പ്ലാസ്റ്റിക് കവറിന് പകരം തുണിസഞ്ചി ഏറ്റെടുത്ത് തിരുവനന്തപുരം നിവാസികൾ




തിരുവനന്തപുരം നഗരത്തെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ തുടങ്ങിയ തുണിസഞ്ചി നിര്‍മാണ യൂണിറ്റുകളില്‍ നിന്ന് നാലു മാസം കൊണ്ട് വിറ്റഴിച്ചത് 14,000 സഞ്ചികള്‍. നഗരത്തില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിച്ചതു മൂലം ഉണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനാണ് തുണി സഞ്ചി നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ നഗരസഭ തീരുമാനിച്ചത്. പ്ലാസ്റ്റിക് ബാഗുകള്‍ക്കു ബദലായി തുണി, പേപ്പര്‍ സഞ്ചികള്‍ അവതരിപ്പിക്കാനുള്ള തീരുമാനം ഫെബ്രുവരി 2017 ലാണുണ്ടായത്. 


2017 പകുതിയോടെ 30 ലക്ഷം സഞ്ചികള്‍ ലഭ്യമാക്കാനായിരുന്നു തീരുമാനം. എന്നാല്‍, പല കാരണങ്ങളാല്‍ നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങുന്നതിന് കാലതാമസമുണ്ടായി. നിലവില്‍ അഞ്ച് പ്ലാസ്റ്റിക് സഞ്ചി നിര്‍മാണ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. കേരള ടെക്സ്റ്റയില്‍ കോര്‍പ്പറേഷനില്‍ നിന്നാണ് തുണി വാങ്ങുന്നത്. 12.50 രൂപയാണ് ഇപ്പോള്‍ ഒരു ബാഗിന്റെ വില. തുണി സഞ്ചി ജനങ്ങള്‍ ഏറ്റെടുത്തതോടെ വില 10 രൂപയില്‍ താഴെയാക്കാനുള്ള തീരുമാനത്തിലാണ നഗരസഭ.


വലിയവിള, മുട്ടട, കണ്ണമ്മൂല, ഉള്ളൂര്‍, നെട്ടയം എന്നിവിടങ്ങളിലാണ് നിര്‍മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. സഞ്ചി നിര്‍മാണത്തിനുള്ള തുണി കുറച്ചുകൂടി കുറഞ്ഞ നിരക്കില്‍ ലഭ്യമായാല്‍ കുറഞ്ഞ വിലയില്‍ സഞ്ചി വില്‍ക്കാനും ഉല്പാദനം ലാഭമാക്കാനും സാധിക്കും. കുറഞ്ഞ നിരക്കില്‍ തുണി ലഭ്യമാകുന്നതിനായി പൊതു ടെണ്ടര്‍ വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. 


തുണി സഞ്ചി ജനങ്ങള്‍ ഏറ്റെടുത്തതോടെ കൂടുതല്‍ നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങുമെന്നും മേയര്‍ വി. കെ. പ്രശാന്ത് പറഞ്ഞു. സഞ്ചിയുടെ നിര്‍മാണം വര്‍ദ്ധിപ്പിക്കുന്നതിനായി കുടുംബശ്രീ യൂണിറ്റുകളെ ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment