മണ്ണിൽ തല പൂഴ്ത്തിയിരിക്കുന്ന ജീവിക്ക് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പേര്




പനാമയില്‍ നിന്നും പുതുതായി തിരിച്ചറിഞ്ഞതും മണ്ണിനടയിലും വെള്ളത്തിലും ഒരുപോലെ ജീവിക്കുവാന്‍ കഴിയുന്നതുമായ വിരക്ക് നല്‍കിയ പേര്‍ "Dermophis Donaldtrumpi" എന്നാണ്. അമേരിക്കന്‍ രാഷ്ട്രപതിയുടെ പേര്‍ പുഴുവിനു  നല്‍കുവാനുള്ള അവകാശം(പേരിടുവാനുള്ള) Envirobuild എന്ന കമ്പനി സ്വന്തമാക്കിയത് ബന്ധപെട്ട വകുപ്പിന് 25000 ഡോളര്‍ നല്‍കിയായിരുന്നു. മണ്ണില്‍ തല പൂഴ്ത്തി മാത്രം ശീലമുള്ള ജീവിക്ക് അമേരിക്കന്‍ രാഷ്ട്രപതിയുടെ പേരു നല്‍കിയത്,അദ്ധേഹം പരിസ്ഥിതി വിഷയത്തില്‍ എടുത്തു വരുന്ന അപകടകരമായ നിലപാടിനോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാനായിരുന്നു എന്ന് കമ്പനി വ്യക്തമാക്കി.


ഏറ്റവും അധികം പരിസ്ഥിതി ദുരന്തങ്ങള്‍ വരുത്തി വെക്കുന്ന അമേരിക്ക, അവരുടെ നാട്ടില്‍ കൈകൊള്ളുന്ന സമീപനങ്ങളും നാട്ടുകാര്‍ക്ക് ദുരിതം വിതച്ചു കൊണ്ടിരിക്കുകയാണ്. കത്രീനപോലെയുള്ള കാറ്റും കാലിഫോര്‍ണിയയില്‍ അടിക്കടി ഉണ്ടാകുന്ന കാട്ടുതീകളും ആവര്‍ത്തിക്കുന്നതിനാല്‍ ജനങ്ങള്‍ ഭീതിയില്‍ തുടരുന്നു.അവരുടെ പ്രതിസന്ധികള്‍ പരിഹരിക്കുവാന്‍ ഉന്നത സാങ്കേതികത സ്വന്തമാക്കിയിട്ടുള്ള രാജ്യം പരാജയപെടുകയാണ്.ഇതിന്‍റെ പശ്ചാത്തലത്തില്‍ ശ്രീ ഒബാമ രാഷ്ട്രപതിയായിരുന്ന കാലത്ത് പാരീസ് ഉടമ്പടിയില്‍ പങ്കാളിയാകുവാന്‍ തയ്യാറായി.ക്യോട്ടോ കരാറില്‍ നിന്നും വിട്ടുനിന്ന അമേരിക്ക ഹരിതവാതക ബഹിര്‍ഗമന വിഷയത്തിന്‍റെ ഉത്തരവാദികള്‍ ചൈനയും ഇന്ത്യയും എന്ന നിലപാടാണ് കൈകൊണ്ടിരുന്നത്. അവര്‍ ആസ്ട്രേലിയയേയും മറ്റു ചില രാജ്യങ്ങളേയും കൂട്ട് പിടിച്ചു.പില്‍കാലത്ത് ശ്രീ ഒബാമ പഴയ നിലപാടില്‍ നിന്നും മാറുകയും സമ്പന്ന രാജ്യങ്ങള്‍ 10000 കോടി ഡോളര്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് നല്‍കി അവരേയും കാര്‍ബണ്‍ രഹിത ലോകത്തേക്ക് എത്തിക്കുവാന്‍ സഹായിക്കും എന്ന് ഉറപ്പുനല്‍കിയിരുന്നു. 


കഴിഞ്ഞ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഒബാമയുടെ പരിസ്ഥിതി സവ്ഹൃത സമീപനത്തെ എതിര്‍ക്കുവാനായി ശ്രീ ഡോണാലട്‌ട്രംപ്പ് പരിസ്ഥിതി സമീപനങ്ങളെ തള്ളി പറയുവാന്‍ മടികാണിച്ചില്ല. അധികാരത്തില്‍ എത്തിയ ശേഷം പാരീസ്സില്‍ കൊടുത്ത ഉറപ്പുകളെ ലംഘിച്ചു.

 
അമേരിക്കന്‍ അദ്ധ്യക്ഷ പദവിയില്‍ ഇരുന്നുകൊണ്ട് ലോക പരിസ്ഥിതി വിഷയത്തോടു കണ്ണടക്കുന്ന ശ്രീ ട്രംപിന്‍റെ സമീപനത്തെ  വിമര്‍ശിക്കുവാനുള്ള അവസരമാക്കി Envirobuild എന്ന പരിസ്ഥിതി സവ്ഹൃത നിര്‍മ്മാണ കമ്പനി,  ജീവിയുടെ പേരിടല്‍ ചടങ്ങിനെ മാറ്റിയിരിക്കുന്നു. കമ്പനിയുടെ സ്ഥാപകരില്‍ പ്രമുഖന്‍ ശ്രീ ഐടാന്‍ ബെല്‍ സംഗീതന്ജനും പരിസ്ഥിതി സ്നേഹിയും തങ്ങളുടെ പ്രതിഷേധം ഉയര്‍ത്തുവാന്‍ കണ്ടെത്തിയ മാര്‍ഗ്ഗം ശാസ്ത്ര ലോകത്തും ചര്‍ച്ചയായിട്ടുണ്ട്.പരിസ്ഥിതി വിഷയത്തില്‍ അമേരിക്കന്‍ രാഷ്ട്രപതിയുടെ പേരുതന്നെ,  മുഖം ഉയര്‍ത്തി ലോകത്തെ കാണുവാന്‍ മടിക്കുന്ന ഉഭയ ജീവിക്കു  നല്‍കിയ  Envirobuild എന്ന കമ്പനിയുടെ ശ്രമം മാതൃകാപരമാണ്. നാട്ടിലെ നേതാക്കളുടെ പരിസ്ഥിതി വിരുദ്ധ സമീപനത്തിനെതിരെ ശക്തമായ  പ്രതിഷേധങ്ങള്‍ ഉയര്‍ത്തുവാന്‍ എന്തുകൊണ്ട് നമ്മള്‍ മടിച്ചു നില്‍ക്കുന്നു എന്ന് ആലോചിക്കേണ്ടതാണ്.        

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment