ഗ്ലാസ്‌കോ ഉച്ചകോടിയും ഇന്ത്യൻ നിലപാടും - 1




ഗ്ലാസ്‌ഗോ ഉച്ചകോടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വിവരങ്ങള്‍ അനുസരിച്ച്, ദേശീയ നിര്‍ണ്ണീത സംഭാവനകള്‍ (National Determined Contributions) സംബന്ധിച്ച രണ്ടാം റിപ്പോര്‍ട്ട് നല്‍കിയത് കേവലം 13 രാഷ്ട്രങ്ങള്‍ മാത്രമാണ്. പുതുക്കിയ എൻഡിസി കമിറ്റ്‌മെന്റുകള്‍ നല്‍കാത്ത രാജ്യങ്ങളില്‍ ഇന്ത്യയും ഉണ്ടെന്നറിയുക.


2020 ഓടെ കാര്‍ബണ്‍ എമിഷനില്‍ 30-35% വെട്ടിച്ചുരുക്കല്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കിലും കേവലം 12% കുറവ് വരുത്താന്‍ മാത്രമേ സാധിച്ചിട്ടുള്ളൂ എന്ന് വിശകലനങ്ങള്‍ സൂചിപ്പിക്കുന്നു.


നിലവിലുള്ള എൻഡിസി കമിറ്റ്‌മെന്റുകള്‍ പൂര്‍ണ്ണമായി നടപ്പിലാക്കിയാല്‍ തന്നെയും ആഗോള താപന നിരക്ക് 2.7 ഡിഗ്രിയിലേക്ക് ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.


അമേരിക്കന്‍ പ്രസിഡഡണ്ട് ജോ ബൈഡന്റെ ഗ്ലാസ്‌ഗോ പ്രസംഗം മലിനീകരണം കുറയ്ക്കുന്നത് സംബന്ധിച്ച പ്രതിബദ്ധതയെ ഉയര്‍ത്തിപ്പിടിക്കുന്നതാണെങ്കിലും നാളിതുവരെയായി അതിനാവശ്യമായ ലീഗല്‍ ഫ്രെയിംവര്‍ക്ക് ഉണ്ടാക്കിയെടുക്കുന്നതില്‍ യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നത് വാഗ്ദ്ധാനങ്ങളും നടപടികളും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്നതാണ്.


സുപ്രധാന പെട്രോ രാഷ്ട്രങ്ങളായ റഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ കോപ് 26ല്‍ പങ്കെടുക്കാതിരിക്കുന്നത് ഗ്ലാസ്‌ഗോ ഉച്ചകോടിയുടെ വിജയത്തിന് വലിയ തിരിച്ചടിയാകും.


വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ കാര്‍ബണ്‍ എമിറ്ററായ ചൈന കോപ് 26ല്‍ പങ്കെടുക്കുന്നില്ലെങ്കിലും തങ്ങളുടെ വിദേശ കല്‍ക്കരി പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി അറിയുന്നു.


2015ലെ പാരീസ് ഉച്ചകോടിയില്‍ വെച്ച് നിശ്ചയിക്കപ്പെട്ട പാരീസ് റൂള്‍ബുക്ക് സംബന്ധിച്ച് പൊതുവായ തീരുമാനത്തിലെത്താന്‍ രാഷ്ട്രങ്ങള്‍ക്ക് സാധിച്ചിട്ടില്ല. (പാരീസ് കരാര്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് പാരീസ് റൂള്‍ബുക്ക് എന്നറിയപ്പെടുന്നത്. 2018ലെ COP ഉച്ചകോടിയില്‍ വെച്ചാണ് ഇത് തയ്യാറാക്കപ്പെട്ടത്.)


റൂള്‍ബുക്ക് സംബന്ധിച്ച് രാഷ്ട്രങ്ങള്‍ക്കിടയിലുള്ള പ്രധാന വിസമ്മതം തങ്ങളുടെ കാലാവസ്ഥാ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിന് പുറത്തുനിന്നുള്ള സ്വതന്ത്ര ഏജന്‍സികള്‍ക്ക് അനുവാദം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ്. 


റൂള്‍ബുക്കിലെ ട്രാന്‍സ്പരന്‍സി, അക്കൗണ്ടബിലിറ്റി മെക്കാനിസത്തെ സംബന്ധിച്ച് മിക്കവാറും എല്ലാ രാഷ്ട്രങ്ങളും വിസമ്മതത്തിന്റെ പാതയിലാണ്.


റൂള്‍ബുക്ക് സംബന്ധിച്ച രണ്ടാമത്തെ തര്‍ക്കം, കാര്‍ബണ്‍ ട്രേഡിംഗുമായി ബന്ധപ്പെട്ടാണ്. എമിഷന്‍ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത രാഷ്ട്രങ്ങൾക്ക് അല്ലെങ്കില്‍ കമ്പനികള്‍ക്ക് (entities) എമിഷന്‍ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ച എന്റിറ്റികളില്‍ നിന്നും വില നല്‍കി വാങ്ങാവുന്നതിനെയാണ് കാര്‍ബണ്‍ കച്ചവടം എന്ന് വിളിക്കുന്നത്.. 


ക്യോട്ടോ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ഈ കാര്‍ബണ്‍ വിപണി ക്ലീന്‍ ഡെവലപ്പ്‌മെന്റ് മെക്കാനിസം (CDM) എന്നറിയപ്പെടുന്നു. കാര്‍ബണ്‍ വിപണി ശരിയായ രീതിയില്‍ പ്രയോഗത്തില്‍ വരുത്താന്‍ വളരെ ശക്തമായ അക്കൗണ്ടിംഗ് പ്രൊസീജ്യര്‍ ആവശ്യമായി വരുന്നുണ്ട്. ഇതിന് സുതാര്യവും വിശ്വാസ്യയോഗ്യവുമായ മെക്കാനിസം ആവശ്യമായി വരുന്നു. അന്താരാഷ്ട്ര തലത്തില്‍ രൂപീകരിക്കപ്പെടുന്ന സ്വതന്ത്ര ഏജന്‍സികള്‍ക്ക് മാത്രമേ ഇത്തരമൊരു ഇടപെടല്‍ നടത്താനാകൂ. എന്നാല്‍ വലിയൊരു നിര രാഷ്ട്രങ്ങളും ഇക്കാര്യത്തില്‍ വിസമ്മതം രേഖപ്പെടുത്തുന്നു.


കോപ് 26 ഉച്ചകോടിക്ക് തൊട്ട് മുന്നെ റോമില്‍ നടന്ന G 20 ഉച്ചകോടിയില്‍ ഹരിത ഗൃഹവാതകങ്ങളിലെ ഏറ്റവും അപകടകാരിയായ രണ്ടാമത്തെ വാതകമായ മീഥെയ്ന്‍ പുറന്തള്ളലില്‍ വെട്ടിക്കുറവ് വരുത്തുന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ നടക്കുകയുണ്ടായി. മീഥെയ്ന്‍ പുറന്തള്ളല്‍  സംബന്ധിച്ച ചര്‍ച്ചകള്‍ ഗുണകരമാ ണെങ്കിലും CO2 ഉദ് വമനവുമായി തട്ടിച്ചുനോക്കുമ്പോള്‍ അവയ്ക്ക് വിദൂരമായി പോലും പകരമാകില്ലെന്നാണ് യാഥാര്‍ത്ഥ്യം.കാരണം മീഥേയ്ന്‍ അന്തരീക്ഷത്തില്‍ പതിറ്റാണ്ടുകള്‍ നിലനില്‍ക്കുമെങ്കില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നൂറ്റാണ്ടുകളോളം അന്തരീക്ഷമേലാപ്പായി നിലനില്‍ക്കും.

Green Reporter

K Sahadevan

Visit our Facebook page...

Responses

0 Comments

Leave your comment