മാജുലി: ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപ് ജില്ലയിലൂടെ ഒരു യാത്ര




മാജുലി ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ ഭൂപ്രദേശമാണ്. ലോകത്തിലെ തന്നെ ഏറ്റവും വിസ്താരമേറിയ നദീദ്വീപ്. മാജുലി ആസാമിലെ ഒരു ജില്ലയാണ്. ഇന്ത്യയിലെ വെള്ളത്താൽ ചുറ്റപ്പെട്ട ഏക ജില്ലയും മാജുലി തന്നെ. മാജുലിയിലേക്ക് പോകണമെങ്കിൽ ബ്രഹ്മപുത്രയിലൂടെ മുക്കാൽ മണിക്കൂർ ബോട്ട് യാത്ര നടത്തണം. മരിയാന ജംഗ്ഷനിൽ ട്രെയിനിറങ്ങി ജോർഹട്ട് പട്ടണവും കഴിഞ്ഞ് അരമണിക്കൂറോളം ഓട്ടോറിക്ഷയിൽ യാത്ര ചെയ്താൽ ബ്രഹ്മപുത്രയുടെ കടവിലെത്താം.


പ്രളയകാലത്ത് എൺപത് ശതമാനം ഭൂപ്രദേശവും വെള്ളത്തിനടിയിലാവുമെങ്കിലും മാജുലിയിലെ കർഷകർ അത് കാര്യമാക്കാറില്ല. തങ്ങളുടെ കൃഷിയിടങ്ങളിൽ വെള്ളം കേറാതിരിക്കുന്നതാണ് യഥാർത്ഥത്തിൽ പ്രശ്നം. മാജുലിയുടെ മാത്രമല്ല ആസാമിലെ എല്ലാ കൃഷിയിടങ്ങളും ഫലഭൂയിഷ്ടമാകുന്നത് ബ്രഹ്മപുത്ര കരകവിഞ്ഞ് ആസാമിനെ വെള്ളത്തിൽ മുക്കുമ്പോഴാണ്.
ആഴ്ചകൾ നീളുന്ന പ്രളയത്തിൽ നിന്ന് മാജുലി മുക്തമാവുമ്പോൾ അവൾ വീണ്ടും കൃഷിക്ക് പാകമാവുന്നു. നെല്ലാണ് മുഖ്യ വിളയെങ്കിലും കടുകും ഉരുളക്കിഴങ്ങും മുഖ്യവിളകൾ തന്നെ.


ഭൂനിരപ്പിൽ നിന്ന് ഉയർന്നു നിൽക്കുന്ന കാലുകൾക്ക് മുകളിൽ മുളകൾ കൊണ്ട് തീർത്ത അതീവ ലാളിത്യമാർന്ന വീടുകളിലാണ് മജുലിയിലെ കർഷകർ താമസിക്കുന്നത്. ഓരോ വീട്ടിലും കോഴിയും പന്നിയുമുണ്ടാകും. വീട്ടിന് കീഴ്ഭാഗത്തായി നെയ്ത്തുയന്ത്രവും സ്ഥാപിച്ചിട്ടുണ്ടാവും. ഓരോ കുടുംബങ്ങൾക്കും ഒരു വഞ്ചി സ്വന്തമായുണ്ടാകും. വഞ്ചിയിലാണ് പ്രളയകാലത്ത് അവരുടെ യാത്ര. 
പന്നിയെ ചന്തകളിൽ വിറ്റാണ് അവരുടെ ദൈനംദിന ചിലവുകൾക്കുള്ള പണം കണ്ടെത്തുന്നത്. നെല്ല് വിൽക്കാറില്ല അവർ. ഓരോ മാജുലി കുടുംബവും അവരവർക്കാവശ്യമുള്ള മദ്യം അവർ തന്നെയുണ്ടാക്കുന്നു. സ്ത്രീകളും പുരുഷൻമാരും ഭക്ഷണത്തോടൊപ്പം മദ്യവും കഴിക്കുന്നു. 


സ്ത്രീകൾക്ക് ഏറ്റവും മുന്തിയ പരിഗണന കൊടുക്കുന്ന മെസ്സിംഗ് ഗോത്ര വിഭാഗക്കാരാണ് മജുലിയിലെ കർഷകരിൽ ഏറെയും. അവർ തന്നെയാണ് ജനസംഖ്യയിലെ മുക്കാൽ ഭാഗത്തോളവും. 90 ശതമാനത്തിൽ കൂടുതൽ സാക്ഷരരാണ് മാജുലിക്കാർ. 
മാജുലിയിലെ ഓരോ ഗ്രാമത്തിലും എൽപി സ്കൂളുകളുണ്ട്. സ്കൂളുകളിൽ ഏറ്റവും ചുരുങ്ങിയത് ഇരുപത് വിദ്യാർത്ഥികളുണ്ട്.


ദ്വീപിലെ ഭരണരീതി തീർത്തും അനുകരണീയമാണ്.
അവർക്കവിടെ സ്വയംഭരണ കൗൺസിലുകളുണ്ട്. അവിടത്തെ നിർമ്മാണ പ്രവർത്തനങ്ങളും മറ്റു വികസന പ്രവർത്തനങ്ങളും തീരുമാനിക്കുന്നതിൽ പൂർണ്ണ സ്വാതന്ത്ര്യം അവിടത്തെ ഗോത്ര കൗൺസിലുകൾക്കുണ്ട്.  അതിനാൽ തന്നെ അശാസ്ത്രീയമായതും പാരിസ്ഥിതി വിരുദ്ധവുമായ ഒരു നിർമ്മാണവും അവിടെ നടക്കുന്നില്ല. തികച്ചും കാർഷികമായ സമ്പദ്ഘടനയും സ്വയം പര്യാപ്തമായ ഭക്ഷ്യ സുരക്ഷിതത്വവും പരിസ്ഥിതിക്കിണങ്ങിയ ടൂറിസവും സഞ്ചാരികൾക്കായി പണിത മുള വീടുകളും ഒക്കെ മാജുലിയുടെ സൗന്ദര്യത്തെ അതീവ ഹൃദ്യമാക്കുന്നു.


ജോർഹട്ടിനും മാജുലിക്കും ഇടക്ക് സഞ്ചാരം സുഗമമാക്കാൻ ബ്രഹ്മപുത്രക്ക് കുറുകെ പാലം പണിയുന്നതിനെപ്പറ്റി ചോദിച്ചാൽ മാജുലിക്കാർക്ക് ഒറ്റ ഉത്തരമേയുള്ളു. പാലം വന്നാൽ മാജുലിയുടെ പരിസ്ഥിതിക തകർച്ച തുടങ്ങും എന്നാണ് അവർ പറയുന്നത്. ടൂറിസത്തിനു വേണ്ടി മാജുലിയുടെ മണ്ണിനെയോ പരിസ്ഥിതിയേയോ മുറിവേൽപ്പിക്കുന്നില്ല അവർ. വിദേശികൾക്കു വേണ്ടി മഹാസൗധങ്ങൾ കെട്ടി പൊക്കുന്നില്ല അവർ. മാജൂലി സന്ദർശിക്കുന്നവർ വാസ്തവത്തിൽ അതാഗ്രഹിക്കുന്നുമില്ല.


ഏറ്റവും മനോഹരമായ സ്വാശ്രിതകാർഷിക ഗോത്രജീവിതം കാണണമെങ്കിൽ നാം മാജുലിയിലേക്കു തന്നെ പോകണം മുപ്പതോ നാൽപ്പതോ കിലോമീറ്റർ സൈക്കിളിൽ ഉൾഗ്രാമങ്ങളിലൂടെ യാത്ര ചെയ്യണം സന്തുഷ്ടമായ അവരുടെ ജീവിതത്തെ അടുത്തറിയണമെങ്കിൽ.


പരിസ്ഥിതിവിരുദ്ധ കാർഷികവിരുദ്ധ വീടിനു വേണ്ടി ഒരു മനുഷ്യായുസ്സു മുഴുവൻ നശിപ്പിക്കുന്ന നാം മലയാളികൾക്ക് മാജുലിയിലെ മനുഷ്യരിൽനിന്ന് ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട്. അവരുടെ സന്തോഷത്തിന്റെ വ്യാപ്തിയെ നാം അന്വേഷിക്കേണ്ടതുണ്ട്. മാജുലി വാസ്തവത്തിൽ ഒരു വിസ്മയം തന്നെയാണ് നമുക്ക്.സംശയമേയില്ല!


യാത്രാ വിവരണം: ആർ. ബാലകൃഷ്‌ണൻ, പരിസ്ഥിതി പ്രവർത്തകൻ 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment