അനധികൃത ഖനനങ്ങളുടെ ഭൂമിയായി മലപ്പുറം - വില്ലേജ് ഓഫീസർമാർക്കും ജിയോളജി വകുപ്പിനും പങ്ക്
മലപ്പുറം: അനധികൃത ഖനനം കണ്ടെത്താൻ വിജിലൻസ് നടത്തിയ പരിശോധനയിൽ മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിൽ അനധികൃത ഖനനം നടക്കുന്നതായി കണ്ടെത്തി. സംസ്ഥാന വ്യാപകമായി നടക്കുന്ന മിന്നൽ പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും പരിശോധന നടത്തിയത്. സംസ്ഥാന സർക്കാരിന്റെ കണക്കിൽ സംസ്ഥാനത്താകെ ആയിരത്തിൽ താഴെ ഖനനം നടത്തുന്ന ക്വാറികൾ ഉണ്ടെന്നാണ് പറയുന്നത്. എന്നാൽ ഇതിന്റെ പലമടങ്ങ് ക്വാറികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്.


ജില്ലയിലെ അരീക്കാട്, ഓർക്കാട്ടിരി വില്ലേജ് പരിധിയിലെ അനധികൃത മണ്ണ് ഖനനം നടത്തുന്ന പ്രദേശങ്ങളിലും മലപ്പുറം, ആലത്തൂർപ്പടി വില്ലേജിലെ മേൽമുറിയിലും കുറുവ വില്ലേജിലെ പാങ്, ചെറുകുളമ്പ്, ചേണ്ടി എന്നിവിടങ്ങളിലെ അനധികൃത ഖനന പ്രദേശങ്ങളിലും എടവണ്ണ വില്ലേജ് പരിധിയിലുമാണ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്. 


പരിശോധന നടത്തിയ സ്ഥലങ്ങളിലെല്ലാം കുന്നിടിച്ച് ഖനനം നടത്തുന്നത് അനധികൃതമായാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥല പരിശോധന നടത്തിയിട്ടില്ലെന്നും പരിശാധനയിൽ കണ്ടെത്തി. കുന്നിടിക്കുന്നതിനെതിരെ നൽകിയ പരാതികളിൽ ബന്ധപ്പെട്ട അധികാരികൾ നടപടികൾ എടുത്തിട്ടിയല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. 


സ്ഥല പരിശോധന നടത്താതെയും ചട്ടങ്ങൾ പാലിക്കാതെയും ഖനനത്തിന് അനുമതി നൽകിയ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർക്കും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർക്കും എതിരെ കർശന നടപടിക്ക് ശുപാർശ ചെയ്‌ത് വിജിലൻസ് ഡയറക്ടർക്ക് ഉടൻ റിപ്പോർട്ട് നൽകും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment