വിഴിഞ്ഞത്തെ നിർമ്മാണത്തോട് പ്രകൃതി പ്രതികരിക്കുന്നു; പുലിമുട്ട് തകർന്ന് വീണു




വിഴിഞ്ഞത്തെ വാണിജ്യ തുറമുഖ നിർമ്മാണം അദാനിയും കേരള സർക്കാരും തമ്മിലുള്ള തർക്കത്തിൽ ആർബിട്രേഷന് വിട്ടിരിക്കുകയാണെങ്കിലും അദാനി കടലിൽ കല്ലിട്ടുള്ള പുലിമുട്ട് നിർമ്മാണം തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ വീണ്ടും ഈ തെറ്റായ നിർമ്മിതിയോട് കടൽ പ്രതികരിച്ചിരിക്കുന്നു. കെട്ടിക്കൊണ്ടിരുന്ന പുലിമുട്ടിന്റെ 60 മീറ്റർ ഭാഗം തിരയടിയിൽ തകർന്നു കടലിൽ വീണതായി ഇന്നലത്തെ (4 മാർച്ച്) മാതൃഭൂമി പത്രം റിപ്പോർട്ട് ചെയ്യുന്നു. 


താരതമ്യേന കടൽ ശാന്തമായ സമയമായിട്ടു പോലും ഇത് സംഭവിച്ചത് അദാനിയുടെ സാങ്കേതിക വിദഗ്ദ്ധരെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടാകാം. ജൂൺ മാസത്തോടെ കടൽ പ്രക്ഷുബ്ധമാകുന്നതിന് മുമ്പ് പരമാവധി പണി പൂർത്തിയാക്കാനുള്ള അവരുടെ ശ്രമത്തിനാണ് തിരിച്ചടി ഉണ്ടായിരിക്കുന്നത്. 


കഴിഞ്ഞ മൂന്നു മാസത്തിലാണ് പുലിമുട്ട് നിർമ്മാണം അദാനി വേഗത്തിൽ നടത്തിക്കൊണ്ടിരുന്നത്. ഇത് മനസ്സിലാക്കാൻ പദ്ധതി പ്രദേശത്തെ ഗൂഗിൾ ചിത്രങ്ങൾ ഉപകരിക്കും.

 


ഇതിനിടെ കിളിമാനൂർ മലനിരകളിൽ നിന്നും ഖനനം ചെയ്ത പാറകൾ മുതലപ്പൊഴി ഫിഷിംഗ് ഹാർബറിൽ അദാനിക്ക് നൽകിയിരിക്കുന്ന പെരുമാതുറ ഭാഗത്തെ വിശാലമായ മണൽപ്പരപ്പിൽ കൊണ്ടുവന്ന് ഇട്ടിരിക്കുന്നത് കടലിലൂടെ ബാർജുകൾ വഴി കൊണ്ടു പൊകുന്നതിനും തടസ്സം ഉണ്ടായിട്ടുണ്ട്. ആ മണൽ നീക്കം ചെയ്യാനുള്ള പണി നടക്കുന്നതിന്റെ വാർത്താചിത്രവും (ദി ന്യൂ ഇൻഡ്യൻ എക്സ്പ്രസ്) കാണുക.


വിഴിഞ്ഞത്തെ പുലിമുട്ട് നിർമ്മാണം നീളുന്നതോടെ, മഴക്കാലമാകുമ്പോൾ വിഴിഞ്ഞം ഫിഷിംഗ് ഹാർബറിന്റെ പ്രവേശന കവാടം മീൻപിടുത്തക്കാർക്ക് കടലിൽ പോയിവരാൻ കഴിയാത്ത വിധം കൂടുതൽ പ്രക്ഷുബ്ധമാകും. അവിടെ വള്ളങ്ങൾ വലിയ അപകടങ്ങളിൽ പെടാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഒപ്പം വലിയതുറ-ശംഖുമുഖം-വേളി തീരത്തെ കടലേറ്റവും അതിരൂക്ഷമാകും. 


തെരഞ്ഞടുപ്പിന്റെ ചൂടിനിടയിൽ തിരുവനന്തപുരത്തെ കടലോര സമൂഹത്തിന് ഉണ്ടാകാൻ പോകുന്ന ഈ ദുരിതങ്ങളെ തിരിച്ചറിയാൻ ഭരണാധികാരികൾക്കും രാഷ്ട്രീയ കക്ഷി നേതാക്കൾ ആർക്കും താൽപ്പര്യം കാണില്ലായിരിക്കും. പക്ഷേ വരാനിരിക്കുന്ന വിപത്തിനെ തിരിച്ചറിയാൻ കടലോര സമൂഹമെങ്കിലും ശ്രമിക്കണം.


കടപ്പാട്: ജോസഫ് വിജയൻ ഫേസ്ബുക് പോസ്റ്റ്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment