വിഴിഞ്ഞത്ത് പുലിമുട്ട് നിർമാണം വേഗത്തിലാകും; പശ്ചിമ ഘട്ട മലനിരകൾ ഇടിച്ചു നിരത്തുന്നതും




വിഴിഞ്ഞം അദാനി തുറമുഖത്തിന്റെ ബ്രേക്ക്-വാട്ടർ നിർമ്മാണം ഇനി തകൃതിയായി നടക്കുമെന്ന് ജനുവരി 4 ലെ മനോരമ പത്രം പറയുന്നു. കടലിൽ കൂടി കല്ല് കൊണ്ടുവന്ന് നിക്ഷേപിക്കാനുള്ള ബാർജ് മുതലപ്പൊഴിയിൽ എത്തിയതിന്റെ ചിത്രവും നൽകിയിരിക്കുന്നു. ബ്രേക്ക്-വാട്ടർ അഥവാ പുലിമുട്ടിന്റെ ആകെ നീളം 3.2 കി.മീ ആണ്, ഇതുവരെ 770 മീറ്ററാണ് പൂർത്തിയായിട്ടുള്ളതത്രെ. 


എന്നാൽ ഇനിയങ്ങോട്ട് കടലിന്റെ ആഴം കൂടുമെന്നതിനാൽ കല്ല് കൂടുതൽ വേണ്ടി വരും. നിരവധി ക്വാറികൾ അനുവദിച്ചു കിട്ടിയതിനാലും, ക്വാറികളും ജനവാസ ഇടങ്ങളും തമ്മിലുള്ള ദൂരപരിധി 200 മീറ്റർ വേണമെന്ന ഹരിത ട്രൈബ്യൂണൽ വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്തതിനാലും, എത്രയും വേഗം കേരളത്തിലെ പശ്ചിമ ഘട്ട മലനിരകൾ ഇടിച്ചു നിരത്തി കടലിൽ കൊണ്ടുതള്ളാനായിരിക്കും അദാനി ശ്രമിക്കുക.


ഫലത്തിൽ വിഴിഞ്ഞത്തിന് സമീപമുള്ള തീരഗ്രാമങ്ങളുടെ സ്ഥിതി ദുരിത പൂർണ്ണമാകുന്നതും വേഗത്തിലാകും. ജനുവരി 4 ലെ മാതൃഭുമി പത്രം വെട്ടുകാട് തീരത്തെ അവസ്ഥ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കാണുക. വിഴിഞ്ഞത്തെ ബ്രേക്ക്-വാട്ടറിന്റെ നീളം കൂടുന്നതോടെ ഈ മേഖലകളിൽ വൻ തീരശോഷണമാണ് വരാൻ പോകുന്നത്. വരാനിരിക്കുന്ന മറ്റൊരു ദുരന്തം വിഴിഞ്ഞം മീൻപിടുത്ത തുറമുഖം മത്സ്യബന്ധന തൊഴിലാളികൾക്ക് അപകടകരമായി മാറുമെന്നതാണ്. 


അടുത്ത മഴക്കാലമാകുമ്പോൾ പനത്തുറ/പൂന്തുറ മുതൽ വേളി വരെ  നിരവധി വീടുകൾ കടലേറ്റത്തിൽ തകരുമെന്നത് തീർച്ചയാണ്. ഇതിനും പരിഹാരമായി മാതൃഭൂമി പത്രം മാത്രമല്ല നമ്മുടെ ഭരണ കർത്താക്കളും നിർദ്ദേശിക്കുന്നത് കൂടുതൽ കല്ല് പശ്ചിമഘട്ട മലനിരകളിൽ നിന്നും ഇവിടെ കൊണ്ടുവന്നിട്ട് കടൽഭിത്തി നിർമ്മിക്കാനാണ്. കുറച്ചു നാൾ മുമ്പാണ് (20 ഡിസംബർ 2020) യുനെസ്കോയുടെ ഒരു റിപ്പോർട്ടിൽ പശ്ചിമ ഘട്ട മലനിരകളുടെ ദുരവസ്ഥയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഈ മാതൃഭൂമി പത്രം തന്നെ ഒന്നാം പേജിൽ വലിയ വാർത്തയാക്കിയത്. 
 

 

ജനുവരി 4 ലെ ഹിന്ദു പത്രവും ഒപ്പം മാതൃഭൂമിയും ശംഖുമുഖത്തെ അവസ്ഥ ചിത്രങ്ങളിലൂടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ‘ഇങ്ങനെ പോയാൽ’ എന്ന തലക്കെട്ടുള്ള ചിത്രത്തിന്റെ അടിക്കുറിപ്പ് തുടങ്ങുന്നത് ‘കടലേറ്റത്തിൽ ശംഖുമുഖം ബീച്ച് ഇല്ലാതായി’ എന്നാണ്. ശംഖുമുഖം കടപ്പുറത്ത് പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നതായി ഹിന്ദു പത്രവും പറയുന്നു.


കടലിൽ നടത്തുന്ന ഡ്രഡ്ജിംഗ്, ബ്രേക്ക്-വാട്ടർ എന്നീ നിർമ്മാണ പ്രവൃത്തികളും സമീപതീരദേശത്തെ തീരശോഷണവും തമ്മിലുള്ള പരസ്പരബന്ധം ഇന്ന് ശാസ്ത്രലോകം അംഗീകരിച്ചിട്ടുണ്ടെങ്കിലും നമ്മുടെ മുഖ്യധാരാ പത്ര-ദൃശ്യ മാധ്യമങ്ങളും ഭരണാധികാരികളും അത് വെളിപ്പെടുത്താൻ തയ്യാറാകുന്നില്ല. എല്ലാം അദാനിക്ക് വേണ്ടി സഹിച്ചോളൂ എന്നുകൂടി മാത്രമേ ഈ മാധ്യമങ്ങൾ ഇനി പറയേണ്ടതുള്ളൂ. തിരുവനന്തപുരം എയർപോർട്ട് അദാനിക്ക് കൈമാറുന്നതിനെതിരെ വാചകക്കസർത്ത് നടത്തുന്നവർ കോടികൾ സൌജന്യമായി നൽകിയും കടലും ഭൂമിയും വെറുതെ വിട്ടുകൊടുത്തും സീപോർട്ട് അദാനിക്ക് നൽകിയതിനെ വികസനമായി കാണുന്നു എന്നതാണ് വിരോധാഭാസം. 


യഥാർത്ഥത്തിൽ അദാനിയുടെ ഈ സീപോർട്ടാണ് എയർപോർട്ടിനേക്കാൾ കൂടുതൽ സാമ്പത്തികമായും പരിസ്ഥിതിപരമായും കേരളത്തിന് ദോഷം ഉണ്ടാക്കുന്നത്. അതിൽത്തന്നെ ഏറ്റവുമധികം ദുരിതം നേരിടുന്നത് തീരദേശ സമൂഹവുമാണ്.


ജോസഫ് വിജയൻ്റെ ഫേസ്ബുക്ക് പോസ്റ്റിനോട് കടപ്പാട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment