ട്രമ്പിനെ പരാജയപ്പെടുത്തുക ലോക പരിസ്ഥിതി സംരക്ഷണത്തിന് പരമ പ്രധാനം




കാലാവസ്ഥ വ്യതിയാനം യാഥാര്‍ത്ഥ്യമാണ്. അതിന്റെ പ്രത്യാഘാതങ്ങള്‍ ജീവന്‍റെ നിലനില്പിന് ഭീഷണിയായി കഴിഞ്ഞു. അത്തരത്തില്‍ ശ്രദ്ധേയമായ ഒന്നായിരുന്നു മാലി ദ്വീപ് പ്രസിഡന്റ് മുഹമ്മദ്‌ നഷീദിന്‍റെ പ്രഖ്യാപനങ്ങള്‍. സമുദ്ര ജല നിരപ്പില്‍ നിന്നും വെറും 2.1 മീറ്റര്‍ മാത്രം ഉയര്‍ന്നു കിടക്കുന്ന 1191 ചെറു ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്ന മാലിദ്വീപ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മുങ്ങിക്കൊണ്ടിരിക്കയാണ്. രാജ്യത്തെ മുന്ന് ലക്ഷത്തിലധികം വരുന്ന ജനങ്ങള്‍ക്ക്‌ കുടിയേറാന്‍ പറ്റിയ ഇടം തേടുകയാണ് ആ രാജ്യമിന്ന്. ഇത്തരം തിരിച്ചടികള്‍ ലോകത്തെ നിരവധി രാജ്യങ്ങളെ ബാധിക്കുന്നുണ്ട്. ഉയരുന്ന കടലും വളരുന്ന മരുഭൂമിയും എന്ന വിഷമ വൃത്തത്തില്‍ പെട്ട് മനുഷ്യ വര്‍ഗ്ഗത്തിനൊപ്പം മറ്റു ജീവികളും ബുദ്ധി മുട്ടുന്നു. ഇതിന്‍റെ ഉത്തരവാദിത്തം മുഴുവൻ  മനുഷ്യരുടേതുമല്ല. ആധുനിക ജീവിതത്തിന്‍റെ രൂപവും ഭാവവും നെയ്തെടുക്കുവാന്‍ മുന്‍കൈ എടുത്ത യുറോപ്യന്‍ - അമേരിക്കന്‍ വികസന രീതികളുടെ പരിണിത ഫലമാണ്‌ ലോകം എന്ന് ഇന്നു നേരിടുന്ന പരിസ്ഥിതി ദുരിതങ്ങള്‍. കടലിന്‍റെ അടിത്തട്ടു മുതല്‍ ഹിമാലയന്‍ മല നിരകള്‍ വരെ കൈ അടക്കിയ പദ്ധതികള്‍ പ്രകൃതിയെ തകര്‍ക്കുകയായിരുന്നു. ഭൂമിയുടെ തണലും ശിഖരങ്ങളും വെട്ടി മാറ്റുന്നതിനാല്‍ തിരിച്ചടി നേരിടുന്ന ഭൂഖണ്ഡങ്ങളെ സംരക്ഷിക്കുവാന്‍ എല്ലാവര്‍ക്കും ഒരു പോലെ ബാധ്യതയുണ്ട് എന്നായിരുന്നു താച്ചറിസവും റെയ്ഗനിസവും പഠിപ്പിച്ചത്. ഇന്ത്യ - ഇന്തോനേഷ്യ - ഫിലിപ്പൈന്‍സ് - ബംഗാള്‍ തുടങ്ങിയ രാജ്യങ്ങളിലെ വയലുകള്‍ മീതെയിന്‍ വാതകം വലിയ തോതില്‍ പുറത്തു വിടുന്നു. ബ്രസീല്‍, ഇന്ത്യ എന്നിവിടങ്ങളിൽ നാല്‍കാലികള്‍ കൂടുതലാണ്. ആയതിനാല്‍ ഹരിത വാതകം നിയന്ത്രിക്കുവാന്‍ ഈ രാജ്യങ്ങള്‍ക്കാണ്‌ ഉത്തരവാദിത്തം എന്ന് സമ്പന്ന രാജ്യങ്ങള്‍ വാദിച്ചു. ഇത്തരം വാദങ്ങള്‍ക്ക് നേതൃത്വം കൊടുത്ത അമേരിക്ക റിയോ, ക്യോട്ടോ ഉടമ്പടികളെ തള്ളിയിരുന്നു. അല്‍ഗോര്‍ (മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ) തുടങ്ങിയവര്‍ പരിസ്ഥിതി വിഷയത്തില്‍ പഴയതിലും വ്യത്യസ്ഥമായ നിലപാടുകള്‍ എടുത്തു. യുറോപ്പില്‍ ശക്തമാകുവാന്‍ തുടങ്ങിയ ഗ്രീന്‍ പാര്‍ട്ടിയും മറ്റും പരിസ്ഥിതി വിഷയത്തെ രാഷ്ട്രീയ മുദ്രാവാക്യമാക്കി. അതിന്‍റെ തുടര്‍ച്ചയായി അമേരിക്കയുടെ മുന്‍ പ്രസിഡന്‍റ് ഒബാമ പാരീസ് പരിസ്ഥിതി സമ്മേളനത്തില്‍ ഹരിത വാതക ബഹിര്‍ഗമന നിയന്ത്രണത്തിലും മറ്റും മെച്ചപെട്ട തീരുമാനങ്ങള്‍ കൈകൊണ്ടു. ലോകത്തെ വിവിധ രാജ്യങ്ങളെ സഹായിക്കുന്നതില്‍ അമേരിക്ക മുന്നോട്ടു വന്നു. അമേരിക്കയില്‍ നിലനില്‍ക്കുന്ന ആന (റിപ്പ്ബളിക്കന്‍) - കുതിര (ഡെമോക്രാറ്റ്) പാര്‍ട്ടികള്‍ ലോക കോര്‍പ്പറേറ്റുകളെ കൈവിടുവാന്‍ ഒരുകാലത്തും തയ്യാറായിട്ടില്ല. അടിമ കച്ചവടം നിരോധിച്ച റിപ്പ്ബളിക്കന്‍ നിലപാടിനെ പരസ്യമായി എതിര്‍ത്തവരാണ് ഡെമോക്രാറ്റുകള്‍. അമേരിക്കയില്‍ നിരന്തരമുണ്ടാകുന്ന പ്രകൃതി ദുരിതങ്ങള്‍ അവര്‍ക്കു തന്നെ ഗുണ പാഠമാക്കേണ്ടി വന്നു. കൊടും കാറ്റും കാട്ടുതീയും അന്തരീക്ഷ ഊഷ്മവിലെ വര്‍ദ്ധനയുടെ തിരിച്ചടികളാണ്. അതുവഴി അമേരിക്കക്ക് വലിയ തരത്തിലുള്ള സാമ്പത്തിക നഷ്ട്ടം സഹിക്കേണ്ടി വരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ പാരീസ് സമ്മേളനത്തില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് എടുത്ത തീരുമാനം മറ്റു രാജ്യങ്ങളും പ്രചോദനമായിരുന്നു. 2025 ഓടെ ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ 28% കുറക്കുമെന്നായിരുന്നു മുന്‍ പ്രസിഡന്റ് ബറാക് ഒബാമ നല്‍കിയ ഉറപ്പ്. എന്നാല്‍ ഉടമ്പടിയില്‍ തുടരണമെന്ന ജി-7 രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും സമ്മര്‍ദ്ദം പൂര്‍ണ്ണമായി അവഗണിച്ചാണ് ട്രംപ് അമേരിക്കയെ ഒറ്റപ്പെടുത്തുന്ന തീരുമാനം പിന്നീടു പ്രഖ്യാപിച്ചത്. 2030 ഓടെ രാജ്യത്തെ ഊര്‍ജ്ജോത്പാദന മേഖല പുറന്തള്ളുന്ന ഹരിത ഗ്രഹ വാതകങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക എന്ന പദ്ധതി അമേരിക്ക നടപ്പിലാക്കി തുടങ്ങണം. 78% ഊര്‍ജ്ജത്തിന്‍റെ ഉത്പാദനവും സൗരോര്‍ജ്ജത്തിലേക്കും കാറ്റാടി യന്ത്രങ്ങളിലേക്കു മാറ്റുക. ഊര്‍ജ്ജത്തിനായി ജല വൈദ്യുത മേഖലയെയും കുറച്ച് മാത്രം ആണവ മേഖലയെയും ആശ്രയിക്കുക. ഘട്ടം ഘട്ടമായി ആണവ മേഖലയിലുള്ള ഊര്‍ജജോത്പാദനവും ഒഴിവാക്കാനായിരുന്നു തീരുമാനം. എല്ലാ സമയത്തും സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദിപ്പിക്കാനാകുന്ന മേഖലകളില്‍ നിന്ന് ആധുനിക ഗ്രിഡുകള്‍ ഉപയോഗിച്ച് വൈദ്യുതി മറ്റ് പ്രദേശങ്ങളിലേക്കെത്തിക്കും. അലാസ്ക ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ കാറ്റാടി യന്ത്രങ്ങള്‍ ഉപയോഗിക്കാം. നിലവിലെ ശ്രമം വിജയിച്ചാല്‍ ഹരിത ഗ്രഹ വാതകങ്ങളുടെ പുറന്തള്ളല്‍ 1990 ന് മുന്‍പുള്ള അളവിലേക്ക് കുറക്കാന്‍ കഴിയുമായിരുന്നു. അത്തരം തീരുമാനങ്ങളെ അട്ടിമറിക്കുവാന്‍ നിലവിലെ റിപ്പ്ബളിക്കന്‍ സ്ഥാനാര്‍ഥിയും നാല് വര്‍ഷം ഐക്യനാട് ഭരിച്ചു വരുന്ന ട്രമ്പ്‌ പരസ്യമായി തീരുമാനിച്ചു. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഗ്രീന്‍ ക്ലൈമറ്റ് ഫണ്ടിന് അമേരിക്ക നല്‍കിവരുന്ന എല്ലാ ധന സഹായവും പിന്‍വലിക്കും. പാരീസ് ഉടമ്പടി അമേരിക്കന്‍ സമ്പദ് ഘടനയ്ക്ക് കനത്ത നഷ്ടം വരുത്തിവെയ്ക്കുമെന്നും സാധാരണക്കാര്‍ക്കാര്‍ക്ക് ഉടമ്പടികൊണ്ട്  പ്രയോജനമില്ലെന്നു ട്രമ്പ്‌ പ്രചരിപ്പിക്കുവാന്‍ മടിക്കുന്നില്ല. വികസനത്തിന്‌ ശേഷം മതി പരിസ്ഥിതി എന്ന വാദമുയര്‍ത്തി, കാടുകളും പുഴകളും അന്തരീക്ഷവും തകര്‍ക്കുവാന്‍ മറ്റു രാജ്യങ്ങളെ കൂടി  പ്രചോദിപ്പിക്കുകയാണ്  നിലവിലെ അമേരിക്കന്‍ പ്രസിഡന്റ്. ആമസോണ്‍ കാടുകള്‍ കത്തിക്കുവാന്‍ കൂട്ടുനില്‍ക്കുന്ന ബ്രസീല്‍ പ്രസിഡന്‍റ്, കല്‍ക്കരി പാടങ്ങള്‍ നിയന്ത്രിക്കേണ്ടതില്ല എന്ന് പറയുന്ന ആസ്ട്രേലിയയുടെ ഭരണ കര്‍ത്താവ്‌ മുതലായവര്‍ ട്രമ്പില്‍ നിന്നും പിന്തുണ നേടി കോര്‍പ്പറേറ്റുകളെ സഹായിക്കുകയാണ്. കോവിഡു വിഷയത്തിലും അശാസ്ത്രീയ സമീപനങ്ങള്‍ എടുക്കുകയും ശാസ്ത്ര ലോകത്തോട്‌ മുഖം തിരിച്ചുനില്‍ക്കുകയും ചെയ്ത ട്രമ്പിന്‍റെ തീരുമാനം ഏറ്റവും കൂടുതൽ കോവിഡ് രോഗികളുടെ നാടാക്കി അമേരിക്കയെ മാറ്റി. മരണപെട്ടവരുടെ എണ്ണം രണ്ട് ലക്ഷവും കടന്നിരിക്കുന്നു. ഇന്ധനത്തില്‍ 20% വും ലോക ജനസംഖ്യയില്‍ അഞ്ചു ശതമാനം മാത്രമുള്ള അമേരിക്കക്കാര്‍ ഉപയോഗിക്കുകയാണ്. അമേരിക്കയുടെ തെക്കുള്ള ഫ്ലോറിഡ മേഖല വെള്ളത്തിനടിയില്‍ ആകുന്ന സ്ഥിതിയിലാണ്. ഇന്ത്യന്‍ സമുദ്രത്തിലെ മാലിദ്വീപും നൈല്‍ നദിയുടെ തീരവും ബംഗ്ലാദേശും താമസിക്കാന്‍ പറ്റാത്തതാവും. ചുരുക്കത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഓരോ മനുഷ്യനും ഇന്ധന ഉപയോഗത്തിലും ഊർജ്ജ സംരക്ഷണത്തിലും ശ്രദ്ധിച്ചില്ലെങ്കില്‍ ഏതാനും തലമുറകള്‍ കൂടി മാത്രമേ മനുഷ്യരാശിക്ക് നില നില്പുണ്ടാവുകയുള്ളൂ എന്ന് കണക്കുകൾ കാണിക്കുന്നു. അമേരിക്കന്‍ ജനതയുടെ പ്രതി ശീര്‍ഷ ഹരിത ഗൃഹ വാതക പ്രസരണം 16.5  ടണ്ണും ചൈനക്കാരുടേത്‌ 6.58 ടണ്ണും ഇന്ത്യക്കാരുടേത്‌ 1.71 ടണ്ണുമാണ്. ഇതനുസരിച്ച്‌ അന്തരീക്ഷ താപ വര്‍ധനയില്‍ ഇന്ത്യാക്കാരന്‍ വഹിക്കുന്ന പങ്കിന്റെ 14 ഇരട്ടിയോളമാണ്‌ അമേരിക്കക്കാരുടെ കാര്‍ബണ്‍ ഉപയോഗം. കാര്‍ബണ്‍ വാതക പ്രസരണം അമേരിക്കയും ഇന്ത്യയും ഒരു പോലെ കുറവ്‌ വരുത്തണമെന്ന്‌ പറയുന്നതിന്റെ നിരര്‍ഥകത ഇതില്‍ നിന്ന്‌ വ്യക്തമാകും. ഹരിത ഗൃഹ വാതക പ്രസാരണം 40 % കുറച്ചാല്‍ മാത്രമേ ആഗോള താപനം 1990 ലെ നിരക്കിലേക്ക്‌ എത്താൻ കഴിയൂ എന്ന വസ്‌തുത അവഗണിച്ചു കൊണ്ട്‌ ഉത്തരമേഖലാ രാഷ്‌ട്രങ്ങള്‍ ആറോ ഏഴോ ശതമാനത്തിന്റെ പ്രതിബദ്ധതയേല്‍ക്കാനേ തയ്യാറാകുന്നുള്ളൂ. അമേരിക്ക എന്ന കോർപ്പറേറ്റ് മിത്രരാജ്യം, മറ്റു രാജ്യങ്ങളെ പോലെ പാരിസ്ഥിതികമായി തിരിച്ചടി നേരിടുമ്പോൾ, ആ തെറ്റ് തിരുത്തുവാൻ ശ്രമിച്ച ഒബാമയുടെ സമീപനത്തെ തള്ളിപ്പറയുവാൻ ശ്രമിക്കുന്ന ഡൊണാൾഡ് ട്രമ്പിനെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തേണ്ടത് ലോക പരിസ്ഥിതി രംഗത്തിൻ്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്.
Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment