പത്തനംതിട്ട ജില്ലയിലെ ക്വാറി പ്രവർത്തനം വൻ ദുരന്തത്തിലേക്ക് വഴിതെളിക്കും: ഡോ. ടി. വി സജീവ്




പശ്ചിമഘട്ടത്തിലെ ചെങ്കുത്തായ മലകളിലെ പാറഖനനത്തിനും നിർമ്മാണ പ്രവർത്തനങ്ങൾക്കും അനുമതി നൽകിയതാണ് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ദുരന്തത്തിന് വഴിതെളിച്ചതെന്ന് കേരള വനം ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ: ടി. വി സജീവ്. തെക്കൻ കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി ക്വാറി പ്രവർത്തനം തുടങ്ങിയ ശേഷം രണ്ട് തവണ ഭൂചലനം അനുഭവപ്പെട്ട കടമ്പനാട് പഞ്ചായത്തിലെ പട്ടയഭൂമിയായ മണ്ണടി കന്നിമലയിലും ഇത്തരം ദുരന്തം വിദൂരമല്ലന്നും ടി. വി സജീവ് ഗ്രീൻ റിപ്പോർട്ടറോടു പറഞ്ഞു. 


ക്വാറികളിൽ ഉണ്ടാകുന്ന ഉഗ്രസ്ഫോടനങ്ങൾ പശ്ചിമഘട്ട മലനിരകളെ ആകെ ദുർബലപ്പെടുത്തുന്നു. വജ്രം കഴിഞ്ഞാൽ ശബ്ദം ഏറ്റവും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത് കരിങ്കല്ലിലൂടെയാണ്. നമ്മൾ കേൾക്കുന്ന ശബ്ദത്തേക്കാൾ വലിയ തോതിലുള്ള ശബ്ദം പ്രകമ്പനമായി കരിങ്കല്ലിനുള്ളിലൂടെ കടന്നു പോകും. ഓരോ സ്ഫോടനം നടക്കുമ്പോഴും പശ്ചിമഘട്ട മലനിരകൾ ആകെ കുലുങ്ങുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി ദുർബലമായ പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങളും ഖനനവും പാടില്ലെന്ന് മാധവ് ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ ചെയ്തത്. എന്നാൽ നാമത് ചെവിക്കൊണ്ടില്ല. 


വലിയ തോതിൽ മഴ പെയ്യുമ്പോൾ ദുർബലമായിരിക്കുന്ന മലകൾ ഒറ്റയടിയ്ക്ക് ഒഴികിപ്പോകുന്ന അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 14 ജില്ലകളിലായി ആറായിരത്തോളം ക്വാറികൾ സ്വകാര്യ മേഖലയിൽ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ക്വാറിയോടു ചേർന്ന് ജീവിക്കുന്ന മനുഷ്യർ അവിടെ നിന്നും പലായനം ചെയ്യേണ്ട സാഹചര്യം പല ഘട്ടങ്ങളിലുമുണ്ടായി. വീടുകളിലേക്ക് കല്ല് വന്നു വീണ് അപകടങ്ങൾ ഉണ്ടായതിനാലും ശുദ്ധജലം കിട്ടാതെ വന്നതിനാലുമാണ് ഈ ഒഴിഞ്ഞു പോകലുകൾ സംഭവിച്ചത്. ഇതൊന്നും പോരാഞ്ഞിട്ട് ക്വാറി ഉടമ സ്ഥലം വാങ്ങിക്കൂട്ടിയതു കൊണ്ടോ, ഭീഷണിപ്പെടുത്തിയതു കൊണ്ടോ വലിയ തോതിലുള്ള പലായനം കേരളത്തിലുണ്ടായിട്ടുണ്ട്. ഇത് നമ്മളൊരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല. ധാരാളമായി ക്വാറികൾ ഉണ്ടാകുകയും അവിടെ നിന്നെല്ലാം ആളുകൾ ഒഴിഞ്ഞ് പോകുകയും ചെയ്യുന്ന വലിയ തോതിലുള്ള ഒരു പ്രക്രിയ കേരളത്തിൽ നടന്നു കൊണ്ടിരിക്കുകയാണ്.


കോഴിക്കോട് ഏഴും വയനാട്ടിലും മലപ്പുറത്തും രണ്ട് വീതവും ഉരുൾപൊട്ടലുകളാണ് ഉണ്ടായത്. ഈ പതിനൊന്ന് ഉരുൾപൊട്ടൽ സ്ഥലങ്ങളും സന്ദർശിച്ചതിൽ നിന്നും മനസിലായ ഒരു പ്രധാനപ്പെട്ട കാര്യം ഈ ഉരുൾപൊട്ടലുകളെല്ലാമുണ്ടായത് അവിടെ പ്രവർത്തിക്കുന്ന പാറമടകളോട് ചേർന്നാണ് എന്നതാണ്. ഉരുൾപൊട്ടലുകൾ ഉണ്ടായ മലയുടെ ഏതെങ്കിലുമൊരു ഭാഗത്ത് ഒരു പാറമട പ്രവർത്തിക്കുന്നുണ്ട്. ഒന്നു രണ്ട് സ്ഥലങ്ങളിൽ മലയുടെ മുകളിൽ തന്നെ പാറക്കല്ലുകൾ പൊടിയാക്കുന്നതിനും കഴുകുന്നതിനും ആവശ്യമായ ജലം വലിയ തോതിൽ ശേഖരിച്ച് വയ്ക്കുന്നുണ്ട്. മനുഷ്യജീവനുകൾ നഷ്ടപ്പെട്ട കോഴിക്കോട് ഉരുൾപൊട്ടലിന് കാരണമായത് ഇത്തരത്തിൽ മലമുകളിലുള്ള ജലസംഭരണിയാണ്. ഇവയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് നിരവധി അഭിപ്രായ വ്യത്യാസങ്ങളും സംശയങ്ങളും നിലനിൽക്കുന്നുണ്ട്. വലിയ തോതിലുള്ള അഴിമതിയും പല ഘട്ടങ്ങളിലായി ആരോപിക്കപ്പെട്ടിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment