയുടെ ദിനങ്ങൾ .ഉലുവ ഉണ്ടയുടെ കാലം.ഔഷധസേവയുടെ കാലം. കർക്കിടകത്തിൽ ഔഷധികളുടെ രാജാവായ ചന്ദ്രൻ്റെ പ്രഭവ കാല മായതുകൊണ്ട് ഭൂമിയിലെ ഔഷധച്ചെടികൾക്ക് വീര്യം കൂടുന്നു.ഇല്ലം നിറയുടെയും പുത്തരിയുടെയും കാലം. പുത്തരിയിൽ കലയുകടിയ്ക്കരുതെന്ന പഴഞ്ചൊല്ല് ഇവിടെ നിന്ന് ആരംഭിക്കുന്നു.വിളവെടുപ്പിൻ്റെ കാലം കൂടിയാണ്. പത്തായങ്ങൾ പൊലിക്കുന്ന മാസം .പത്തിലധികം മഴ ഞാറ്റുവേലക്കാലം ഭൂമിയുടെ കായ കല്പ ചികിത്സാ കാലം കൂടിയാണ്. ഭൂഗർഭ ജലം സംഭരിക്കുന്ന കാലം. മണ്ണിലേക്ക് ജലം അരിച്ചിറങ്ങി ഭൂമിയെ പുതുക്കിപ്പണിയുന്ന കാലം. കുറവൻപ്പാട്ടിൻ്റെ കാലമായിരുന്നു കർക്കിടകം.രാവേലി വായനയുടേയും. ഇവ രണ്ടും ഇന്ന് അന്യം നിന്നപോലെയായി. 


ഭൂമിയെ,  വീടിനെ, പരിസരങ്ങളെ, മനസ്സിനെ, ശരീരത്തെ പുതുക്കിപ്പണിത്, പിതൃക്കളെ ആദരപൂർവ്വം ഓർത്തുകൊണ്ട് പുതുവർഷമായ ചിങ്ങത്തെ / ഓണത്തെ വരവേല്ക്കാൻ പ്രാപ്തമാക്കുന്ന ഒരു പ്രക്രിയ കൂടി കർക്കിടകത്തിൽ ഒളിഞ്ഞിരിക്കുന്നു. ഇതാണ് കർക്കിടകത്ത സമ്പന്നമാക്കുന്നത്. മനോഹരമാക്കു ന്നത്.കാല പുരുഷൻ്റെ ആത്മാവ് സൂര്യനും മനസ്സ് ചന്ദ്രനും ആണ്. രാശികൾ അവയവങ്ങളുമാണ്. ഹൃദയഭാഗമാണ് കർക്കിടകം ചന്ദ്രൻ്റെ/ മനസ്സിൻ്റെ കാലം കൂടിയാണ് കർക്കിടകം ഇത് കൊണ്ടെക്കെ കൂടിയാണ് കർക്കിടകം നമ്മെ വിസ്മയിപ്പിക്കുന്നത്. പൂർവ്വികരുടെ പാഠപുസ്തകത്തിലെ ഒരദ്ധ്യായമാണ് കർക്കിടകം. 12അദ്ധ്യായങ്ങളിൽ ഒന്ന്.തിരുവാതിര ഞാറ്റുവേല കൊണ്ട് മിഥുനവും ഓണപ്പൂക്കളെ കൊണ്ട് ചിങ്ങവും നമ്മെ മോഹിപ്പിച്ചു കൊണ്ടേയിരിക്കും. മലയാം കൊല്ലം മഹാകാവ്യവും.മലയാള മാസങ്ങളുടെ മഹാകാവ്യം.2018ലെ മഹാ പ്രളയത്തിൽ ഈ അപൂർവ്വ ഗ്രന്ഥം നഷ്ടപ്പെട്ടു പോയതിൻ്റെ വേദന ഇപ്പോഴും മാറിയിട്ടില്ല. കർക്കിടകം നൽകിയ ഒരു വേദനയാണിത്. കാലവർഷത്തിൽ ജലം ഒഴുക്കി കളയണം. തുലാവർഷത്തിൽ ജലം സംഭരിച്ചു നിർത്തണം. ഈ നാട്ടറിവ് നമുക്ക് ഒരു തിരിച്ചറിവും നൽകിയില്ല. ഒരു നാടിൻ്റെ ജല നയമാകണം ഈ നാട്ടറിവ്.


മിഥുനത്തിന് യാത്രാമംഗളം നേരുന്നു. കർക്കിടകത്തെ സ്വാഗതം ചെയ്യുന്നു.ചിങ്ങത്തിനായി കാത്തിരിക്കുന്നു. ഈ ചിന്ത നല്കുന്ന ഉണർവ്വ് പറയാതിരിക്കാനാവില്ല.എം ടിയുടെ പ്രസിദ്ധമായ ഒരു കഥ കർക്കിടകത്തെക്കുറിച്ചുള്ളതാണ്.

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment