വിഴിഞ്ഞം തുറമുഖ കരാറിലെ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സർക്കാർ നടപടിക്ക് ഒരുങ്ങുന്നു




തിരുവനന്തപുരം: ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കരാറിലെ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിയമപരമായ പരിശോധനയ്ക്ക് സർക്കാർ ഒരുങ്ങുന്നു. എന്ത് നടപടി സ്വീകരിക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിക്കാത്ത സാഹചര്യത്തിലാണ് പരിശോധനയ്ക്ക് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. നിയമ വിദഗ്ദ്ധരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി തീരുമാനിക്കും.


ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയില്‍ സമര്‍പ്പിച്ചെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കാതിരുന്നത് ആക്ഷേപങ്ങള്‍ക്കിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടികള്‍ സ്വീകരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് സര്‍ക്കാര്‍ എന്ന് ഇപ്പോള്‍ വ്യക്തമാക്കിയത്. അതേസമയം,  സംസ്ഥാനത്തിന് കോടികളുടെ ബാധ്യത സൃഷ്ടിച്ചുവെന്ന് വ്യക്തമാക്കുന്ന കമ്മിഷന്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് വ്യക്തമാക്കിയിട്ടില്ല. 


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കരാറുമായി ബന്ധപ്പെട്ട കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ( സിഎജി ) കണ്ടെത്തലുകളില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വീഴ്ചകള്‍ വ്യക്തമായിരുന്നു. സംസ്ഥാനത്തിന് കനത്ത നഷ്ടം വരുമെന്ന കണ്ടെത്തലായിരുന്നു സിഎജിയുടേത്. ഈ റിപ്പോര്‍ട്ടിലാണ് ജുഡീഷ്യല്‍ അന്വേഷണം നടന്നത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി സംസ്ഥാനത്തിന്റെ വികസന സാധ്യതകളെയും ഭീമമായ സാമ്ബത്തിക ബാധ്യതയെയും അവഗണിച്ച്‌ യുക്തിഹീനമായി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് വിഴിഞ്ഞമെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍. 


കരാറുകാര്‍ക്ക് മാത്രം ഗുണം ലഭിക്കുന്ന തരത്തില്‍ പല തവണ വ്യവസ്ഥകളില്‍ മാറ്റം വരുത്തി. ഇതിനായി മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി കരാറുകാരനുമായി ചര്‍ച്ച നടത്തിയെന്നും കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഈ രഹസ്യ ചര്‍ച്ചയില്‍ കമ്മിഷന്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കരാര്‍ തയ്യാറാക്കുന്ന ഘട്ടം മുതല്‍ തന്നെ ക്രമവിരുദ്ധ ഇടപെടലുകളും ആരംഭിച്ചു.സാമ്ബത്തിക നേട്ടം ലഭിക്കുന്നതിനായി നിരവധി സഹായങ്ങള്‍ കരാറുകാരന് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. 


സഹായങ്ങളുടെ കൂട്ടത്തില്‍ കരാര്‍ കാലാവധി അവസാനിക്കുമ്ബോള്‍ കരാറെടുത്ത അദാനി ഗ്രൂപ്പിന് 19,555 കോടി രൂപ സമ്മാനമായി നല്‍കുന്ന അത്യപൂര്‍വ വ്യവസ്ഥയും കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 40 വര്‍ഷം കഴിഞ്ഞ ശേഷം പദ്ധതി കൈമാറാന്‍ കരാറുകാരന്‍ ബാധ്യസ്ഥനാണ്. നിരുപാധികം പദ്ധതി കൈമാറണമെന്നതാണ് സമാന പദ്ധതികളുടെ കരാറുകളില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. 


എന്നാല്‍ വിഴിഞ്ഞം കരാറില്‍ ടെര്‍മിനേഷന്‍ ഫീസായി 19,555 കോടി രൂപ നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥയ്ക്ക് വ്യക്തമായ വിശദീകരണം നല്‍കാന്‍ തെളിവെടുപ്പ് സമയത്ത് കരാറുമായി ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ അടങ്കല്‍ തുക നിശ്ചയിച്ചാണ് കരാര്‍ അംഗീകരിച്ചത്. എന്നാല്‍ ഇതിന് ശേഷം രഹസ്യമായി കരാര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തുകയോ തിരുത്തുകയോ കൂട്ടിചേര്‍ക്കലുകള്‍ നടത്തുകയോ ചെയ്തിട്ടുണ്ട്.


പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ 548 കോടി രൂപ നല്‍കി ഏറ്റെടുത്ത 296 ഏക്കര്‍ സ്ഥലത്തിന് വായ്പയെടുക്കാനുള്ള അധികാരം അദാനി ഗ്രൂപ്പിന് നല്‍കുകയുണ്ടായി. ഈ സ്ഥലത്ത് ഷോപ്പിങ് മാളുകളും പഞ്ച നക്ഷത്ര ഹോട്ടലുകളും നിര്‍മ്മിക്കാന്‍ അദാനി ഗ്രൂപ്പിന് അവകാശം നല്‍കിയെന്ന കണ്ടെത്തലും കമ്മിഷന്‍ നടത്തിയിട്ടുണ്ട്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment