ട്രംപിനെ സ്വീകരിക്കാൻ കുരങ്ങുകളെ നാട് കടത്തുന്നു




അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സ്വീകരിക്കാൻ ഇന്ത്യ ഒരുങ്ങുന്നത് മനുഷ്യർക്കും പ്രകൃതിക്കുമെല്ലാം ഒരുപോലെ ബുദ്ധിമുട്ടിലാക്കിയാണ്. ചേരികൾ മറച്ചുകൊണ്ടുള്ള മതിൽകെട്ടിയും ജനങ്ങളെ ഒഴിപ്പിച്ചുമാണ് ജനങ്ങളോട് ഗുജറാത്ത് സർക്കാർ ദ്രോഹം ചെയ്യുന്നത്. ഒരു വിദേശ രാജ്യത്തെ പ്രസിഡന്റിനെ സ്വീകരിക്കാൻ ഇന്ത്യൻ ഭരണകൂടങ്ങൾ ചെയ്യുന്നത് കേട്ടുകേൾവിയില്ലാത്ത നടപടികളാണ്.


മനുഷ്യർക്ക് പിന്നാലെ പ്രകൃതിക്ക് നേരെയും ഈ സ്വീകരണം ബുദ്ധിമുട്ടുകൾ സൃഷ്ട്ടിക്കുന്നുണ്ട്. നേരത്തെ യമുനയിലേക്ക് വെള്ളം തുറന്ന് വിട്ടതിന് പിന്നാലെ ഇപ്പോൾ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമുള്ള കുരങ്ങുകളെ നാടുകടത്തുകയാണ് അധികൃതർ. റണ്‍വേയിലേക്കെത്താറുള്ള കുരങ്ങു കൂട്ടത്തെ കെണിവച്ച്‌ പിടികൂടുകയാണ് വിമാനത്താവള അധികൃതര്‍.


തടസങ്ങളില്ലാതെ ട്രംപിന്‍റെ വിമാനം നിലത്തിറങ്ങുന്നതിന് വലിയ ഭീഷണിയാണ് റണ്‍വേയില്‍ അതിക്രമിച്ച്‌ കയറുന്ന വാനരസംഘം എന്നാണ് അധികൃതരുടെ പക്ഷം. വിമാനത്താവളത്തോട് ചേര്‍ന്നുള്ള സൈനിക കേന്ദ്രത്തിലെ മരങ്ങളില്‍ തമ്പടിച്ച കുരങ്ങുകളെയാണ് കെണിവെച്ച് പിടികൂടുന്നത്. ഇടയ്ക്ക് റൺവേയിൽ കുരങ്ങ് ഇറങ്ങാറുണ്ട്. ഈ സമയം വിമാനം ഇറങ്ങാറില്ല. ഈ കാരണം ചൂണ്ടിക്കാണിച്ചാണ് ഇപ്പോൾ നടപടി.


സൈറണ്‍ മുഴക്കിയും പടക്കം പൊട്ടിച്ചുമുള്ള വിദ്യകള്‍ പയറ്റിനോക്കിയിട്ടും കുരങ്ങുകൾ പോകാത്തതിനാലാണ് ഇപ്പോൾ കെണിവെക്കുന്നത്. ട്രംപ് എത്തുമെന്ന് വിവരം ലഭിച്ചതോടെയാണ് കെണിവച്ച്‌ തുടങ്ങിയത്.പിടിയിലായ 50ലധികം കുരങ്ങുകളെയാണ് കിലോമീറ്ററുകള്‍ക്കപ്പുറമുള്ള വനപ്രദേശത്ത് തുറന്ന് വിട്ടത്. വിമാനത്താവള മതിലിനോട് ചേര്‍ന്നുള്ള മരങ്ങള്‍ മുറിക്കാന്‍ സൈനിക കേന്ദ്രത്തിന് കത്തും നല്‍കിയിട്ടുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment