വെളിയം പാറഖനന മാഫിയക്കെതിരെ ശനിയാഴ്ച്ച പ്രതിഷേധ യോഗം




പാറ ഖനന നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വെളിയം പടിഞ്ഞാറ്റിൻകര, ചൂരക്കാട്, തെറ്റിക്കുന്ന് ഗ്രാമ നിവാസികൾ ശനിയാഴ്ച്ച (മാർച്ച് 9) പ്രതിഷേധയോഗം സംഘടിപ്പിക്കുന്നു. വൈകീട്ട് 5 മണിക്ക് ചൂരക്കാട് ജംക്ഷനിലാണ് പാറമാഫിയക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രതിഷേധ യോഗത്തിൽ ഐഷാ പോറ്റി എംഎൽഎ പങ്കെടുക്കും.


ചൂരക്കാട്, തെറ്റിക്കുന്ന് ഗ്രാമത്തിലെ പാറഖനനം പ്രദേശത്തെ ശക്തമായ പ്രതിഷേധം മൂലം 5 വർഷം മുൻപ് നിർത്തിവെച്ചിരുന്നു. എങ്കിലും ഇപ്പോൾ പാറ മാഫിയയുടെ നേതൃത്വത്തിൽ വീണ്ടം ഖനനം  നടത്താനുള്ള ശ്രമങ്ങൾ നടന്ന വരികയാണ്. 17 ലക്ഷം രൂപ മുടക്കി ഒരു നാടിന് മുഴുവൻ കുടിവെള്ളമെത്തിക്കാൻ തുടങ്ങിയ പദ്ധതി 80 ശതമാനം പണികളും പൂർത്തിയായി നിൽകുമ്പോഴാണ് പദ്ധതി അട്ടിമറിക്കപ്പെടുന്നത്. പാറക്വാറിയോട് ചേർന്ന കുളത്തിൽ നിന്നും വെള്ളമെടുത്ത് വേണം ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ. എന്നാൽ ഖനനം നടക്കുന്നതോടെ പദ്ധതി പാഴാകും.


പ്രദേശത്തെ ജല ദൗർലഭ്യത്തിന്റെ രൂക്ഷത കാരണം നാട്ടുകാർ തന്നെ ഇടപെട്ടാണ് കുടിവെള്ള പദ്ധതിക്ക് മുൻകൈ എടുത്തത്. ഇക്കാരണത്താൽ നാട്ടുകാരിൽ തന്നെ ചിലർ പദ്ധതിക്ക് വേണ്ട പമ്പ് ഹൗസും മറ്റും സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള സ്ഥലം സൗജന്യമായി നൽക്കുകയായിരുന്നു. പദ്ധതിയുടെ 80 ശതമാനത്തോളം പണി പൂർത്തിയായ സമയത്താണ് ചിലർ തടസ്സ വാദങ്ങളുമായി എത്തുന്നത്. കോൺട്രാക്ടറെ പദ്ധതിയിൽ നിന്നും പിന്മാറാൻ പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ഉണ്ടായി. ഇതോടെ നാട്ടുകാർ സംഘടിച്ച് പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു.


പ്രക്ഷോഭം ശക്തമായതോടെ പുതിയ കോൺട്രാക്ടർ വരികയും പദ്ധതി വീണ്ടും പുനരാരംഭിക്കുകയും ചെയ്‌തു. 5000 ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ടാങ്ക് പാറയുടെ സമീപത്തുള്ള റവന്യൂ ഭൂമിയിൽ വെക്കാൻ അധികൃതർ അനുവദിച്ചിരുന്നു. ഈ അവസരത്തിലാണ് പ്രദേശത്ത് പദ്ധതി മുടക്കുക കൂടി ലക്ഷ്യമിട്ട് ഏതാനും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും ഒത്താശയോടെ പാറ ഖനനവുമായി മുന്നോട്ട് വരുന്നത്. ടാങ്ക് സ്ഥാപിച്ച് കഴിഞ്ഞാൽ പാറ ഖനനം നടത്താൻ കഴിയില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ക്വാറി ഉടമകൾ തടസവുമായി നിൽക്കുന്നത്. 


കഴിഞ്ഞ മാസം, വാട്ടർ ടാങ്ക് പാറ മാഫിയക്ക് വേണ്ടി മാറ്റി സ്ഥാപിക്കാൻ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശ്രമം നടന്നിരുന്നു. ഇതേതുടർന്ന് പ്രദേശത്ത് നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ വക്കേറ്റമുണ്ടായി. നിലവിൽ ടാങ്ക് വെക്കുന്നത് പ്രദേശത്തെ ഏറ്റവും ഉയർന്ന പാറയിലാണ്. എന്നാൽ അത് അവിടെ തന്നെ സ്ഥാപിച്ചാൽ പാറപൊട്ടിക്കുന്നതിന് അനുമതി ലഭിക്കാതെ വരും. ഇക്കാരണത്താലാണ് ടാങ്ക് താഴ്ന്ന പ്രദേശത്തെക്ക് മാറ്റാൻ ശ്രമം നടത്തിയത്. എന്നാൽ ഇതിനെതിരെ രാഷ്ട്രീയ പ്രവർത്തകരും നാട്ടുകാരും സംഘടിച്ചു. ഇതോടെ ഗുണ്ടാ സംഘത്തിന്റെ നേതൃത്വത്തിൽ മാഫിയ സംഘം ഇടപെടുകയായിരുന്നു. തുടർന്ന് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. എല്ലാവരെയും പോലീസ് പിരിച്ചു വിടുകയായിരുന്നു. 


നിരവധി കുടുംബങ്ങൾക്ക് നേരിട്ട് ഗുണം ലഭിക്കുമായിരുന്ന ഒരു പദ്ധതിയാണ് ക്വാറി മാഫിയയുടെ ഇടപെടൽ മൂലം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇനിയും പ്രദേശത്തെ ക്വാറി മാഫിയക്ക് വിട്ടുകൊടുത്ത് പ്രദേശത്ത് പരിസ്ഥിതി ആഘാതം ഉണ്ടാക്കാനും തങ്ങളുടെ ജീവിതം ത്രിശങ്കുവിലാക്കാനും പ്രദേശവാസികൾ ഒരുക്കമല്ലെന്ന് പ്രഖ്യാപിച്ചാണ് ശനിയാഴ്ച്ച ജനകീയ പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നത്. യോഗത്തിൽ എംഎൽഎയെ കൂടാതെ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഗിരിജാ കുമാരി, ജഗദമ്മ ടീച്ചർ, വെളിയം പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശൈലജ അനിൽകുമാർ, വാർഡ് മെമ്പർ അജീഷ തുടങ്ങിയവരും പങ്കെടുക്കും. യോഗത്തിൽ രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment