വേമ്പനാട്ടു കായൽ ഓർമ്മയാകുവാൻ ഇനി കൂടുതൽ നാൾ വേണ്ടിവരില്ല?




ഇന്ത്യയിലെ വലിപ്പം കൊണ്ട് രണ്ടാമത്തെ സ്ഥാന വേമ്പനാട്ടു കായല്‍ ചതുപ്പു നിലമാവുമെന്ന് കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയുടെ (കുഫോസ്) പഠന റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി.കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ കായലിന്റെ 70% പ്രദേശവും നഷ്ടപ്പെട്ടത് കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകൾക്ക് തിരിച്ചടിയാണ്.കുട്ടനാടിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ടു നിർമ്മിച്ച തണ്ണീർ മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽ വേ എന്നിവ ഉദ്ദേശിച്ച ഫല പ്രാപ്തിയിൽ എത്തിയിട്ടില്ല. ഇതിനൊപ്പമാണ്  വേമ്പനാട്ടു കായലിന്റെ ആഴം (രണ്ട് പതിറ്റാണ്ടി നുള്ളില്‍) വലിയ നിലയിൽ  കുറഞ്ഞത് എന്ന് രാജ്യാന്തര കായല്‍ ഗവേഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കായലിന്റെ ആഴം കുറയുകയും സൂര്യ പ്രകാശം നേരിട്ട് താഴേത്തട്ടില്‍ എത്താനുള്ള സാഹചര്യവും ഉണ്ടാവുകയും ചെയ്യുമ്പോള്‍ കായലിന്റെ അടിത്തട്ടില്‍ സസ്യങ്ങളും മരങ്ങളും മുളപൊട്ടി വളരാന്‍ തുടങ്ങിയെന്ന് രാജ്യാന്തര കായല്‍ ഗവേഷണ കേന്ദ്രം കണ്ടെത്തിയിരുന്നു. അതു വഴി വർദ്ധിച്ചതോതിലുള്ള സസ്യങ്ങളുടെ സാന്നിധ്യം വിപരീത ഫലം സൃഷ്ടിച്ചു.


കായലിന്റെ ആഴം കുറയുന്നതോടെ ചെറിയ മഴക്കാലത്ത് പോലും കരയിലേക്ക് വെള്ളം കയറുന്നുവെന്നും കുഫോസിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.നദികളില്‍ നിന്ന് കായലിലേക്ക് ഒഴുകി എത്തുന്ന വെള്ളം പിടിച്ചു നിര്‍ത്താനുള്ള ശേഷി വേമ്പനാട്ടു കായലിന് നഷ്ടമാവുന്നു.കൊച്ചി-വൈപ്പിന്‍ ഭാഗത്തെ പാലങ്ങളുടെ നിര്‍മാണത്തിന് പിന്നാലെ ഉപേക്ഷിച്ച വസ്തുക്കളും, പാലങ്ങള്‍ക്കിടയില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങളും നീക്കം ചെയ്ത് ഒഴുക്ക് പുന സ്ഥാപിക്കണം എന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.1930ല്‍ 8-9 മീറ്റര്‍ ആയിരുന്ന  തണ്ണീര്‍മുക്കം ഭാഗത്തെ വേമ്പനാട്ടു കായലിന്റെ ആഴം. ഇപ്പോൾ 1.6-4.5 മീറ്റര്‍ മാത്രമായി തീർന്നു.


കായലിലെ വർധിച്ച വിനോദ സഞ്ചാര ബോട്ടുകൾ, മത്സ്യ കൃഷി, ഒഴുകി എത്തുന്ന വെള്ളത്തിലെ വർദ്ധിച്ച കീടനാശിനി സാനിധ്യം,നീർചാലുകൾ ഇല്ലാതായത്, പായലുകളും മറ്റും വർദ്ധിച്ചത് വെള്ളത്തിന്റെ സ്വാഭാവികതയിൽ മാറ്റമുണ്ടാക്കി. കണ്ടൽ കാടുകൾ പേരിനു പോലും കാണാൻ കഴിയാത്ത അവസ്ഥയും കോൺക്രീറ്റു ബണ്ടു നിർമ്മാണവും കായലിന്റെ സ്വാഭാവികതയെ പ്രതികൂലമായി ബാധിച്ചു. തണ്ണീര്‍മുക്കം -ആലപ്പുഴ ഭാഗത്ത് മാത്രം വേമ്പനാട്ടു കായലിന്റെ അടിത്തട്ടില്‍ ചുരുങ്ങിയത് 4276 ടണ്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞു കൂടിയിട്ടുണ്ടെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ വേമ്പനാട്ടു കായലിന്റെ പല ഭാഗങ്ങളും ചതുപ്പ് നിലമാവും എന്ന് പ്രതീക്ഷിക്കാം.


1341 ലെ വെള്ളപ്പൊക്കം കേരളത്തിന് സമ്മാനിച്ച 35000 ച.ഹെക്ടറോളം വിസ്താ രമുണ്ടായിരുന്ന വേമ്പനാട്ടു കായലിന്റെ നാശം മൂന്നു ജില്ലകളുടെ ആവാസ വ്യവസ്ഥ യെയും അവിടേക്ക് ഒഴുകി എത്തുന്ന അച്ചൻകോവിലാർ, പമ്പ, മീനച്ചിലാർ, മണി മലയാർ, പെരിയാർ എന്നീ പുഴകളെയും നേരിട്ടു ബാധിക്കും എന്ന് ഇനി എങ്കിലും ഉത്തരവാദിത്തപ്പെട്ടവർ തിരിച്ചറിയാത്ത അവസ്ഥ അപകടകരമാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment