വിഴിഞ്ഞത്തിനായി കോട്ടുകാൽ നീർത്തടത്തിലെ പുത്തളത്ത് സ്ഫോടകവസ്തു മാഗസീന്‍ സ്ഥാപിക്കാൻ ശ്രമം




നെയ്യാറ്റിന്‍കര താലൂക്കിലെ കോട്ടുകാല്‍ വില്ലേജില്‍പ്പെടുന്ന കോട്ടുകാൽ നീർത്തടത്തിലെ പുത്തളത്ത് 150 കിലോഗ്രാം സംഭരണ ശേഷിയുള്ള സ്ഫോടക വസ്തു മാഗസീന്‍ സ്ഥാപിക്കുന്നതിന് രണ്ട് ഹെക്ടർ സ്ഥലം ആവശ്യപ്പെട്ടുകൊണ്ട് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ രാജേഷ് കുമാര്‍ നൽകിയിട്ടുള്ള അപേക്ഷ തള്ളിക്കളയണമെന്ന് കോട്ടുകാൽ പരിസ്ഥിതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. 


ചെയർമാൻ എസ്. ഷൂജ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ അടിമലത്തുറ ഡി. ക്രിസ്തുദാസ്,സെക്രട്ടറി ചൊവ്വര അനിൽ, ശാന്തിഗ്രാം ഡയറക്ടർ എൽ.പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു.


ചുറ്റിലുമുള്ള ഏഴ് ഗ്രാമപഞ്ചായത്തുകൾക്ക് ശുദ്ധജലം നൽകി ജനങ്ങളുടെ ജീവൻ നിലനിർത്തുന്ന കോട്ടുകാൽ നീർത്തടത്തിൽ സ്ഫോടക മാഗസീന് നിരാക്ഷേപ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആക്ഷേപമുണ്ടെന്ന് കാണിച്ച് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിനു മുന്നില്‍ ആക്ഷേപം ബോധിപ്പിക്കുന്നതിന് നാട്ടുകാരുടെ ഒപ്പു ശേഖരണം നടത്തുവാൻ യോഗം തീരുമാനിച്ചു.മാർച്ച് 27ന് വൈകിട്ട് 5 മണിക്ക് ചപ്പാത്ത് ജംഗഷനിൽ ഒപ്പുശേഖരണ പരിപാടിയുടെ ഉദ്ഘാടനവും ജനകീയ നേതാക്കളുടെ ഒത്തുചേരലും സംഘടിപ്പിക്കും. 


കോട്ടുകാൽ നീർത്തടത്തെയും തോടുകളെയും കൈവശപ്പെടുത്തി ജൈവ വൈവിധ്യത്തെയും പരിസ്ഥിതിയെയും നശിപ്പിച്ച് ഏഴ് പഞ്ചായത്തുകളിലെ ജനങ്ങളുടെ ശുദ്ധ ജലം ഇല്ലാതാക്കുന്ന പദ്ധതിയ്ക്കെതിരെ പഞ്ചായത്തുകൾ ഉണരണമെന്നും ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി വിളിച്ചു കൂട്ടി വിദഗ്ധരുടെ നേതൃത്വത്തിൽ പരിസ്ഥിതി ആഘാത പഠനം (EIA) നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അവശ്യമെങ്കിൽ സ്പെഷ്യൽ ഗ്രാമസഭകൾ വിളിച്ചു കൂട്ടണമെന്നും യോഗം കോട്ടുകാൽ ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment