വന മഹോത്സവം കെട്ടുകാഴ്ച്ചകളാകുന്ന ദിനാഘോഷങ്ങളിൽ ഒന്ന് മാത്രം




'സംസ്ഥാന വന മഹോത്സവം 2020 ജൂലൈ 1 മുതൽ 7വരെ സർക്കാർ വൈവിദ്ധ്യമർന്ന പരിപാടികളോടെ ആചരിക്കുകയാണ് ഫെബ്രുവരി 2 (ലോക തണ്ണീർത്തട ദിനം), മാർച്ച് 22 ( ലോക ജലദിനം), മാർച്ച് 23 ( ലോക കാലാവസ്ഥാ ദിനം), ഏപ്രിൽ 18 ( ലോക പൈതൃക ദിനം), ഏപ്രിൽ 22 (ലോക ഭൗമദിനം), മെയ് 3 ( ലോക സൗരോർജ്ജ ദിനം), മെയ് 22 (ലോക ജൈവവൈവിദ്ധ്യ ദിനം), ജൂൺ 5 ( ലോക പ'രിസ്ഥിതി ദിനം), ജൂൺ 8 (ലോക സമുദ്ര ദിനം), ജൂൺ 17 (ലോക മരുഭൂമി വത്ക്കരണ വിരുദ്ധ ദിനം), സെപ്റ്റംബർ 16 (ലോക ഓസോൺ ദിനം), ഒക്‌ടോബർ 13 ( പ്രകൃതിദുരന്തനിവാരണ ദിനം) തുടങ്ങിയ ആചരണ ദിനങ്ങൾക്കപ്പുറം  ഈ വന മഹാത്സവവാരത്തിനും യാതൊരു പ്രാധാന്യവുമില്ല. ശക്തമായ പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ ഉള്ള ഒരു രാജ്യം, മേല്പറഞ്ഞ ദിനങ്ങൾ ഇച്ഛാശക്തിയോടെ നടപ്പാക്കിയിരുന്നെങ്കിൽ, ഇന്ത്യയും കേരളവും എത്ര ഹരിതാഭമാകുമായിരുന്നു. നമുക്ക് നിയമങ്ങൾ നടപ്പാക്കാനുള്ളതല്ല, ലംഘിക്കാനുള്ളതാണ്.


ഓരോ രാജ്യത്തിൻ്റെയും വിസ്ത്രിതിയുടെ 33% കാടായിരിക്കണമെന്നാണ് അന്താരാഷ്ട്ര ചട്ടം. കേരളത്തിൽ യഥാർത്ഥ കാടു് വെറും 5 % ത്തിൽ താഴെയാണ്. 9 ലക്ഷം ഹെക്ടർ കാടാണ് നമുക്ക് നഷ്ടപ്പെട്ടത്. ഒരു ഹെക്ടർ വനത്തിൻ്റെ വില / മൂല്യം 1 കോടി രൂപയാണ്. അതായത് ഓരോ വർഷവും കേരളത്തിൻ്റെ നഷ്ടം 9 ലക്ഷം കോടി രൂപയാകുന്നു. ഒരു ഹെക്ടർ വനത്തിന് 50 ലക്ഷം ലിറ്റർ വെള്ളത്തെ ഉപരി തലത്തിൽ പിടിച്ചു നിർത്താൻ കഴിയുമെന്ന് CWRDM ൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു.


എന്താണ് ഇതിന് ഒരു പരിഹാരമെന്ന് നമ്മൾ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു കാലാവസ്ഥാ വ്യതിയാനത്തേയും ആഗോള താപനത്തേയും അഭിസംബോധന ചെയ്യാതെ നമുക്ക് ഇനി ഒരടി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് കുട്ടികൾക്ക്‌ പോലും അറിയാം. ഗ്രീറ്റ തൻബർഗ്, ലിസി പ്രിയ, റിദ്ദിമ പാണ്ഡെ എന്നിവർ ഉന്നയിക്കുന്ന ചോദ്യങ്ങളേയും കാലാവസ്ഥ സമരങ്ങളേയും എത്ര നാൾ കണ്ടില്ലെന്നു നടിക്കാൻ ഭരണകൂടങ്ങൾക്ക് കഴിയും.


ഇക്കോളജി നമ്മുടെ ഭരണഘടനാവകാശമായി പ്രഖ്യാപിക്കണം. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുഖ്യ അജണ്ട ഇക്കോളജി ആയിരിക്കണം. ഇക്കോളജിക്ക് ഒരു മന്ത്രാലയമുണ്ടാകണം. കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം, - കാർബൺ ഫുട്ട് പ്രിൻ്റ്, വാട്ടർ ഫുട്ട് പ്രിൻ്റ്, വെർച്ച്വൽ വാട്ടർ, ബയോ കപ്പാസിറ്റി, ഇക്കോളജിക്കൽ ഫുട്ടു പ്രിൻ്റ്, പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ, വനാവകാശ നിയമങ്ങൾ, ഇക്കോളജിക്കൽ ഡെബ്റ്റ് ഡെ / എർത്ത് ഓവർഷൂട്ട് ഡേ, ജനങ്ങളുടെ ആഹ്ളാദം തുടങ്ങിയവ നമ്മുടെ രാജ്യത്തിൻ്റെ പുരോഗതിയുടെ അടിസ്ഥാന ഘടകങ്ങൾ ആകണം. അല്ലെങ്കിൽ നമ്മുടെ കുട്ടികൾ ചോദിക്കുന്ന ആ വല്ലാത്ത ചോദ്യമുണ്ടല്ലോ, അത് സത്യമായി തീരും. നിങ്ങൾ ഞങ്ങളുടെ ഭാവി വിറ്റു തുലച്ചില്ലേ?ഞങ്ങളെന്തിന് പഠിക്കണം? വരും കാലത്തെ മുന്നിൽ കാണുന്ന ഈ കുട്ടികളോട് വെറും ആചരണങ്ങൾ മാത്രം നടത്തി കൊണ്ടിരിക്കുന്ന ഭരണകൂടങ്ങൾക്ക്എന്ത് മറുപടി നൽകാനാകും?


നമുക്ക് പ്രളയങ്ങളോ പ്രകൃതിദുരന്തങ്ങളോ കോവിഡോ ഒന്നും പാഠമായില്ല എന്നോർക്കുമ്പോൾ മനുഷ്യൻ്റെ സവിശേഷ ബുദ്ധിയെക്കുറിച്ച് തന്നെ സംശയം തോന്നുന്നു. കേരളത്തെ സമഗ്രമായി അഴിച്ചുപണിയാൻ പ്രാപ്തിയുണ്ടായിരുന്ന ശാസ്ത്രീയപഠ ന രേഖയായിരുന്ന  ഗാഡ്ഗിൽ റിപ്പോർട്ട് ഹർത്താലുകൾക്കും ബന്ദുകൾക്കും ശവഘോഷയാത്രകൾക്കും വഴി മരുന്നായി മാറുകയാണുണ്ടായത്. ഈ വർഷത്തെ എർത്ത് ഓവർഷൂട്ട് ദിനം ആഗസ്റ്റ് 22 ആണ്. ഡിസംബർ 31 വരെ ഉപയോഗിക്കേണ്ട പ്രകൃതി വിഭവങ്ങൾ ആഗസ്റ്റ് 22 ഓടെ തീർന്നു പോകുന്നു എന്നതിനെ സൂച്ചിപ്പിക്കുന്ന ദിനമാണ് എർത്ത് ഓവർഷൂട്ട് ഡേ. അടുത്ത വർഷത്തേതിൽ നിന്നും പ്രകൃതി വിഭവങ്ങൾ കടം വാങ്ങി ഉപയോഗിക്കേണ്ടി വരുന്നു. ഈ രീതിയിൽ പ്രകൃതി വിഭവങ്ങൾ ഉപയോഗിക്കണമെങ്കിൽ നമുക്ക് ഒന്നല്ല കഷ്ടി രണ്ടു ഭൂമി വേണ്ടിവരും. നമുക്ക് മറ്റെല്ലാ ദിനങ്ങളേയും ഈ ദിവസത്തോട് കൂട്ടി ചേർത്ത് വർഷം മുഴുവൻ ഈ ദിനം ഗൗരവതരമായി നടപ്പാക്കാൻ കഴിയണം. 2019 ൽ ഈദിനം ജൂലൈ 29 നായിരുന്നു. കോവിഡ് മൂലം 24 ദിവസം നമുക്ക് അധികമായി കിട്ടിയിരിക്കുന്നു. മനുഷ്യൻ്റെ ഇടപെടൽ എത്ര കുറയുന്നുവോ അത്രയും ഭൂമിയ്ക്ക് നല്ലതാണ്.


ബിജു കാരക്കോണത്തിൻ്റെ സർക്കാർ വിലാസം പത്രക്കുറിപ്പ് വായിക്കുകയുണ്ടായി. എല്ലാ വർഷവും ആവർത്തിക്കുന്ന ഒരു കലാപരിപാടിയെന്നതിനപ്പുറം ഒരു പ്രാധാന്യവും വന മഹോത്സവത്തിനില്ല. ഉണ്ടായിരുന്നെങ്കിൽ കേരളം ഇതിനകം നല്ലൊരു കാടായി മാറുമായിരുന്നു. പശ്ചിമഘട്ട സംരക്ഷണത്തിനു വേണ്ടിയുള്ള ഗാഡ് ഗിൽ റിപ്പോർട്ടിനെന്തു സംഭ വിച്ചുവെന്ന് നമുക്കറിയാം. പരിസ്ഥിതി - വന- ആദിവാസി നിയമങ്ങൾ ഒക്കെ ലംഘിച്ചുകൊണ്ടു നടക്കുന്ന വികസനം പ്രകൃതിയെ തകർക്കുന്നതാണ്. ഉപേക്ഷിച്ച അതിരപ്പിള്ളി പദ്ധതിക്കു NOC നൽകി യും പരിസ്ഥിതി ആഘാത പഠനത്തിൽ വെള്ളം ചേർത്തും അനധികൃത ക്വാറിയിംഗ് അനുവദിച്ചും ജില്ലതോറും വിമാന താവളം പണിതും അർദ്ധ വേഗ റെയിൽവേ പാത്ര വിരിച്ചും ആരുടേയും അനുവാദം കൂടാതെ 20,000 ചമീറ്റർ ഭൂമി കുഴിക്കാൻ അനുമതി കൊടുത്തും പ്രകൃതിയെ മുച്ചൂടും നശിപ്പിക്കുന്നവർ പരിസ്ഥിതി -വന മഹാത്സവ കെട്ടുകാഴ്ചകൾ പത്രങ്ങളിൽ വൻ പരസ്യം നൽകി ചെയ്യുന്നതിൽ ആർക്കാണ് സന്തോഷിക്കാൻ കഴിയുക.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment